തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണനയെക്കുറിച്ച് ഒരു പരാമർശം പോലും നടത്താൻ തയ്യാറാകാത്ത സർക്കാർ നയപ്രഖ്യാപന പ്രസംഗത്തെ എതിർത്ത് എൽ.ഡി.എഫ്. സഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മുൻ മന്ത്രി മുഹമ്മദ് റിയാസാണ് സർക്കാരിനെ കടന്നാക്രമിച്ചത്.
കേരളത്തിലെ ജനവിധി പൂർണമായി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എൽ.എമാർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രതിപക്ഷമായിരുന്നതുപോലെയുള്ള നിലപാടായിരിക്കില്ല എൽ.ഡി.എഫ് സ്വീകരിക്കുകയെന്നും അദ്ദേഹം അടിവരയിട്ടു.
‘സഹകരണവും വിമർശനവും ചേർന്നതായിരിക്കും ഞങ്ങളുടെ ക്രിയാത്മക പ്രതിപക്ഷ ശൈലി. രാജ്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും പോറലേൽപ്പിക്കാതെ, ജനോപകാരപ്രദമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ പരിപൂർണ സഹകരണം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകും,’ റിയാസ് പറഞ്ഞു.
ഈ സഹകരണത്തിന്റെ രാഷ്ട്രീയ മാതൃക സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ വ്യക്തമായതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 മേയ് 20ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റപ്പോൾ പ്രതിപക്ഷം അത് ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ ഇത്തവണ യു.ഡി.എഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് എൽ.ഡി.എഫ് ബഹിഷ്‌കരിച്ചില്ലെന്ന് മാത്രമല്ല, ഉത്തരവാദപ്പെട്ട എല്ലാ നേതാക്കളും അതിൽ പങ്കെടുത്തു.
ഭരണകക്ഷിയിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തെരുവ് യുദ്ധം നടന്നപ്പോൾ അതിൽ കക്ഷിചേരാൻ ഇടതുപക്ഷം തയ്യാറായില്ല. അത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന മാന്യമായ സമീപനമാണ് എൽ.ഡി.എഫ് സ്വീകരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
1991ൽ ശ്രീ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് രാജ്യത്ത് കൊണ്ടുവന്ന നവ ഉദാരവൽക്കരണ നയത്തെ ചെറുക്കുന്ന ചേരിക്കൊപ്പമാണ് എൽ.ഡി.എഫ് എന്ന് റിയാസ് വ്യക്തമാക്കി. കഴിഞ്ഞ 35 വർഷത്തിനിടയിൽ 20 വർഷവും കേരളം ഭരിച്ച എൽ.ഡി.എഫ് സർക്കാരുകൾ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈ നയത്തിനെതിരെ ബദൽ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
എന്നാൽ കേന്ദ്രത്തിലും കേരളത്തിലും ഒരേ നയം പിന്തുടർന്ന 13 വർഷക്കാലമാണ് (1991-96, 2001-04, 2011-16) നമ്മുടെ സംസ്ഥാനം ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിച്ചത്. കേന്ദ്രത്തിൽ ബി.ജെ.പിയും കേരളത്തിൽ യു.ഡി.എഫും ഭരിച്ചപ്പോൾ പോലും ഒരേ സാമ്പത്തിക നയമാണ് ഇരു കൂട്ടരും പിന്തുടർന്നത്.
2026-ൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമ്പോൾ, കേന്ദ്രത്തിലെ മോദി ഭരണത്തിനൊപ്പം ചേർന്ന് അതേ നവ ഉദാരവൽക്കരണ നയം പിന്തുടരുമോ എന്ന ആശങ്കയുണ്ട്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന നയപ്രഖ്യാപനത്തിൽ വരാത്തത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾക്ക് ആരും എതിരല്ലെന്നും എന്നാൽ അത് പൂർണമായി അവതരിപ്പിക്കുന്നത് ബഹുസ്വര സമൂഹത്തിന് ചേർന്നതല്ലെന്നും റിയാസ് പറഞ്ഞു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്നെ ഈ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. ആദ്യ രണ്ട് ഈരടികൾ അല്ലാത്ത ബാക്കി നാല് ഈരടികൾ അടിച്ചേൽപ്പിക്കുന്നത് മതവർഗീയ പ്രശ്‌നമാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് യഥാർത്ഥ ഹിന്ദു മതവിശ്വാസികൾ പോലും അംഗീകരിക്കുന്നതല്ല. വിശാലമനസ്സുള്ളവരും നന്മ നിറഞ്ഞവരുമാണ് യഥാർത്ഥ ഹിന്ദു വിശ്വാസികൾ.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി അവതരിപ്പിച്ചപ്പോൾ, അത് മുഴുവൻ പാടുമെന്ന് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിലേക്ക് കൂടുതൽ കടക്കാൻ പുതിയ സർക്കാർ എന്ന നിലയിൽ പ്രതിപക്ഷം അന്ന് മുതിർന്നില്ല. 2026 ജനുവരി 28നാണ് കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. എന്നാൽ 2026 മാർച്ച് 26-ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇത് നിർബന്ധിതമല്ല എന്ന് വ്യക്തമാക്കിയിട്ടും സർക്കാർ ഇത് ഒഴിവാക്കിയില്ല.
