| Saturday, 2nd May 2026, 5:15 pm

മത്സരങ്ങള്‍ വിജയിക്കാന്‍ അവന്റെ പ്രകടനങ്ങളെ ചെന്നൈ വളരെയധികം ആശ്രയിക്കുന്നു: കൈഫ്

Sudev A

2026 ഐ.പി.എല്ലില്‍ വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുകയാണ്. ഇന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വീണ്ടുമെത്തുന്നത്. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കാണ് മത്സരത്തിന് വേദിയാവുന്നത്. ആദ്യ എല്‍ ക്ലാസിക്കോയിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും ചെന്നൈ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുക. മറുവശത്ത് വാംഖഡെയില്‍ പരാജയപ്പെട്ടതിന് പകരം വീട്ടുക എന്നതാവും മുംബൈയുടെ ലക്ഷ്യം.

ഇപ്പോള്‍ ഈ ത്രില്ലര്‍ പോരാട്ടത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ മത്സരത്തില്‍ ചെന്നൈയെക്കാള്‍ ശക്തര്‍ മുംബൈ ഇന്ത്യന്‍സാണെന്നാണ് കൈഫ് അഭിപ്രായപ്പെടുന്നത്. മുംബൈ ഫോമിലെത്തിയാല്‍ അവരെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കൈഫ് പറഞ്ഞു. ചെന്നൈ സഞ്ജുവിന്റെ പ്രകടനങ്ങളെ വളരെയധികം ആശ്രയിക്കുന്നുവെന്നും കൈഫ് വ്യക്തമാക്കി. ജിയോ സ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘കടലാസില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനേക്കാള്‍ ശക്തരാണെന്ന് തോന്നുന്നു. കാരണം അവര്‍ക്ക് ഒരുപാട് മാച്ച് വിന്നര്‍മാരും പരിചയ സമ്പന്നരായ താരങ്ങളുമുണ്ട്. എന്നാല്‍ സമീപകാലങ്ങളില്‍ ഒരുപാട് മത്സരങ്ങള്‍ വിജയിക്കാത്തതിനാല്‍ അവര്‍ക്കെതിരെ ധാരാളം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ മികച്ച ഫോമിലായാല്‍ ആര്‍ക്കും അവരെ തടയാനാവില്ല. മറുഭാഗത്ത് ചെന്നൈയില്‍ സഞ്ജു സാംസണ്‍ ആണ് മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. മത്സരങ്ങള്‍ വിജയിക്കാന്‍ സഞ്ജുവിന്റെ പ്രകടനത്തെ ചെന്നൈ വളരെയധികം ആശ്രയിക്കുന്നു. അതുകൊണ്ടാണ് മുംബൈ ഈ നിര്‍ണായക മത്സരത്തില്‍ വലിയ മേല്‍കൈയോടെ ഇറങ്ങുന്നത്’, മുഹമ്മദ് കൈഫ് പറഞ്ഞു.

ഈ സീസണില്‍ ചെന്നൈക്ക് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ സഞ്ജു രണ്ട് സെഞ്ച്വറികള്‍ സി.എസ്.കെക്ക് വേണ്ടി നേടിയിട്ടുണ്ട്. ഇതില്‍ രണ്ടാം സെഞ്ച്വറി മുംബൈക്കെതിരെയാണ് സഞ്ജു നേടിയിരുന്നത്.

ആദ്യ ഓവറില്‍ ക്രീസിലെത്തിയ സഞ്ജു അവസാനം വരെ ക്രീസില്‍ നിലയുറപ്പിച്ചാണ് മുംബൈക്കെതിരെ സെഞ്ച്വറി നേടിയത്. അവസാന പന്തില്‍ ഫോറടിച്ചാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 54 പന്തുകള്‍ നേരിട്ട മലയാളി തരാം 101 റണ്‍സ് നേടിയാണ് തിളങ്ങിയത്. 187.64 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം ആറ് സിക്സുകളും പത്ത് ഫോറുകളുമാണ് അതിര്‍ത്തി കടത്തിയത്.

ചരിത്രത്തില്‍ മുംബൈക്കെത്തിയ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ താരമാണ് സഞ്ജു. ഇതിന് മുമ്പ് ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് നേടിയ 88* ആയിരുന്നു മുംബൈക്കെതിരെയുള്ള ഒരു ചെന്നൈ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതായിരുന്നു സഞ്ജു പഴങ്കഥയാക്കിയത്.

ഇതുവരെ ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ നിന്ന് 304 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 50.67 ശരാശരിയിലും 169.83 സ്ട്രൈക്ക് റേറ്റിലുമാണ് ഈ സീസണില്‍ മലയാളി താരം ബാറ്റ് വീശിയത്. സഞ്ജുവിന്റെ ഈ മിന്നും ഫോം രണ്ടാം എല്‍ ക്ലാസിക്കോയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Muhammed Kaif Talks About Sanju Samson Impact in Chennai Super Kings

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more