എത്രമാത്രം വിമര്‍ശിച്ചാലും അതിന്റെ പത്തിരട്ടി ശക്തിയില്‍ തിരിച്ചുവന്ന് തന്നെ എതിര്‍ക്കുന്നവരെ ഞെട്ടിക്കുന്ന താരമാണ് വിജയ്. ആദ്യ ചിത്രമായ നാളെയ തീര്‍പ്പ് മുതല്‍ അദ്ദേഹത്തിന്റെ ഈ വാശി കാണാനാകും. ‘ഈ മുഖമെല്ലാം കാണാന്‍ ആരെങ്കിലും ടിക്കറ്റെടുക്കുമോ’ എന്ന് ചോദിച്ച മാസികയില്‍ കാലങ്ങള്‍ക്കിപ്പുറം അയാളുടെ മുഖം കവര്‍ ചിത്രമായി വന്നതെല്ലാം അതിന് ഉദാഹരണമാണ്.
വിജയ് Photo: TVK Vijay/ X.com
സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോഴും തിരിച്ചടികളും വിമര്‍ശനങ്ങളും പരിഹാസങ്ങളും വിജയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനാതകളില്ലാത്ത വിജയം നേടിയാണ് ദളപതി അതിന് മറുപടി നല്‍കിയത്. കാലങ്ങളായി തമിഴ്‌നാട്ടില്‍ ശക്തരായി നിന്ന രണ്ട് മുന്നണികളെ ബഹുദൂരം പിന്നിലാക്കി 108 സീറ്റിലാണ് വിജയ്‌യുടെ പാര്‍ട്ടി ജയിച്ചുകയറിയത്.
സിനിമയില്‍ പോലും ഇത്തരമൊരു മാസ് രംഗം കണ്ടിട്ടില്ലെന്നാണ് പലരുടെയും കമന്റുകള്‍. എന്നാല്‍ വിജയ് കാണിച്ച അതേ മാസ് തമിഴിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ മുതല്‍വനില്‍ ഉണ്ടെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യല്‍ മീഡിയ. അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത മുതല്‍വനില്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ റെക്കോഡ് സീറ്റുകള്‍ നേടി ചരിത്രമെഴുതുന്ന പുഗഴേന്തി എന്ന നായകനെ കാണിക്കുന്നുണ്ട്.
ഭരണപക്ഷത്തെയും പ്രതിപക്ഷെത്തെയും മറികടന്ന് അധികാരത്തിലെത്തിയ നായകനെക്കണ്ട് അന്ന് ജനം കൈയടിച്ചു. ഇതിലെ ഇന്‍ട്രസ്റ്റിങ്ങായ മറ്റൊരു കാര്യം കൂടിയുണ്ട്. മുതല്‍വന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഷങ്കര്‍ ആദ്യം സമീപിച്ചത് വിജയ്‌യെ ആയിരുന്നു. അന്നത്തെ കാലത്ത് റൊമാന്റിക് ചിത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന വിജയ് മുതല്‍വനില്‍ താത്പര്യം കാണിച്ചിരുന്നില്ല.
27 വര്‍ഷങ്ങള്‍ക്ക് ശേഷം മുതല്‍വനില്‍ കാണിച്ച അതേ മാസ് രംഗം ജീവിതത്തില്‍ കാണിച്ചിരിക്കുകയാണ് തമിഴകത്തിന്റെ ദളപതി. അന്ന് ചെയ്യാന്‍ കഴിയാത്ത സിനിമയിലെ രംഗം റിയല്‍ ലൈഫില്‍ താരം ചെയ്തുകാണിച്ചെന്നാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇന്ത്യന്‍ സിനിമയില്‍ വിജയ് എന്ന താരം ഉണ്ടാക്കിയ ഇംപാക്ട് ഇനി ആര്‍ക്കും ആവര്‍ത്തിക്കാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സര്‍ക്കാര്‍ Photo: Screen grab/ Sun Tv
മുതല്‍വനൊപ്പം എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത സര്‍ക്കാരും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. കോടികള്‍ ലഭിക്കുന്ന ജോലി വേണ്ടെന്ന് വെച്ച് തമിഴ്‌നാട്ടിലെ രണ്ട് വലിയ മുന്നണിയെ ഒറ്റക്ക് നിന്ന് തെരഞ്ഞെടുപ്പില്‍ തോല്‍പിക്കുന്ന നായകന്റെ കഥയാണ് സര്‍ക്കാര്‍. മികച്ച ത്രെഡിന്റെ മോശം എക്‌സിക്യൂഷന്‍ കാരണം ശരാശരി വിജയത്തിലൊതുങ്ങിയ ചിത്രം വിജയ്‌യുടെ വിജയത്തിന് ശേഷം വീണ്ടും ചര്‍ച്ചയായിക്കഴിഞ്ഞു.
Content Highlight: Mudhalvan and Sarkar movie discussing again after Vijay’s historic victory
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