| Tuesday, 9th September 2025, 7:19 am

ഗില്ലിന് പിന്നാലെ സിറാജും; ഇത്തവണയും ഐ.സി.സി അവാര്‍ഡ് ഇന്ത്യയിലെത്തുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയുടെ ഓഗസ്റ്റ് മാസത്തെ താരമാകാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സിറാജും. കഴിഞ്ഞ ദിവസം ഐ.സി.സി പുറത്ത് വിട്ട മൂന്ന് പേരുടെ ചുരുക്ക പട്ടികയിലാണ് താരവും ഇടം പിടിച്ചത്. സിറാജിനോപ്പം ന്യൂസിലാന്‍ഡ് താരം മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസ് താരം ജെയ്ഡന്‍ സീല്‍സ് എന്നിവരും പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ് സിറാജിനെ അവസാന മൂന്നിലെത്തിച്ചത്. പരമ്പരയിലെ ഒരു മത്സരം മാത്രമാണ് ഓഗസ്റ്റില്‍ നടന്നതെങ്കിലും അതില്‍ ഇന്ത്യ വിജയിച്ചിരുന്നു. സിറാജിന്റെ മികവിലായിരുന്നു ഇന്ത്യ ഓവല്‍ ടെസ്റ്റില്‍ വിജയവും പരമ്പരയിലെ സമനിലയും നേടിയെടുത്തത്.

സിറാജ് ഓവലിലെ ജീവന്മരണ പോരാട്ടത്തില്‍ ഇന്ത്യന്‍ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു. മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളായിരുന്നു താരം നേടിയത്. 21.11 ശരാശരിയില്‍ പന്തെറിഞ്ഞായിരുന്നു ഇന്ത്യന്‍ പേസറുടെ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ 5.27 എക്കോണമിയില്‍ പന്തെറിഞ്ഞ് 86 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തിരുന്നു.

പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. വെറും 3.45 എക്കോണമിയിലാരുന്നു സിറാജ് പന്തെറിഞ്ഞത്. മത്സരത്തില്‍ അവസാന ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പത്താം വിക്കറ്റും പിഴുതെറിഞ്ഞ് താരമാണ് ഇന്ത്യയ്ക്ക് വിജയവും വിജയത്തോളം പോന്ന പരമ്പര സമനിലയും സമ്മാനിച്ചത്.

സിംബാബ്‌വെക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് മാറ്റ് ഹെന്റിയെ അവസാന മൂന്നില്‍ ഒരാളാക്കി മാറ്റിയത്. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ഹെന്റി 16 വിക്കറ്റുകള്‍ നേടിയിരുന്നു. 9.12 ആയിരുന്നു താരത്തിന്റെ ശരാശരി.

പരമ്പരയിലെ ഒന്നാം ഇന്നിങ്‌സില്‍ ഹെന്റി 90 റണ്‍സ് വിട്ട് നല്‍കി ഒമ്പത് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. അതില്‍ കളിയിലെ താരമാവുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റാണ് ഹെന്റി പിഴുത്തത്. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ന്യൂസിലാന്‍ഡിനെ വിജയിപ്പിക്കുന്നതിന് ഈ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു.

അതേസമയം, പാകിസ്ഥാനെതിരെയായ ഏകദിന പരമ്പരയിലെ വെസ്റ്റ് ഇന്‍ഡീസിന്റെ ചരിത്ര വിജയത്തിലെ പ്രകടനമാണ് ജെയ്ഡന്‍ സീല്‍സിന് ചുരുക്ക പട്ടികയില്‍ ഇടം നല്‍കിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി താരം പത്ത് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമായിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റും മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റുകളും നേടിയാണ് താരം മികവ് പുലര്‍ത്തിയത്.

Content Highlight: Muhammed Siraj shortlisted for ICC Player of Month for August 2025

We use cookies to give you the best possible experience. Learn more