| Friday, 26th September 2025, 1:24 pm

കാത്തിരുന്നോളൂ, അവൻ വൈകാതെ ആറ് പന്തിൽ ആറ് സിക്സ് അടിച്ചിരിക്കും: മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഇന്ന് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഫൈനല്‍ ലൈനപ്പ് തീരുമാനമായതിനാല്‍ ഈ മത്സരം അത്ര പ്രാധാന്യമുള്ളതല്ല. എന്നാല്‍, അപരാജിതരായി ഫൈനലില്‍ കളിക്കാനാവും ഇന്ത്യ ലക്ഷ്യമിടുക. അതേസമയം ജയത്തോടെ ടൂർണമെന്റിൽ നിന്ന് പുറത്ത് പോവുക എന്നതിനാവും ശ്രീലങ്ക നോട്ടമിടുന്നത്.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തുന്ന അഭിഷേക് ശര്‍മയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അഭിഷേക് രോഹിത് ശര്‍മയ്ക്ക് മികച്ചൊരു പകരക്കാരനാണെന്നും ഭാവിയില്‍ താരം ആറ് പന്തില്‍ ആറ് സിക്‌സുകള്‍ അടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിഷേകിന്റേത് വെറുമൊരു ബാറ്റിങ്ങല്ല, മറിച്ച് ഒരു സ്റ്റേറ്റ്മെന്റാണെന്നും അവന്റെ പവര്‍ പ്ലേയിലെ ബാറ്റിങ് ബൗളര്‍മാരുടെ ഭാവി നശിപ്പിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

‘അഭിഷേക് ശര്‍മ മികച്ച ബാറ്റിങ് നടത്തുമ്പോള്‍ അവന്‍ മത്സരം ഒറ്റക്ക് ജയിപ്പിക്കുന്നു. രോഹിത് ശര്‍മയ്ക്ക് ശേഷം ആര് പവര്‍ പ്ലേയില്‍ അഗ്രസീവായി ബാറ്റ് ചെയ്യുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, അഭിഷേക് ശര്‍മ താന്‍ മികച്ച പകരക്കാരനാണെന്ന് തെളിയിച്ചു.

അവന് ആറ് പന്തില്‍ ആറ് സിക്‌സ് അടിക്കാനുള്ള കഴിവുണ്ട്. അത് സമീപ ഭാവിയില്‍ തന്നെ സംഭവിക്കും. അഭിഷേകിന് മികച്ച ഷോട്ടുകളും അതിനാവശ്യമായ മനോഭാവവുമുണ്ട്.

കൂടാതെ അവന് കളിയെക്കുറിച്ച് മികച്ച ധാരണയുമുണ്ട്. ഒപ്പം അവന്‍ ഫാസ്റ്റ് ബൗളിങ്ങിനെതിരെയും സ്പിന്നിനെത്തിരെയും നന്നായി കളിക്കാന്‍ കഴിയും,’ കൈഫ് പറഞ്ഞു.

ഏഷ്യാ കപ്പില്‍ മികച്ച ബാറ്റിങ്ങാണ് അഭിഷേക് ശര്‍മ നടത്തുന്നത്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമതാണ് ഇന്ത്യന്‍ ഓപ്പണര്‍. ഇടം കൈയ്യന്‍ ബാറ്റര്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 248 റണ്‍സ് നേടിയിട്ടുണ്ട്. 49.60 ആവറേജിലും 206.66 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത താരം രണ്ട് അര്‍ധ സെഞ്ച്വറികളാണ് ടൂര്‍ണമെന്റില്‍ നേടിയത്.

Content Highlight: Muhammed Kaif predicts that Abhishek Sharma will hit six sixes in an over soon

We use cookies to give you the best possible experience. Learn more