| Friday, 7th August 2026, 11:03 am

എപ്പോഴും പിന്തുണക്കും, എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ അദ്ദേഹമാണ്: ഷമി

സുദേവ് എ

കളിക്കളത്തില്‍ ഏത് ക്യാപ്റ്റന്റെ കീഴില്‍ കളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. എം,എസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയ മികച്ച ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ ഷമി കളിച്ചിട്ടുണ്ടെങ്കിലും വിരാട് കോഹ്‌ലിയെയാണ് ഷമി പ്രിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

കളിക്കളത്തില്‍ തന്റെ പ്ലാനുകള്‍ നടപ്പിലാക്കാന്‍ വിരാട് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാറുണ്ടെന്നും വിരാടിന്റെ കീഴില്‍ കളിക്കുന്നത് താന്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്നുമാണ് ഷമി പറഞ്ഞത്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷമി.

‘എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. അദ്ദേഹത്തിന്റെ കീഴില്‍ കളിക്കുന്നതാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. കോഹ്‌ലിയുമായുള്ള ബന്ധം വളരെ മികച്ചതാണ്. എന്റെ സഹോദരനെ പോലെയാണ് അദ്ദേഹം. വിരാടിന്റെ കീഴില്‍ കളിക്കുമ്പോള്‍ എന്റെ പ്ലാനുകള്‍ നടപ്പാക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാറുണ്ട്. എന്നെ എപ്പോഴും അദ്ദേഹം പിന്തുണക്കും,’ ഷമി പറഞ്ഞു.

അതേസമയം സമീപകാലങ്ങളില്‍ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി സെലക്ടര്‍മാരുടെ അവഗണനയാണ് നേരിടുന്നത്. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മിന്നും പ്രകടനങ്ങള്‍ നടത്തിയ ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഏഴ് മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായായിരുന്നു ഷമി ഫിനിഷ് ചെയ്തിരുന്നത്.

ഫെബ്രുവരിയില്‍ നടന്ന രഞ്ജി സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ നേടി ഷമി തിളങ്ങിയിരുന്നു. ഐ.പി.എല്ലില്‍ ഈ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളും ഷമി നേടിയിട്ടുണ്ട്.

2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനത്തില്‍ പന്തെറിഞ്ഞത്. 2023ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അവസാന റെഡ് ബോള്‍ മത്സരം. 2025ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ അവസാന ടി-20 മത്സരം.

Content Highlight: Muhammed Shami talks Virat Kohli his favorite captain

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more