| Monday, 25th May 2026, 10:18 am

ആന്‍ഫീല്‍ഡില്‍ ഇനി ഈജിപ്ഷ്യന്‍ മാന്ത്രികനില്ല; ചരിത്ര നേട്ടവുമായി സല പടിയിറങ്ങി

സുദേവ് എ

ലിവര്‍പൂളിനൊപ്പമുള്ള ഐതിഹാസിക യാത്ര അവസാനിപ്പിച്ച് ഈജിപ്ഷ്യന്‍ ഇതിഹാസം മുഹമ്മദ് സല ആന്‍ഫീല്‍ഡില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിലെ ഈ സീസണിലെ അവസാന മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ട്ടിനെതിരെയാണ് സല അവസാനമായി കളത്തിലിറങ്ങിയത്.

ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. ലിവര്‍പൂളിനായി കര്‍ട്ടിസ് ജോണ്‍ ഗോള്‍ നേടിയപ്പോള്‍ കെവിന്‍ ഷാഡിലൂടെ ബ്രെന്റഫോര്‍ട്ട് സമനില പിടിച്ചു.

അവസാന മത്സരത്തിലും ലിവര്‍പൂളിനായി തിളങ്ങാന്‍ സലക്ക് സാധിച്ചു. മത്സരത്തില്‍ ടീമിനായി ഒരു നിര്‍ണായകമായ അസിസ്റ്റ് നല്‍കിയാണ് സല അവസാന മത്സരം അവിസ്മരണീയമാക്കിയത്.

രണ്ടാം പകുതിയില്‍ കര്‍ട്ടിസ് ജോണ്‍സിന് ഗോളടിക്കാന്‍ വഴിയൊരുക്കിയാണ് ഈജിപ്ഷ്യന്‍ താരം തിളങ്ങിയത്. ഈ അസിസ്റ്റിന് പിന്നാലെ ഒരു പുത്തന്‍ നാഴികക്കല്ലും സ്വന്തമാക്കിയാണ് സല മടങ്ങിയത്.

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമായാണ് സല മാറിയത്. 93 അസിസ്റ്റുകള്‍ ലിവര്‍പൂളിനോപ്പം സ്വന്തമാക്കിയാണ് സല ആന്‍ഫീല്‍ഫ് വിടുന്നത്. 92 അസിസ്റ്റുകള്‍ ടീമിനായി സംഭാവന ചെയ്ത ഇംഗ്ലണ്ട് ഇതിഹാസം സ്റ്റീവ് ജെറാര്‍ഡിനെ മറികടന്നാണ് സല ഒന്നാമനായത്.

ഒമ്പത് വര്‍ഷം നീണ്ട അവിസ്മരണീയമായ അദ്ധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സല ലിവര്‍പൂള്‍ വിടുന്നത്. താരത്തിന് ക്ലബ്ബുമായി ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെങ്കിലും നേരത്തെ ക്ലബ്ബ് വിടുകയാണെന്ന് സല പ്രഖ്യാപിക്കുകയായിരുന്നു.

2017ല്‍ എ.എസ് റോമയില്‍ നിന്നുമാണ് സല ആന്‍ഫീല്‍ഡില്‍ എത്തുന്നത്. ലിവര്‍പൂളിന് വേണ്ടി 441 മത്സരങ്ങളില്‍ നിന്ന് 257 ഗോളുകള്‍ സലയ്ക്ക് നേടാന്‍ സാധിച്ചു. 33കാരനായ ഈജിപ്ഷ്യന്‍ താരം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ഗോള്‍ വേട്ടക്കാരനും കൂടിയാണ്.

2019-20 സീസണിലും 2024-25 സീസണിലും ലിവര്‍പൂളിനെ കിരീടത്തിലെത്തിക്കുന്നതില്‍ സല വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പ്രിമീയര്‍ ലീഗിന് പുറമെ യുവേഫ ചാമ്പ്യന്‍സ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, എഫ്.എ കപ്പ്, എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ് തുടങ്ങി ഒരുപിടി കിരീടനേട്ടങ്ങളിലും സല പങ്കാളിയായിട്ടുണ്ട്.

തന്റെ അവസാന ഘട്ടങ്ങളില്‍ ലിവര്‍പൂളുമായി ചില തകര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്ന് സല മുമ്പ് തുറന്നു പറഞ്ഞിരുന്നു. പ്ലെയിങ് ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളായിരുന്നു സല വ്യക്തമാക്കിയിരുന്നത്. സല ഇനി സൗദി പ്രൊ ലീഗിലേക്ക് കൂടുമാറുമെന്നാണ് സൂചന.

സലയെ ടീമിലെത്തിക്കാനായി സൗദിയില്‍ നിന്നും ഒരുപാട് ക്ലബ്ബുകളാണ് രംഗത്തുള്ളത്. അല്‍ ഇത്തിഹാദ്, അല്‍ ഹിലാല്‍, അല്‍ അഹ്ലി, അല്‍ ഖാദ്‌സിയ തുടങ്ങിയ ടീമുകളാണ് ലിവര്‍പൂള്‍ ഇതിഹാസത്തിന് പുറകിലുള്ളത്. എന്നാല്‍ ലിവര്‍പൂള്‍ വിടുകയാണെങ്കില്‍ തന്റെ അടുത്ത ക്ലബ്ബ് ഏതായിരിക്കുമെന്ന് സല ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Content Highlight: Muhammed Salah leave Liverpool and create a historical record

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more