| Wednesday, 18th March 2026, 6:22 pm

എഫ്.ഐ.ആര്‍ പക്ഷപാതപരം; അക്രമികള്‍ക്കെതിരെ തെളിവുണ്ടായിട്ടും പൊലീസ് നടപടിയില്ല; 'മുഹമ്മദ്' ദീപക് കോടതിയില്‍

അനിത സി

ഡെറാഡൂണ്‍: മുസ്‌ലിം കടയുടമയെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച ‘മുഹമ്മദ്’ ദീപക് കുമാര്‍ നീതി തേടി കോടതിയെ സമീപിച്ചു.

തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പക്ഷപാതപരമായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദീപക് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിനെ ചോദ്യം ചെയ്തും വിദ്വേഷ കുറ്റകൃത്യം നടത്തിയിട്ടും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുമാണ് കോട്ദ്‌വാര്‍ സ്വദേശിയായ ദീപക് കുമാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ സുഹൃത്ത് വിജയ് റാവത്തിനൊപ്പമാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ജനുവരി 26ന് കോട്ദ്വാറിലെ തയ്യല്‍ കടയുടമയായ 70 വയസുകാരനായ മുസ്‌ലിം വയോധികനെ കടയുടെ പേരില്‍ നിന്നും ‘ബാബ’ എന്ന ഭാഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ വാദികള്‍ ആക്രമിച്ചിരുന്നു.

ഇവരുടെ മര്‍ദനത്തില്‍ നിന്നും പാര്‍ക്കിന്‍സണ്‍സ് രോഗബാധിതന്‍ കൂടിയായ വൃദ്ധനെ ദീപക് കുമാര്‍ രക്ഷിക്കുകയായിരുന്നു.

ദീപകിനെതിരെ തിരിഞ്ഞ ആള്‍ക്കൂട്ടം മതം തിരിച്ചറിയാനായി ദീപകിനോട് പേര് ചോദിച്ചപ്പോള്‍, മുഹമ്മദ് ദീപക് കുമാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സോഷ്യല്‍മീഡിയയിലടക്കം ദീപക്കിന്റെ പ്രവൃത്തി വലിയ ചര്‍ച്ചയാവുകയും രാജ്യം മുഴുവന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ദീപക് ദേശീയ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും ജനുവരി 31ന് അദ്ദേഹത്തെ ആക്രമിക്കാനായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് ഈ ആക്രമണത്തെ പ്രതിരോധിച്ചിരുന്നു. പിന്നീട് ദീപക്കിനെതിരെ പ്രതിഷേധം തടഞ്ഞതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

ജിം ഉടമയായ ദീപക്കിന് പിന്നീട് ഹിന്ദുത്വ നേതാക്കളില്‍ നിന്നുള്ള കൊലവിളിയും ജിമ്മിലേക്ക് ആളുകള്‍ വരാന്‍ മടിച്ചതും ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിരുന്നു.

Content Highlight: FIR biased; Police take no action despite evidence against attackers; ‘Muhammad’ Deepak in court

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more