| Wednesday, 28th January 2026, 10:55 am

സഞ്ജു കഴിവ് തെളിയിച്ച താരം, ഇപ്പോൾ അവന് വേണ്ടത് സൂര്യക്ക് ലഭിച്ചതുപോലുള്ള പിന്തുണ: കൈഫ്

ഫസീഹ പി.സി.

സഞ്ജു സാംസൺ തെളിയിക്കപ്പെട്ട താരമാണെന്നും താരത്തിനിപ്പോൾ വേണ്ടത് ടീമിന്റെ പിന്തുണയുമാണെന്നും മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അവൻ മൂന്ന് സെഞ്ച്വറികൾ നേടി റൺസ് അടിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമില്ലാത്തപ്പോൾ താരത്തെ ടീം പിന്തുണച്ച പോലെ അവസരങ്ങൾ നൽകിയാൽ സഞ്ജുവും ഫോമിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കൈഫ്.

Photo: Cricktracker/x.com

‘സഞ്ജു സാംസൺ സ്കോർ ചെയ്യുന്നില്ലെന്നും അവനെ മാറ്റണമെന്നും ചർച്ചകൾ ടീം ക്യാമ്പിൽ നടക്കുന്നുണ്ടാവാം. പക്ഷേ, ഈ പ്രതിസന്ധി ഘട്ടത്തിൽ നിങ്ങൾ ഉറച്ച് നിൽക്കണം. അവൻ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അവനൊരു തെളിയിക്കപ്പെട്ട താരമാണ്.

സൂര്യകുമാർ യാദവിനെ നോക്കൂ. ഫോമില്ലാത്തപ്പോളും ക്യാപ്റ്റന് തന്റെ കളിയിൽ ആത്മവിശ്വാസമുണ്ടായിരുന്നു. തനിക്ക് ഫോമല്ല, റൺസാണ് ഇല്ലാത്തതെന്നാണ് സൂര്യ എപ്പോഴും പറഞ്ഞിരുന്നത്. മികച്ച ഒന്നോ രണ്ടോ ഇന്നിങ്‌സ് കൊണ്ട് തനിക്ക് ട്രാക്കിലെത്താൻ തനിക്ക് സാധിക്കുമെന്ന് അവനറിയാമായിരുന്നു.

ആ വിശ്വാസവും ടീം നൽകിയ പിന്തുണയുമാണ് സൂര്യയെ ലോക ഒന്നാം നമ്പർ താരമാക്കിയത്. ടീം അവന് തുടർച്ചയായ അവസരങ്ങൾ നൽകി. അതോടെ അവൻ തന്റെ താളം കണ്ടെത്തി തിരിച്ചുവന്നു. അത് തന്നെ സഞ്ജുവിന്റെ കാര്യത്തിലും സംഭവിക്കും,’ കൈഫ് പറഞ്ഞു.

Photo: Team Samson/x.com

കിവീസിന് എതിരെയുള്ള പരമ്പരയിലൂടെ ഓപ്പണിങ്ങിലേക്ക് തിരികെയെത്തിയ സഞ്ജുവിന് ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല. 10, 6, 0 എന്നിങ്ങനെയാണ് ആദ്യ മത്സരത്തിൽ താരം സ്കോർ ചെയ്തത്. ലോകകപ്പ് കൺ മുന്നിൽ നിൽക്കെ താരം തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാൻ കിഷന്റെ ഫോമും സഞ്ജുവിന്റെ എതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായി. തിലക് പരിക്ക് മാറി തിരിച്ചെത്തുന്നതോടെ മലയാളി താരത്തിന് പുറത്ത് പോകേണ്ടി വരുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് കൈഫ് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.

Content Highlight: Muhammed Kaif says that Sanju Samson is proven player and he needs support like SuryaKumar Yadav got

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more