| Tuesday, 19th May 2026, 1:57 pm

വന്ദേമാതരം പൂര്‍ണരൂപം ആലപിക്കല്‍: യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാട് തേടി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വന്ദേമാതരത്തിന്റെ എല്ലാ ഈരടികളും സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിച്ചതില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാട് എന്തെന്ന് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ പി.എ മുഹമ്മദ് റിയാസ്. എന്താണ് ഈ വിഷയത്തില്‍ കെ.പി.സി.സി നിലപാട്? എന്താണ് ഘടകകക്ഷികളുടെ നിലപാട്? ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീഗിന്റെയും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെയും നിലപാട് എന്താണ്? സി.എം.പിയുടെയും ആര്‍.എസ്.പിയുടെയും നിലപാട് എന്താണെന്നും റിയാസ് ചോദിച്ചു.

സംഘപരിവാര്‍ അജണ്ട ഈ നീക്കത്തിന് പിന്നിലുണ്ട്. വന്ദേമാതരം പൂര്‍ണമായി ആലപിക്കണം എന്നത് സംഘപരിവാര്‍ അജണ്ടയാണ്. ആദ്യത്തെ രണ്ട് ഈരടികളില്‍ ആര്‍ക്കും എതിര്‍പ്പില്ല. ദേശീയ ഗാനത്തെയോ ദേശീയ ഗീതത്തെയോ ബഹുമാനിക്കാത്ത പ്രശ്‌നമില്ല. നമ്മളെല്ലാവരും ബഹുമാനിക്കുകയാണ്. എന്നാല്‍ ഇവിടെ പ്രശ്‌നം രാഷ്ട്രീയ പ്രശ്‌നമാണ്. രാജ്യത്തിന്റെ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന സെക്കുലറിസത്തെ ബാധിക്കുന്ന വിഷയമാണ്. എല്ലാവരും ഇതില്‍ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.

അവിടെ പാടിയത് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. നമ്മുടെ രാജ്യത്തെ ഭരണഘടനാ സെക്കുലറിസത്തെ ചോദ്യം ചെയ്യുന്ന പ്രശ്‌നമാണിത്. ഇതില്‍ നേരത്തെ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

ഈ വിഷയത്തില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാട് മത നിരപേക്ഷ കേരളത്തിന് അറിയാന്‍ താത്പര്യമുള്ള കാര്യമാണ്. എല്ലാവരെയും അംഗീകരിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാടാണ നമ്മള്‍ പൊതുവെ സ്വീകരിക്കേണ്ടത്. രാജ്യം സ്വീകരിച്ചത് അതാണ്. എല്ലാ മതങ്ങളും മത വിശ്വാസികളും ആഗ്രഹിക്കുന്നതും മറ്റ് മതവിഭാഗങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത് മുന്നോട്ട് പോകണം എന്നാണ്. യഥാര്‍ത്ഥ മത വിശ്വാസികള്‍ അതാണ് ആഗ്രഹിക്കുന്നതെന്നും റിയാസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ സ്ഥാനമേറ്റപ്പോഴും ഈ വിഷയം ചര്‍ച്ചയായിരുന്നു. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഈകാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് പറയാനുള്ളത്. മറ്റ് പല കാര്യങ്ങളിലും രാജ് ഭവനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ തിരുത്തപ്പെട്ടു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഇതിലും ഒരു നിലപാട് സ്വീകരിക്കേണ്ടതായിരുന്നു എന്നും ബേപ്പൂര്‍ എം.എല്‍.എ വ്യക്തമാക്കി.

ഒരു പുതിയ സര്‍ക്കാര്‍ വന്ന ഉടനെ ഈ ഒരു പ്രശ്‌നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അത് അഡ്രസ് ചെയ്യാതെ പോകാനാവില്ല എന്ന് കരുതി. ഒരു സര്‍ക്കാര്‍ വന്ന ഉടനെ അവരെ എതിര്‍ക്കുകയല്ല. സര്‍ക്കാരിന് എല്ലാ ആശംസകളും നേരുകയാണ്. ഈ വിഷയം നവമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകേണ്ട പ്രശ്‌നമാണെന്നും മുന്‍ മന്ത്രി വ്യക്തമാക്കി.

ബി.ജെ.പി. സംസ്ഥാന മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍ ഈ ഒരു വിഷയത്തെ രാഷ്ട്രീയ വിഷയമെന്നതില്‍ നിന്ന് മാറ്റി ഒരു മത പ്രശ്‌നമാക്കി കാണിക്കാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്. തങ്ങള്‍ ഏത് വര്‍ഗീയതയെയും എതിര്‍ക്കുന്നുവെന്നും റിയാസ് പറഞ്ഞു.

ഇവിടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെയും രാജ് ഭവന്റെയും മറ്റ് നീക്കങ്ങള്‍ തടഞ്ഞെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വേദിയില്‍ ആളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമായിരുന്നു മാറ്റിയതെന്നാണ് വിവരം. വേദിയില്‍ ഇരുന്ന ആരെങ്കിലും സദസ്സിലിരിക്കേണ്ടി വരുന്നതിലും വലിയ വിഷയമാണ് ഇതെന്നും വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെക്കുറിച്ച് റിയാസ് പറഞ്ഞു.

Content Highlight: Muhammed Riyas on  Singing Vandemataram Full Version: Questions to UDF Member Parties

Latest Stories

We use cookies to give you the best possible experience. Learn more