| Wednesday, 3rd September 2025, 7:32 am

സൂപ്പര്‍താരത്തിന് സഞ്ജുവിനേക്കാള്‍ മികച്ചൊരു എതിരാളിയില്ല: മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യ കപ്പില്‍ സഞ്ജു സാംസണിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം സഞ്ജുവാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

‘ഐ.പി.എല്ലിലെ പത്ത് മികച്ച സിക്‌സ് ഹിറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു. അതുകൊണ്ടാണ് റാഷിദ് ഖാന്‍ മധ്യ ഓവറുകളില്‍ പന്തെറിയാന്‍ എത്തുമ്പോള്‍ അദ്ദേഹത്തിനെതിരെ സഞ്ജുവിനേക്കാള്‍ മികച്ച ഒരു താരമില്ലെന്ന് ഞാന്‍ കരുതുന്നത്. അവന് സികസറുകള്‍ അടിക്കാന്‍ കഴിയും.

ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സൗത്ത് ആഫ്രിക്ക പോലുള്ള സ്ഥലത്ത് ഓപ്പണറായി അവന് രണ്ട് സെഞ്ച്വറികളാണ് നേടിയത്. സഞ്ജു പേസിനെതിരെയും സ്പിന്നിനെതിരെയും മികച്ച രീതിയിലാണ് കളിക്കുന്നത്. ഐ.പി.എല്ലില്‍ എല്ലാ വര്‍ഷവും താരം 400 – 500 റണ്‍സ് നേടുന്നു,’ കൈഫ് പറഞ്ഞു.

സഞ്ജുവിന്റെ ഏഷ്യാ കപ്പ് സാധ്യതകള്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ ഒമ്പത് മുതലാണ് ആരംഭിക്കുക. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എ-യിലാണ്. യു.എ.ഇയില്‍ നടക്കുന്ന മത്സരത്തിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ സഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട്.

എങ്കിലും താരത്തിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്തിലാണ്. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ ഓപ്പണിങ്ങിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുണ്ട്. സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു ഓപ്പണിങ്ങില്‍ എത്തിയതിന് കാരണം ഗില്ലും യശസ്വി ജെയ്‌സ്വാളും ഇല്ലാത്തതാണ് എന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. അതോടെ ഏഷ്യ കപ്പില്‍ താരം ഓപ്പണിങ്ങില്‍ എത്തില്ലെന്ന് ഏറെ കുറെ ഉറപ്പാണ്.

അങ്ങനെയെങ്കില്‍ താരത്തിന് ആദ്യ നാലില്‍ അവസരം ലഭിക്കില്ല. ഇതാണ് സാഹചര്യം എങ്കില്‍ താരത്തിന് അഞ്ചോ ആറോ സ്ഥാനങ്ങളില്‍ ബാറ്റിങ് ചെയ്യേണ്ടി വരും. പക്ഷേ, രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ എത്തിയ ജിതേഷ് ശര്‍മയുടെ ഫോം സഞ്ജുവിന് കടുത്ത വെല്ലുവിളിയാണ്.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Muhammed Kaif says Sanju Samson is India’s best batter against Rashid Khan

We use cookies to give you the best possible experience. Learn more