ഗ്രീക്ക് പുരാണത്തിലെ ഭീമാകാരനായ വേട്ടക്കാരനാണ് ഒറിയോണ്‍. സിയൂസ് ദേവന്‍ ഒറിയോണിന് ഒരു നക്ഷത്രസമൂഹത്തിലേക്ക് സ്ഥാനം നല്‍കിയെന്നാണ് വിശ്വാസം. രാത്രിയിലെ ആകാശത്തില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രഗണമാണ് ഒറിയോണ്‍. മലയാളത്തിലും ഈ നക്ഷത്രസമൂഹത്തെ “വേട്ടക്കാരന്‍” എന്നാണ് വിളിക്കുക.
ഈ പേരിനെ അന്വര്‍ത്ഥമാക്കും വിധമാണ് ഒറിയോണ്‍ എന്ന ബാറ്ററി കമ്പനി ഒരു നാടിന്റെ ആകാശത്ത് കരിനിഴല്‍ വിരിക്കാനൊരുങ്ങി നില്‍ക്കുന്നത്. എന്നാല്‍ നിലനില്‍പ്പിനായി പൊരുതാന്‍ തന്നെയാണ് ആ നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങള്‍ക്കും തങ്ങളുടെ വരും തലമുറകള്‍ക്കും ഹാനികരമാകും എന്ന ഭയത്താല്‍ പ്രദേശവാസികള്‍ നടത്തുന്ന സമരം മൂന്നാം വര്‍ഷത്തിലാണ് ഇപ്പോള്‍.
കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തില്‍ മുചുകുന്നിലാണ് ഒറിയോണ്‍ കമ്പനി ലെഡ് അധിഷ്ഠിതമായ ബാറ്ററി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. പേരുപോലെ തന്നെ കുന്നിന്‍ പ്രദേശമായ ഇവിടെയുള്ള ചെറുകിട വ്യവസായ പാര്‍ക്കിലാണ് ബാറ്ററി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ ഒറിയോണ്‍ പദ്ധതിയിടുന്നത്.
മുചുകുന്ന്
കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന്റെ ജന്മനാടാണ് മുചുകുന്ന്. തെക്ക് മൂടാടിയും കിഴക്ക് കീഴരിയൂര്‍ ഗ്രാമപഞ്ചായത്തും വടക്ക് അകലാപ്പുഴയും പടിഞ്ഞാറ് പാറക്കാടും അകലാപ്പുഴയുമാണ് മുചുകുന്നിന്റെ അതിരുകള്‍. മുചുകുന്ന് യു.പി സ്‌കൂള്‍, മുചുകുന്ന് നോര്‍ത്ത് യു.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കൊപ്പം സെയ്ത് അബ്ദുള്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ ഓര്‍മ്മയ്ക്കായുള്ള കൊയിലാണ്ടി സര്‍ക്കാര്‍ കോളേജും മുചുകുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ദളിതരുടെ സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമായി സ്വന്തം സ്ഥലത്ത് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചുകൊടുത്ത വലിയമല കോളനി മുചുകുന്നിലാണ്.
ചെങ്കല്‍ ഖനനം കൊണ്ട് കുന്നുകളെല്ലാം മൃതാവസ്ഥയിലായ മുചുകുന്ന് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലം കൂടിയാണ്. മുന്‍പ് ഡ്രൈവിങ് ലൈസന്‍സിനുള്ള 8, H ടെസ്റ്റുകള്‍ നടത്തിയിരുന്ന മൈതാനത്തിലാണ് ചെറുകിട വ്യവസായങ്ങള്‍ക്കായുള്ള പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഒറിയോണ്‍ കമ്പനി ലെഡ് അധിഷ്ഠിതമായ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള യൂണിറ്റ് ആരംഭിക്കാനെത്തുന്നത്.
