| Wednesday, 18th March 2026, 4:15 pm

സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നത് പോലൊരു മണ്ടത്തരം ചെന്നൈ ചെയ്യുമെന്ന് തോന്നുന്നില്ല: മുന്‍ ഇന്ത്യന്‍ താരം

ഫസീഹ പി.സി.

മലയാളി താരം സഞ്ജു സാംസണിന് ഉടനെത്തന്നെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്ന മണ്ടത്തരം ചെന്നൈ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യന്‍ ഇതിഹാസം മുഹമ്മദ് കൈഫ്. സഞ്ജു ഇപ്പോള്‍ ടീമില്‍ ചേര്‍ന്നിട്ടുളൂവെന്നും അതിനാല്‍ ഋതുരാജ് ഗെയ്ക്വാദിനെ തന്നെ ക്യാപ്റ്റനായി പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജോലികളും നല്‍കി സഞ്ജുവിനെ സമ്മര്‍ദത്തിലാക്കാതെ പതിയെ ക്യാപ്റ്റനായി വളര്‍ത്തി കൊണ്ടുവരിക എന്നതാവണം ദീര്‍ഘകാല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്. Photo: Crictracker

‘സഞ്ജു സാംസണെ ഉടനെ തന്നെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുക മണ്ടത്തരം സി.എസ്.കെ ചെയ്യുമെന്ന് തോന്നുന്നില്ല. അവന്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമായിട്ടുള്ളൂ. അതിനാല്‍ ബാറ്റിങ്, വിക്കറ്റ് കീപ്പിങ്, ക്യാപ്റ്റന്‍സി എന്നിവ ഒരേസമയം അവനെ അടിച്ചേല്‍പ്പിക്കാനാവില്ല.

ഇപ്പോള്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാനിടയില്ല. ഋതുരാജ് ഗെയ്ക്വാദിനെ തന്നെ ചെന്നൈ ക്യാപ്റ്റനായി പിന്തുണക്കും. ഇപ്പോള്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നത് തെറ്റായ തീരുമാനമാണ്. ചെന്നൈയുടെ സംസ്‌ക്കാരവും ആരാധകരുടെ പ്രതീക്ഷകളും താത്പര്യങ്ങളും മനസിലാക്കാന്‍ അവന് സമയം വേണം. അതിനാല്‍ തന്നെ അവനെ പതിയെ ക്യാപ്റ്റനായി വളര്‍ത്തി കൊണ്ടുവരികയും ധോണിയുടെ റോളില്‍ എത്തിക്കുകയുമാണ് വേണ്ടത്. അതായിരിക്കണം ദീര്‍ഘകാല ലക്ഷ്യം,’ കൈഫ് പറഞ്ഞു.

സഞ്ജു സാംസൺ. Photo: Chennai Super Kings/x.com

ഐ.പി.എല്‍ 2026 സീസണിന് മുന്നോടിയായാണ് സഞ്ജുവിനെ ചെന്നൈയിലെത്തിച്ചത്. രവീന്ദ്ര ജഡേജയും സാം കറനെയും വിട്ടുനല്‍കിയായിരുന്നു ചെന്നൈയുടെ ഈ നീക്കം. പിന്നാലെ, ധോണിയുടെ പിന്‍ഗാമിയെന്ന നിലയിലാണ് ചെന്നൈ താരത്തെ ടീമിലെത്തിച്ചത് എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.

അതേസമയം, പുതിയ സീസണില്‍ സി.എസ്.കെയുടെ ആദ്യ മത്സരം മാര്‍ച്ച് 30നാണ്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ആര്‍.ആറിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയാണ് വേദി.

Content Highlight: Muhammed Kaif says that CSK will not make the mistake of giving Sanju Samson the captaincy right now

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more