| Tuesday, 8th July 2025, 4:32 pm

ഇന്‍ഫ്‌ളുവന്‍സര്‍ വിവാദം; കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സര്‍ക്കാര്‍ അയ്യര്‍ ദി ഗ്രേറ്റിലെ മമ്മൂട്ടിയല്ല: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ഇന്‍ഫ്‌ളുവന്‍സറുടെ കേരള സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിലവില്‍ ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം യഥാര്‍ത്ഥത്തില്‍ ദോഷകരമായി ബാധിക്കാന്‍ പോകുന്നത് കേരളത്തിലെ വിനോദ സഞ്ചാരമേഖലയെയാണെന്ന് മന്ത്രി പറഞ്ഞു

എന്തുകൊണ്ട് പ്രസ്തുത യൂട്യബര്‍ സന്ദര്‍ശിച്ച മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആരും പറയുന്നില്ലെന്നും ഇത് വ്യക്തിയെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കേരളത്തിലേക്ക് വന്ന് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമാണ്. അത് കാലങ്ങളായി തുടര്‍ന്ന് വരുന്ന രീതിയാണ്. ഇതിനായുള്ള ഇന്‍ഫ്‌ളുവന്‍സേഴിസിനെ തെരഞ്ഞെടുക്കുന്നത് എം പാനലിനുള്ള ഏജന്‍സിയാണ്. അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വമുള്ള ഒരു അപവാദം സൃഷ്ടിക്കലാണ്,’ മന്ത്രി റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് ജനുവരി മാസമാണ്. അന്ന് ഇവര്‍ ഇത്തരത്തില്‍ അപകടകാരിയാണെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയില്ലായിരുന്നുവെന്നും വിവരം തരേണ്ടിയിരുന്ന ദേശീയ ഏജന്‍സികള്‍ ഒരു വിവരവും തന്നിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സ്വഭാവം എന്താണെന്നും ഭാവിയില്‍ ഇവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നൊന്നും ദൂരകാഴ്ച്ചയിലൂടെ കാണാന്‍ ടൂറിസം എം പാനലിലെ ഏജന്‍സിയോ സംസ്ഥാന സര്‍ക്കാരോ മമ്മൂട്ടിയുടെ അയ്യര്‍ ദി ഗ്രേറ്റിലെ സൂര്യ നാരായണ അയ്യര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ കുംഭമേളയ്ക്ക് പോയിട്ടുണ്ട്. ബി.ജെ.പി യോഗിക്കെതിരെ അന്വേഷണം വേണമെന്ന് പറയുമോയെന്നും സംസ്ഥാനത്തെ ടൂറിസം മന്ത്രി രാജിവെക്കണമെന്ന് പറയുമോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ടൂറിസം സര്‍വകാല റെക്കോര്‍ഡ് സഞ്ചാരികളുമായി മുന്നോട്ട് കുതിക്കുമ്പോള്‍ ഇത്തരം അപവാദങ്ങള്‍ ബാധിക്കുന്നത് സംസ്ഥാനത്തെ ടൂറിസം മേഖലയെ തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡിന് ശേഷമുള്ള വേള്‍ഡ് റേഷ്യോ എടുത്ത് പരിശോധിച്ചാല്‍ ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിലെ ഡൊമസ്റ്റിക്, ഫോറിന്‍ ടൂറിസ്റ്റുകളുടെ എണ്ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ സംഭവത്തില്‍ മന്ത്രിയെയോ ടൂറിസം വകുപ്പിനെയോ കുറ്റപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. അവര്‍ ചാരപ്രവര്‍ത്തക ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും കേരളത്തിലേക്ക് വിളിക്കില്ലായിരുന്നെന്നും അവര്‍ ഇവിടെ എത്തുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Content Highlight: Muhammad Riyas on Jyoti Malhotra 

We use cookies to give you the best possible experience. Learn more