ഒരു സുപ്രഭാതത്തില്‍ കമ്പനി പൂട്ടിക്കാനായി വെറുതേ തുടങ്ങിയ സമരമല്ല മുചുകുന്നിലേത്. ഇവിടുത്തുകാര്‍ വികസനവിരോധികളുമല്ല. ഇതിന്റെ തെളിവാണ് മുചുകുന്നിലെ ഓട്ടുകമ്പനിയും, കളിമണ്‍ ഫാക്ടറിയും, സീസണ്‍ ബ്രഡ് കമ്പനിയുമെല്ലാം. കളിമണ്ണ് ഖനനം പരിസ്ഥിതിയെ ബാധിക്കുമെന്നായപ്പോള്‍ മണ്ണെടുക്കുന്നിടങ്ങളില്‍ പകരം മണ്ണ് ഇടണം എന്ന ആവശ്യം നടപ്പിലാക്കിച്ച ചരിത്രം മുചുകുന്നിനുണ്ട്.
തങ്ങളുടെ മണ്ണിനേയും പരിസ്ഥിതിയേയും ഈ ബാറ്ററി കമ്പനി അപകടകരമാം വിധം ബാധിക്കും എന്ന വ്യക്തമായ ബോധ്യമുള്ളതിനാലാണ് ഇവിടുത്തുകാര്‍ സമരപ്പന്തലില്‍ ഇരിക്കുന്നത്.
ഒറിയോണ്‍ കമ്പനിയുടെ വാദങ്ങള്‍
ഇന്ത്യയിലെ തന്നെ ആദ്യത്തെ അതിവിദഗ്ധ ബാറ്ററി നിര്‍മ്മാണ യൂണിറ്റാണ് മുചുകുന്നിലേത് എന്നാണ് കമ്പനിയുടെ പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനി തുടങ്ങാന്‍ ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതി കമ്പനി നേടിയെടുത്തിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിഡ്കോ, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് എന്നിവയുടെ അനുമതി കിട്ടിയെന്ന് കമ്പനി വ്യക്തമാക്കുന്നു.
അനുമതികള്‍ കമ്പനിയ്ക്ക് ലഭിച്ചെങ്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരരംഗത്തിറങ്ങിയപ്പോള്‍ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു. എല്ലാ വകുപ്പുകളുടേയും അനുമതി പുനരന്വേഷിക്കാനും വിശദമായ പഠനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ഭൂഗര്‍ഭജലവകുപ്പാണ് ഈ പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ട് കമ്പനിയ്ക്ക് പ്രതികൂലമായിരുന്നു.
എന്നാല്‍ തന്ത്രപരമായ നീക്കമാണ് കമ്പനി പിന്നീട് നടത്തിയത്. അതുവരെ ബാറ്ററി നിര്‍മ്മാണ യൂണിറ്റാണ് മുചുകുന്നിലേത് എന്ന് പറഞ്ഞ കമ്പനി പിന്നീട് ചുവട് മാറ്റി അസംബ്ലിങ് കമ്പനിയാണ് ഇതെന്ന് പറഞ്ഞു. അതായത് കമ്പനിയുടെ വാദപ്രകാരം ബാറ്ററിയുടെ ഘടക ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുക, ചാര്‍ജ്ജ് ചെയ്യുക, വില്‍ക്കുക എന്നീ കാര്യങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുക. എന്നാല്‍ ഇത് പദ്ധതിയ്ക്കുള്ള അനുമതി ലഭിക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രം മാത്രമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
എന്താണ് ആശങ്ക?
നിരവധി ആരോപണങ്ങളാണ് നാട്ടുകാര്‍ ഒറിയോണ്‍ കമ്പനിയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി മുചുകുന്നിലെ മണ്ണില്‍ നിന്ന് ജലം ഊറ്റുമ്പോള്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരിക നാട്ടുകാരാണ്. നേരത്തേതന്നെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് “കൂനിന്മേല്‍ കുരു”വാണ് ഒറിയോണ്‍.
