| Wednesday, 15th July 2026, 10:33 pm

ടീമില്‍ ഐക്യം ആവശ്യമാണ്; ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ എന്ന നിലയില്‍ രണ്ട് വര്‍ഷക്കാലയളവില്‍ ഗംഭീറിന്റെ പരിശീലനത്തിന് 10ല്‍ നാല് മാര്‍ക്കേ താന്‍ നല്‍കൂ എന്ന് കൈഫ് പറഞ്ഞു. വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മില്‍ സംസാരിക്കുന്നില്ലെങ്കില്‍ അത് നല്ല സൂചനയല്ലെന്നും 2027 ലെ ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ടീമില്‍ ഐക്യം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൗതം ഗംഭീർ

‘ഞാന്‍ ഗംഭീറിന് 10ല്‍ നാല് മാര്‍ക്ക് മാത്രമേ നല്‍കൂ. കാരണം ഞാന്‍ നിങ്ങളോട് പറയാം. കോഹ്‌ലിയും ഗംഭീറും പരസ്പരം സംസാരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗംഭീര്‍ രോഹിത് ശര്‍മയുമായും ശുഭ്മന്‍ ഗില്ലുമായും സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇതൊരു പ്രശ്‌നമാണ്.

എല്ലാവരെയും ഒരേ പേജില്‍ നിര്‍ത്തണം. ജയവും തോല്‍വിയും ഗ്രൗണ്ടില്‍ സംഭവിക്കുന്നു. ഒരു കളിക്കാരനെ ഒഴിവാക്കുകയാണെങ്കില്‍ അത് കളിക്കാരനോട് കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യണം. കൈഫ് ക്രിക്ക്ബസിനോട് പറഞ്ഞു.

വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മില്‍ സംസാരിക്കുന്നില്ലെങ്കില്‍ അത് നല്ല സൂചനയല്ല. അവര്‍ ഒരേ പേജിലല്ലെങ്കില്‍, അത് ഇന്ത്യന്‍ ആരാധകര്‍ക്ക് മോശം വാര്‍ത്തയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2027 ലെ ഏകദിന ലോകകപ്പിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിദേശ സാഹചര്യങ്ങളില്‍ മത്സരങ്ങള്‍ ജയിക്കുക എളുപ്പമല്ല, അതിനാല്‍ ടീമില്‍ ഐക്യം ആവശ്യമാണ്. മുതിര്‍ന്ന കളിക്കാര്‍ വലിയ പങ്കുവഹിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ടീമിനെ സന്ദര്‍ശിക്കേണ്ടതുണ്ട്. ഇതാണ് ഒരു പരിശീലകന്റെ ജോലി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസറ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു ഇന്ത്യ.

Content Highlight: Muhammad Kaif Critizice About Gautam Gambhir

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more