വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ശേഷം വെറ്ററൻ പേസർ മുഹമ്മദ് ഷാമിയെക്കുറിച്ച് വലിയ വിമർശനം ഉയർത്തി ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. പരമ്പര 2-1ന് ഇന്ത്യ ജയിച്ചെങ്കിലും ബൗളിങ്ങിൽ നല്ലരീതിയിൽ ബുദ്ധിമുട്ടിയിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ഇത് കൂടുതലായി പ്രതിഫലിച്ചിരുന്നത്.
ഫോമും ഫിറ്റ്‌നസും സംബന്ധിച്ച് വിമർശനങ്ങൾ നേരിട്ടിട്ടും മികച്ച പ്രകടനത്തിലൂടെ അത് തെറ്റാണെന്ന് തെളിയിച്ച താരങ്ങളാണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും. ഇവരെ പോലെ ആവശ്യത്തിന് പിന്തുണ നൽകിയിരുന്നെങ്കിൽ മുഹമ്മദ് ഷമിക്കും ശക്തമായി ടീമിലേക്ക് തിരിച്ചുവരാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ, ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഷമിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരു ഫാസ്റ്റ് ബൗളർ കൂടി ഉണ്ടായിരുന്നെങ്കിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ബൗളിങ്ങിനെക്കുറിച്ച് ഇത്രയധികം ആശങ്കപ്പെടേണ്ടി വരുമായിരുന്നില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മുൻ താരം.
മുഹമ്മദ് ഷമി
നിങ്ങളുടെ പ്ലാനിങ് തെറ്റാണെന്ന് രോഹിതും വിരാടും തെളിയിച്ച് തന്നു. അവർക്ക് നേരെ നിങ്ങൾ ഉയർത്തിയ സംശയങ്ങൾക്കുള്ള മറുപടി അവർ മികച്ച പ്രകടനത്തിലൂടെ നൽകിക്കഴിഞ്ഞു. ടീം മാനേജ്‌മെന്റ് പിന്തുണച്ചിരുന്നെങ്കിൽ മുഹമ്മദ് ഷമിയും ഇതേപോലെ തന്നെ മികച്ച തിരിച്ചുവരവ് നടത്തുമായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്.
കാരണം അദ്ദേഹം അത്രയും മികച്ചൊരു ബൗളറാണ്. ഷമി ഇപ്പോൾ ടീമിലുണ്ടായിരുന്നെങ്കിൽ ക്യാപ്റ്റൻ ഗില്ലിന് ഇത്രയും തലവേദന അനുഭവപ്പെടുകയോ, ബുംറയ്‌ക്ക് കൂട്ടായി ആരെ ഇറക്കണമെന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ടി വരികയോ ഇല്ലായിരുന്നു,’ കൈഫ് വ്യക്തമാക്കി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ അവസാന മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് അവസാന മത്സരത്തിൽ വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പി.സി.ബി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അരങ്ങേറ്റ ബൗളർമാർ കൂറ്റൻ റൺസുകൾ വിട്ടുകൊടുത്തതും പരിചയസമ്പന്നരുടെ അഭാവവും നിറഞ്ഞ ബൗളിങ് നിരയിലെ പോരായ്മകൾ വിജയത്തിലേക്കുള്ള ദൂരം വർധിപ്പിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ചതുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഇനി കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കാണ്. പോരായ്മകൾ തിരുത്തി ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് മെൻ ഇൻ ബ്ലൂ.
Content Highlights; Muhammed Kaif talks about Muhammad Shami