| Thursday, 8th October 2026, 7:50 am

ബോൾ ചെയ്യുമ്പോഴും അവൻ ചിന്തിക്കുന്നത് ഒരു ബാറ്ററെപ്പോലെയാണ്; പുതുമുഖ താരത്തെ പ്രശംസിച്ച് മുഹമ്മദ് കൈഫ്

അഞ്ജലി പി.കെ.

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പുതുമുഖ ബൗളർ നമൻ ധീറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ധീർ ഒരു ബാറ്റിങ് ഓൾറൗണ്ടർ ആയതുകൊണ്ട് പന്തെറിയുമ്പോൾ ഒരു ബാറ്റ്സ്‌മാനായി ചിന്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. അത് വലിയ ഒരു നേട്ടമാണെന്നും കൈഫ് അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു കൈഫ്.

‘നമാൻ ഒരു ബാറ്റിങ് ഓൾറൗണ്ടറാണ്. അതുകൊണ്ടുതന്നെ ബോൾ ചെയ്യുമ്പോഴും അവൻ ചിന്തിക്കുന്നത് ഒരു ബാറ്ററെപ്പോലെയാണ്. ഇതാണ് ഞാൻ പ്രധാനമായും ശ്രദ്ധിച്ചത്. റോമാരിയോ സിക്സ് അടിച്ചതിന് തൊട്ടടുത്ത പന്തിൽ, അവനെ പുറത്താക്കാൻ നമാൻ വൈഡ് ലൈനിലേക്ക് പന്തെറിഞ്ഞു.

നമൻ ധിർ

ബൗളിങ്ങിൽ അവനുള്ള വലിയൊരു മേന്മയാണ ഇത്. ഒരു പാർട്ട് ടൈം ബൗളർ മാത്രമാണെങ്കിലും, നല്ലൊരു ബൗളറാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് അവൻ തെളിയിച്ച സ്പീഡിൽ വ്യത്യാസങ്ങൾ വരുത്തി പന്തെറിയാനും അവനറിയാം. ഞാൻ കണ്ടതിൽ നിന്ന് മികച്ച ഗുണനിലവാരവും കഴിവും ഉള്ള ബൗളറാണ് അവൻ,’കൈഫ് പറഞ്ഞു.

കൂടാതെ മാച്ച് വിന്നിങ് സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും കൈഫ് പ്രശംസിച്ചു. കഴിഞ്ഞ കുറച്ച് ഇന്നിങ്‌സുകളിൽ വലിയ സ്കോറുകൾ നേടാത്തതിന്റെ സമ്മർദത്തിലായിരുന്നു ശ്രേയസ്. എന്നാൽ ആ സമ്മർദം ഒന്നും അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ ശ്രേയസ് അയ്യരുടെ ബാറ്റിങിന്റെ വലിയൊരു ആരാധകനാണ്. എത്ര വലിയ സമ്മർദ്ത്തിലും അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ അത് ബാധിക്കാറില്ല എന്നതാണ് ഞാൻ ശ്രദ്ധിച്ച പ്രധാന കാര്യം. ഇതൊരു ചെറിയ കാര്യമല്ല. കഴിഞ്ഞ കുറച്ച് ഇന്നിങ്‌സുകളിൽ ഫോമിലല്ലാതിരുന്നതിനാൽ വലിയ സമ്മർദ്ദത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും ഒരു തകർപ്പൻ സെഞ്ചുറി തന്നെ നേടി.

ശ്രേയസ്

മികച്ചൊരു ബാറ്ററുടെ ലക്ഷണമാണത്. ക്രീസിൽ പൂർണ്ണ ആധിപത്യം പുലർത്തിയ അദ്ദേഹം, 30-40 റൺസ് പിന്നിട്ടതോടെ വളരെ വേഗത്തിലാണ് സ്കോർ ഉയർത്തിയത്. ഫോമിൽ അല്ലായിരുന്നിട്ടും അത്തരമൊരു സാഹചര്യത്തിൽ നിന്ന് അദ്ദേഹം സെഞ്ചുറി നേടിയെന്നത് എടുത്തു പറയേണ്ട ഒന്നാണ്,’കൈഫ് പറഞ്ഞു.

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ 32 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തിൽ 43 പന്തിൽ നിന്നും പുറത്താകാതെ 102 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്. 95ൽ നിൽക്കെ സിക്‌സറടിച്ചുകൊണ്ടായിരുന്നു ശ്രേയസിന്റെ സെഞ്ച്വറി നേട്ടം. ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റിലുമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റ് വീശിയത്.

അഭിഷേക് ശര്‍മ (10 പന്തില്‍ 21) സഞ്ജു സാംസൺ (ഒമ്പത് പന്തില്‍ 11 ) , ഇഷാന്‍ കിഷന്‍ (27 പന്തില്‍ 37 ) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റൺവേട്ടക്കാർ. ഇന്ത്യയ്ക്കായി നമൻ ധിർ മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്‌സർ പട്ടേലും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും നേടി. അർഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങനയക്കുകയായിരുന്നു. ടോപ്പ് ഓർഡർ തകർന്നപ്പോൾ ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെയും മിഡിൽ ഓർഡറിൽ ഷെർഫാൻ റൂഥർഫോർഡിന്റെയും അർധ സെഞ്ച്വറികളുടെ കരുത്തിലാണ് വിൻഡീസ് മോശമല്ലാത്ത ടോട്ടൽ പടുത്തുയർത്തുകയായിരുന്നു. എന്നാൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ വിൻഡീസ് നിലമ്പരിശാവുകയിരുന്നു.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലാണ്. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.

Content Highlights: Muhammad Kaif talks about shreyas iyyer and Naman dheer performance in t20

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more