| Wednesday, 16th September 2026, 3:29 pm

തോൽവിയിലും ചരിത്രം പിറന്നു; ആരുമെത്താത്ത കൊടുമുടി കയറി അഫ്‌ഗാൻ സിംഹം

സുദേവ് എ

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര ഇന്ത്യ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ രണ്ടാം ടി20യിൽ ഏഴ് വിക്കറ്റുകൾക്ക് അഫ്ഗാനെ തകർത്താണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും പരമ്പര വിജയം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്രനേട്ടമാണ് അഫ്ഗാന്റെ വെറ്ററൻ താരം മുഹമ്മദ് നബി സ്വന്തമാക്കിയത്. മത്സരത്തിൽ 14 പന്തുകളിൽ നിന്നും 20 റൺസ് നേടിയതോടെ ഇന്റർനാഷണൽ ടി-20യിൽ അഫ്ഗാന് വേണ്ടി 2500 റൺസ് നേടുന്ന ആദ്യ താരമായി നബി മാറി.

അഫ്ഗാന് വേണ്ടി 2010ൽ അരങ്ങേറ്റം കുറിച്ച നബി 154 മത്സരങ്ങളിൽ നിന്നും 2501 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. ഏഴ് അർധ സെഞ്ച്വറികൾ 41കാരന്റെ അക്കൗണ്ടിലുണ്ട്.

ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഫ്‌ഗാൻ താരങ്ങൾ, റൺസ്

മുഹമ്മദ് നബി-2501

റഹ്മാനുള്ള ഗുർബാസ്-2280

മുഹമ്മദ് ഷഹ്സാദ്-2048

ഇബ്രാഹിം സദ്രാൻ-1913

നജീബുള്ള സദ്രാൻ-1830

അതേസമയം മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പർതാരം സഞ്ജു സാംസണാണ്. 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്.

സഞ്ജുവിന് പുറമെ അഭിഷേക് ശർമ 19 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 39 റൺസ് നേടിയാണ് മടങ്ങിയത്. ഇഷാൻ കിഷൻ 23 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 38 റൺസും നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റൻ അയ്യർ 11 റൺസിന് പുറത്തായപ്പോൾ തിലക് 15 റൺസ് നേടി.

സെപ്റ്റംബർ 17നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. മൂന്നാം ടി20യും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് ആശ്വാസവിജയം നേടി മടങ്ങാനാവും അഫ്ഗാൻ ഇറങ്ങുക.

Content Highlight: Muhammed Nabi create a new record in International cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more