കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെതിരെ നിശിത വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇനി ഒരിക്കല്‍കൂടി അധികാരത്തില്‍ വരാതിരിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് യു.ഡി.എഫിനെന്നും അതുകൊണ്ട് തന്നെ എല്ലാ മതവര്‍ഗീയ ശക്തികളുമായും തുറന്ന കൂട്ടുകെട്ടുണ്ടാക്കി മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്‌ലാമിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് അവര്‍ ചെയ്തതെന്നും റിയാസ് പറഞ്ഞു.
നിലമ്പൂരിലെ ഇടത് പക്ഷത്തിന്റെ പരാജയം ഭരണ വിരുദ്ധവികാരമായി മാറ്റാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ബി.ജെ.പിയില്‍ നിന്ന് യു.ഡി.എഫിലേക്ക് വോട്ട് മറിച്ചു എന്ന് പറഞ്ഞത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തന്നെയാണെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. 2016ല്‍ ലഭിച്ചതിനേക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് കുറവാണ് ലഭിച്ചത് എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണെന്നും റിയാസ് പറയുന്നു.
നിലമ്പൂരില്‍ മികവുറ്റ സ്ഥാനാര്‍ത്ഥിയെയാണ് സി.പി.ഐ.എം മത്സരിപ്പിച്ചതെന്നും സ്വരാജിന്റെ വ്യക്തിപരമായ പരാജയമല്ല ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടന്നത്. ഈ ജനവിധി ഞങ്ങള്‍ പൂര്‍ണ മനസോടെ മാനിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
2021 ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത ചരിത്രത്തിലാദ്യമായി ഇടതുപക്ഷ തുടര്‍ഭരണത്തിനു കാരണമായി എന്നതാണ്. 2016 ല്‍ എല്‍.ഡി.എഫിനെ അധികാരത്തില്‍ എത്തിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ നിയമസഭ സീറ്റുകളും വോട്ടു വിഹിതവും കൂടുതല്‍ നല്‍കിയാണ് 2021ല്‍ ജനങ്ങള്‍ എല്‍.ഡി.എഫിനെ തുടര്‍ഭരണത്തിന് സഹായിച്ചത്.
2016 ല്‍ 43.48 ശതമാനം വോട്ടു വിഹിതവും 91 സീറ്റുമാണ് എല്‍.ഡി.എഫിന് ലഭിച്ചതെങ്കില്‍ 2021 ല്‍ ഇത് 46.9 ശതമാനവും 99 സീറ്റുമായും വര്‍ധിച്ചു. 2021ല്‍ സംസ്ഥാനമൊട്ടാകെ എല്‍.ഡി.എഫ് വോട്ട് വിഹിതം 2016 നേക്കാള്‍ 3.50 ശതമാനത്തോളം വര്‍ധിച്ചപ്പോള്‍ നിലമ്പൂരില്‍ 2016 നേക്കാള്‍ എല്‍.ഡി.എഫിന് ഒരു ശതമാനത്തിലധികം കുറയുകയാണ് ഉണ്ടായത്.
യു.ഡി.എഫിന് നാല് ശതമാനത്തിലധികം വോട്ട് വിഹിതം 2016നേക്കാള്‍ നിലമ്പൂരില്‍ വര്‍ധിക്കുകയും ചെയ്തു. 2016 വരെ പതിറ്റാണ്ടുകളായി വിജയിച്ചു വരുന്ന യു.ഡി.എഫ് പരമ്പരാഗത മണ്ഡലമാണ് നിലമ്പൂര്‍. 2016ല്‍ ലഭിച്ചതിനേക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് കുറവാണ് ലഭിച്ചത് എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘ഒരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത രീതിയിലാണ് ജനങ്ങള്‍ ചിന്തിക്കുക എന്ന ഞങ്ങളുടെ കാഴ്ച്ചപ്പാട് നില നിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതുപക്ഷ വിരുദ്ധര്‍ നടത്തിയ പ്രചരണ പ്രകാരം ഭരണവിരുദ്ധ വികാരമായിരുന്നു തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെങ്കില്‍ അന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫന് ലഭിച്ച 29000 വോട്ടുകള്‍ ഇന്ന് ഏകദേശം 67000 വോട്ടുകള്‍ ആയി വര്‍ധിച്ചിരിക്കുന്നു.
അതായത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ടു ചെയ്തതിനേക്കാള്‍ ഏകദേശം 37000 പേര്‍ ഇപ്പോള്‍ എല്‍.ഡി.എഫിന് വോട്ട് നല്‍കി. വോട്ട് ശതമാനത്തിലും വര്‍ധനവ് കാണാം,’ റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് പ്രഖ്യാപിച്ചവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് എല്‍.ഡി.എഫിന് അതേ ഇടത്ത് ഇത്രയധികം വോട്ട് വര്‍ധിച്ചതിനെ കുറിച്ച് എന്ത് പറയാനുണ്ടെന്നും റിയാസ് ചോദിച്ചു.
ഒമ്പത് മാസം മാത്രം കാലാവധിയുള്ള ഒരു എം.എല്‍.എയെ തെരെഞ്ഞെടുക്കേണ്ട ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം, സംസ്ഥാനത്ത് ഭരണം നടത്തുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് എന്ന് വരുത്തി തീര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയാവില്ലെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: Muhammad Riyas criticize UDF-Jamaat-e-Islami relation in Nilabur byelction