ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ ടീമിലെക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിനെ കുറിച്ച് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി-20 ടീമിലേക്ക് തിരിച്ചെത്തിയ താരം 2007ൽ കൈഫിന്റെ ക്യാപ്റ്റൻസിയിൽ ഉത്തർപ്രദേശിനായി ഭുവനേശ്വർ കുമാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതാണെന്നും, അന്ന് 17കാരനായ ഭുവനേശ്വറിനെ കണ്ടപ്പോൾ ഇത്രയും നീണ്ട കരിയർ ഉണ്ടാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും കൈഫ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സംസാരിക്കുകയായിരുന്നു കൈഫ്.
മുഹമ്മദ് കൈഫ്, Photo:Cricket Central/x.com
‘അവനെ ആദ്യമായി കാണുമ്പോൾ അവന് 17 വയസായിരുന്നു. ഇത്രയും നീണ്ട കരിയർ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതിന്റെ വലിയ ക്രെഡിറ്റ് അവനും അവന്റെ കഴിവുകൾക്കുമാണ്. ഒരു ഫാസ്റ്റ് ബൗളറുടേതായ ശരീരഘടന അവനുണ്ടായിരുന്നില്ല. കണ്ടാൽ അത്തരമൊരു ബൗളറാണെന്ന് തോന്നുകയുമില്ല. എന്നിട്ടും ഇത്ര മികച്ചൊരു മാതൃകയാകാൻ അവന് കഴിഞ്ഞു. സ്വികിങ്നൊപ്പം സീം ചെയ്യാനുള്ള കഴിവും അവനുണ്ടായിരുന്നു. അവന്റെ കരിയറിൽ ചെറിയൊരു പങ്കാളിയാകാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്,’ കൈഫ് അഭിപ്രായപ്പെട്ടു.
ഭുവനേശ്വർ കുമാർ
ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവ് മറ്റുള്ളവർക്ക് ഒരു മാതൃക മാത്രമല്ല, ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന സന്ദേശം കൂടിയാണ് നൽകുന്നതെന്നും കൈഫ് കൂട്ടിച്ചേർത്തു.
‘ഒരിക്കലും നിരാശരാകരുത് എന്നതിന് വലിയൊരു ഉദാഹരണമാണ് ഭുവനേശ്വറിന്റെ ഈ തിരിച്ചുവരവ്. ഇനി ആരെങ്കിലും തോറ്റുകൊടുക്കാൻ ചിന്തിക്കുമ്പോഴൊക്കെ ഭുവനേശ്വർ കുമാറിന്റെ പേര് ഓർമിക്കണം. ഇതൊരു തിരിച്ചുവരവ് മാത്രമല്ല, മറ്റുള്ളവർക്ക് വലിയൊരു പ്രചോദനം കൂടിയാണ്,’ അദ്ദേഹം പറഞ്ഞു.
2022ന് ശേഷം ആദ്യമായി ഭുവി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. 2018ല്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ച താരം, 2022 ജനുവരി 21ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് അവസാന ഏകദിനം കളിച്ചത്. അതേ വര്‍ഷം നംവബര്‍ 22നായിരുന്നു ഭുവിയുടെ അവസാന അന്താരാഷ്ട്ര ടി-20 മത്സരം. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന ടി-20യിലായിരുന്നു താരം അവസാനമായി ദേശീയ ടീമിന് വേണ്ടി കളിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു.
ഐ.പി.എല്ലിലടക്കം തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഇന്ത്യന്‍ ടീമിലെ മിക്ക ബൗളര്‍മാര്‍ അടി വാങ്ങിക്കൂട്ടുമ്പോഴും ഭുവനേശ്വര്‍ സ്‌ക്വാഡിന് പുറത്തായിരുന്നത് ആരാധകരെ ഏറെ നിരാശയിലേക്ക് തള്ളിയിട്ടിരുന്നു. നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഭുവിയില്‍ ആരാധകര്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷയും വാനോളമാണ്.
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ ഒക്ടോബര്‍ 22 മുതൽ നവംബര്‍ ഒന്ന് വരെയാണ് നടക്കുക. ശേഷം അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലാൻഡിൽ കളിക്കുക
Content Highlights: Muhammad Kaif Talks about Bhuvanesh Kumar return in Indian team