| Monday, 1st December 2025, 3:05 pm

സെഞ്ച്വറികള്‍ നേടുന്നു, ഇനി അവരുടെ ഭാവിയെ കുറിച്ച് എന്താണ് തീരുമാനിക്കാനുള്ളത്? കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിലെ വിജയത്തിന് പിന്നാലെ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെ തീരുമാനിക്കാന്‍ യോഗം ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇരുവരും സെഞ്ച്വറികള്‍ അടിക്കുകയാണെന്നും ഇനി എന്താണ് അവരുടെ ഭാവി കുറിച്ച് തീരുമാനിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

റിവ്യൂ മീറ്റിങ് നടത്തുന്നുണ്ടെങ്കില്‍ കോഹ്‌ലിയെയും രോഹിത്തിനെയും റെസ്റ്റിലേക്ക് തിരിച്ച് വിളിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ് Photo: Mohammed Kaif/facebook.com

‘അവര്‍ക്ക് കുറച്ച് ബോധം വേണമെന്നാണ് എനിക്ക് തോന്നുന്നത്. കോഹ്ലിയുടെയും രോഹിത്തിന്റെയും ഭാവിയെ കുറിച്ച് എന്താണ് ചര്‍ച്ച ചെയ്യാനുള്ളത്. ഇരുവരും സെഞ്ച്വറികള്‍ നേടിക്കൊണ്ടേയിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ ടെസ്റ്റില്‍ ദയനീയമായി തോല്‍ക്കുകയാണ്. അപ്പോള്‍ അവരെ തിരിച്ച് വിളിക്കാന്‍ ശ്രമിക്കണം. ടീമില്‍ സീനിയര്‍ താരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

കോഹ്ലിയും രോഹിത്തും തീരുമാനം മാറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. സംഭവിച്ചത് സംഭവിച്ചു. ഇവരെ തിരിച്ച് കൊണ്ടുവരാന്‍ പറ്റുമോയെന്നാണ് ബി.സി.സി.ഐ ആലോചിക്കേണ്ടത്. ലോകകപ്പിന് പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ല എന്നല്ല. പക്ഷേ അവരിരുവരും ലോകകപ്പിന് കളിക്കാന്‍ അര്‍ഹരാണ്,’ കൈഫ് പറഞ്ഞു.

രോഹിത്തും കോഹ്‌ലിയും സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന മത്സരത്തിനിടെ Photo: BCCI/X.com

നേരത്തെ, കോഹ്ലിയും രോഹിത്തുമായി ഗംഭീറിന് മികച്ച ബന്ധമല്ല ഉള്ളതെന്നും ഇതില്‍ ബി.സി.സി.ഐ അതൃപ്തിയിലാണെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ യോഗം ചേരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോഹ്ലിയും രോഹിത്തും ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ഗംഭീറുമായുള്ള ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചത്. അജിത് അഗാര്‍ക്കറും രോഹിത്തും ഓസ്ട്രേലിയന്‍ ഏകദിന പര്യടനത്തിനിടെ പരസ്പരം സംസാരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഒപ്പം കോഹ്ലിയുടെയും രോഹിത്തിന്റെയും ആരാധകര്‍ ഗംഭീറിനെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നതിലും ബി.സി.സി.ഐ അസ്വസ്ഥരാണ് എന്ന് ഒരു ബി.സി.സി.ഐ വൃത്തം ദൈനിക് ജാഗരണിനോട് പറഞ്ഞു.

Content Highlight: Muhammed Kaif reacts to the report of a meeting to decide the future of Virat Kohli and Rohit Sharma

We use cookies to give you the best possible experience. Learn more