| Saturday, 16th May 2026, 3:13 pm

'ഡബിള്‍ സെഞ്ച്വറി' കണ്മുന്നില്‍; ചരിത്രനേട്ടത്തിന്റെ തൊട്ടരികില്‍ ഡി.എസ്.പി സിറാജ്

Sudev A

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുന്നത്. കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് വിജയിക്കാന്‍ സാധിച്ചാല്‍ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാനാവും.

നിലവില്‍ എട്ട് വിജയവുമായി 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഇന്ന് ജയിക്കാനായാല്‍ ഒരു മത്സരം ബാക്കിനില്‍ക്കെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാന്‍ ഗുജറാത്തിന് സാധിക്കും.

മറുഭാഗത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച കൊല്‍ക്കത്ത ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും ഗുജറാത്തിനെതിരെ കളത്തിലിറങ്ങുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് അജിന്‍ക്യ രഹാനെയും സംഘവും.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ ഗുജറാത്ത് പേസര്‍ മുഹമ്മദ് സിറാജിന് ഒരു പുത്തന്‍ നാഴികക്കല്ല് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ടി-20യില്‍ 200 വിക്കറ്റുകളെന്ന നേട്ടത്തിലേക്കാണ് സിറാജ് കണ്ണുവെക്കുന്നത്. ഈ നേട്ടത്തിനായി സിറാജിന് ഒരു വിക്കറ്റ് മാത്രമാണ് വേണ്ടത്.

കുട്ടി ക്രിക്കറ്റില്‍ ഇതുവരെ 173 മത്സരങ്ങളില്‍ നിന്നും 199 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയിട്ടുള്ളത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, ഇന്ത്യ എന്നീ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സിറാജ് ഇത്രയധികം വിക്കറ്റുകള്‍ നേടിയത്.

ഈ സീസണിലും സിറാജ് ഗുജറാത്ത് ബൗളിങ് നിരയില്‍ മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 12 മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 12ാം സ്ഥാനത്താണ് നിലവില്‍ സിറാജ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുളള കഴിഞ്ഞ മത്സരത്തില്‍ മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. താരത്തിന്റെ ഈ മിന്നും പ്രകടനം കൊല്‍ക്കത്തക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഹൈദരാബാദിനെതിരെ 82 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഗില്ലും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് വെറും 86 റണ്‍സിന് പുറത്താവുകയായിരുന്നു.

Content Highlight: Muhammed Siraj Need one wicket to create a new milestone  in T20

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more