ഇപ്പോൾ നിയമസഭയിൽ ആദ്യ രണ്ട് ഈരടികൾ മാത്രം ചൊല്ലിയത് ഇടതുപക്ഷം ഉയർത്തിയ ന്യായമായ വിമർശനങ്ങളെ സർക്കാർ ഉൾക്കൊണ്ടതുകൊണ്ടാണ്. സഭയിൽ എൽ.ഡി.എഫ് ഒരു ശക്തമായ ‘തിരുത്തൽ ശക്തി’യായി മാറി എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന കഴക്കൂട്ടം എം.എൽ.എ വി. മുരളീധരന്റെ ആക്ഷേപങ്ങൾക്കും റിയാസ് ശക്തമായ ഭാഷയിൽ മറുപടി നൽകി.
1913 നവംബർ 14-ന് അന്തമാൻ ജയിലിൽ വെച്ച് കണ്ണീരോടെ കത്തെഴുതി, സ്വാതന്ത്ര്യസമരത്തിൽ നിന്ന് മാറിനിന്ന് ബ്രിട്ടീഷുകാരോട് സഹകരിക്കാമെന്ന് പറഞ്ഞത് കഴക്കൂട്ടം അംഗത്തിന്റെ പ്രസ്ഥാനത്തിന്റെ നേതാവാണ്. അതേ അന്തമാൻ ജയിലിൽ ഭീകര മർദ്ദനമേറ്റ് കല്ലിൽ പേര് കൊത്തിവെക്കപ്പെട്ടവരിൽ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരായിരുന്നു. ജയിലിൽ വെച്ച് രക്തസാക്ഷിയായ മഹാവീർ സിങ് കമ്മ്യൂണിസ്റ്റുകാരനായിരുന്നു എന്ന് അഭിമാനത്തോടെ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് ആദ്യമായി പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന പ്രമേയം അവതരിപ്പിച്ച മൗലാന ഹസ്രത്ത് മോഹാനിയും കമ്മ്യൂണിസ്റ്റുകാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഷയങ്ങൾ ഉയർത്തുമ്പോൾ പേര് നോക്കി ആളുകളെ ഒറ്റപ്പെടുത്താനും കോലം കത്തിക്കാനും ചിലർ ശ്രമിക്കുകയാണെന്ന് റിയാസ് കുറ്റപ്പെടുത്തി. സഖാവ് കെ.എൻ. ബാലഗോപാലോ, സേവ്യർ ചിറ്റിലപ്പള്ളിയോ, മുഹമ്മദ് റിയാസോ ആകട്ടെ, മതനിരപേക്ഷ വിഷയങ്ങളിൽ പേര് നോക്കിയല്ല ഇടതുപക്ഷം നിലപാട് സ്വീകരിക്കുന്നത്. കോലമല്ല സ്വന്തം ശരീരം കത്തിച്ചാലും നിലപാട് മാറ്റാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ.
സംഘപരിവാർ അജണ്ടയ്ക്കനുസരിച്ച് തുള്ളുന്ന ഒരു പ്രധാന പ്രവർത്തകനെ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചപ്പോൾ ഒന്ന് ശബ്ദമുയർത്താൻ പോലും യു.ഡി.എഫ് സർക്കാർ തയ്യാറാകാത്തതിനെ റിയാസ് കടുത്ത ഭാഷയിൽ വിമർശിച്ചു. ഭരണം കിട്ടിയതുകൊണ്ട് മാത്രം കാര്യമായില്ലെന്നും, പ്രചരിപ്പിക്കപ്പെടുന്ന രാഷ്ട്രീയവും ആശയവും മതനിരപേക്ഷതയ്ക്ക് അനുകൂലമല്ലെങ്കിൽ ആ ഭരണം കൊണ്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സർക്കാരിന്റെ ജനാനുകൂലമായ നല്ല സമീപനങ്ങളോട് കണ്ണടച്ച് എതിർക്കുന്ന രീതി പ്രതിപക്ഷം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Muhammad Riyaz against the government’s silence on the central government’s neglect of Kerala