കോഴിക്കോട്: 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി എത്തിയ മുഹമ്മദലി കോഴിക്കോട് കടപ്പുറത്തും കൊലപാതകം നടത്തിയെന്ന് പറഞ്ഞതോടെ പ്രതിസന്ധിയിലായി പൊലീസ്. 14ാം വയസില്‍ ഇയാള്‍ നടത്തിയ കൊലപാതകം മലപ്പുറം വേങ്ങര പൊലീസിൽ എത്തി ഏറ്റുപറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരങ്ങളൊന്നും കണ്ടുപിടിക്കാനായിട്ടില്ല.
1986ല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തോട്ടിലേക്ക് ചവിട്ടിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദലിയുടെ ആദ്യ വെളിപ്പെടുത്തൽ. ശേഷം 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് ഒരാളെ കൊന്നുവെന്നും പറയുന്നു. കൂടരഞ്ഞി, നടക്കാവ് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പഴയ പത്രവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് ഒരുമാസമായിട്ടും ആരാണ് മരണപ്പെട്ടത് എന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.
അന്ന് നടന്ന അസ്വഭാവിക മരണങ്ങള്‍ ഏതൊക്കെയെന്ന് അന്വേഷിക്കുന്ന പൊലീസ് കോഴിക്കോട് മോര്‍ച്ചറിയിലെ പഴയ രേഖകളും പരിശോധിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ വത്കരണമൊന്നും നടക്കാത്ത കാലമായതിനാല്‍ തുടരന്വേഷണം ദുഷ്‌കരമാണ്. കഴിഞ്ഞ ദിവസം കൂടരഞ്ഞി പൊലീസും നടക്കാവ് പൊലീസും ചേര്‍ന്നാണ് മുഹമ്മദലിയെ ചോദ്യം ചെയ്തത്. കൂടരഞ്ഞിയില്‍ ഒറ്റക്ക് കൊലപാതകം നടത്തിയെന്ന് വെളുപ്പെടുത്തിയ മുഹമ്മദലി കോഴിക്കോട് കടപ്പുറത്ത് പണം തട്ടിപ്പറിക്കാനെത്തിയ യുവാവിനെ കഞ്ചാവ് ബാബു എന്ന സുഹൃത്തിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. മരിച്ചതാരാണെന്നും കഞ്ചാവ് ബാബു ആരാണെന്നും പൊലീസിന് കണ്ടുപിടിക്കേണ്ടതുണ്ട്.
എന്നാല്‍ മുഹമ്മദലിക്ക് മാനസിക തകരാറാണെന്ന് സഹോദരന്‍ പൗലോസ് വെളിപ്പെടുത്തി.ഇതോടെ വീണ്ടും ചോദ്യം ചെയ്യുന്നതിന് വേണ്ടി മുഹമ്മദലിയെ കസ്റ്റഡിയില്‍ വാങ്ങും. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേരിയിലെ ജയിലിലാണ് ഇയാള്‍ കഴിയുന്നത്.
കോഴിക്കോടും കൂടരഞ്ഞിയിലും അക്കാലത്ത് നടന്ന അസ്വഭാവിക മരണത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. ആരൊക്കെയാണ് മരിച്ചതെന്ന് കണ്ടുപിടിക്കാനായാല്‍ പൊലീസിന് കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിക്കും. മുഹമ്മദലി പറഞ്ഞത് പ്രകാരം പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്.
Content Highlight: Muhammad Ali Confesses he had committed two Murder