പ്രതിദിനം രണ്ടുലക്ഷം ബാറ്ററികള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിതെന്ന് വിവരാവകാശരേഖകള്‍ പറയുന്നതായി സമരക്കാര്‍ പറയുന്നു. ബാറ്ററി നിര്‍മ്മാണ കമ്പനി എന്ന് പറഞ്ഞാണ് തുടങ്ങിയതെങ്കിലും പ്രതിഷേധങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇതൊരു ബാറ്ററി അസംബ്ലിങ് യൂണിറ്റാണ് എന്ന് കമ്പനി തിരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കമ്പനി പഞ്ചായത്തിലടക്കം അനുമതിക്കായി അപേക്ഷിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതയാണെന്നാണ് ആരോപണം. അസംബ്ലിങ് ആണെങ്കിലും അത് സെമി മാനുഫാക്ചറിങ്ങാണെന്നാണ് ഇവിടുത്തുകാര്‍ പറയുന്നു.
ചെറുകിട വ്യവസായ പാര്‍ക്കിലെ ഓരോ പ്ലോട്ടുകളും ഓരോരുത്തര്‍ക്ക് നല്‍കുകയാണ് പതിവ്. എന്നാല്‍ ബാറ്ററി കമ്പനിയ്ക്കായി എട്ടു പ്ലോട്ടുകളാണ് ഒറിയോണ്‍ സ്വന്തമാക്കിയത്. ചെറുകിട വ്യവസായപാര്‍ക്കില്‍ ഒറിയോണ്‍ കൊണ്ടുവരുന്നത് വന്‍കിട വ്യവസായമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വിവിധ വകുപ്പുകളില്‍ വിവിധതരത്തിലാണ് കമ്പനി അപേക്ഷകള്‍ നല്‍കിയത്.
മലിനീകരണ നിയന്ത്രണവകുപ്പില്‍ രണ്ടുകോടി രൂപയുടെ പദ്ധതി എന്നാണെങ്കില്‍ വ്യവസായ വകുപ്പിലാണെങ്കില്‍ ഏഴു കോടി രൂപയുടെ പദ്ധതിയെന്നാണ് നല്‍കിയത്. വിവരാവകാശരേഖയില്‍ ഇക്കാര്യം വ്യക്തമാണ്.
അഞ്ചുകോടി രൂപയ്ക്കുമുകളിലുള്ള പദ്ധതികള്‍ ഇടത്തരം വ്യവസായങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്. ഇടത്തരം വിഭാഗത്തില്‍ പെടേണ്ട ഈ പദ്ധതിയാണ് ചെറുകിട വ്യവസായങ്ങള്‍ക്കായുള്ള സ്ഥലത്ത് “കയ്യേറ്റം” നടത്തിയിരിക്കുന്നത്. രണ്ടുലക്ഷം ബാറ്ററികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ദിവസം 6,500 ലിറ്ററോളം വെള്ളമെങ്കിലും ആവശ്യമാണ്.
കമ്പനി പ്രവര്‍ത്തനം ആരംഭിച്ചാല്‍ അത് പ്രദേശത്തെ കുടിവെള്ള ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഭൂഗര്‍ഭജലവകുപ്പിന്റെ പഠന റിപ്പോര്‍ട്ടിലുള്ളത്. കമ്പനിയുടെ അവകാശവാദങ്ങളെയെല്ലാം പൊളിച്ചടുക്കുന്നതായിരുന്നു ഭൂഗര്‍ഭജലവകുപ്പിന്റെ റിപ്പോര്‍ട്ട്.
ഗുരുതരമായ പ്രശ്നം ഇതൊന്നുമല്ല
മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഘനലോഹമാണ് ലെഡ് അഥവാ കറുത്തീയം. ലെഡാണ് ഒറിയോണ്‍ കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളിലെ പ്രധാന ഘടകം. നേരിയ അളവില്‍ മനുഷ്യശരീരത്തിലെത്തിയാല്‍ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക.
കുട്ടികളില്‍ വളര്‍ച്ചാവൈകല്യം, പഠനവൈകല്യം, പെരുമാറ്റവൈകല്യം, സംസാരിക്കാനുള്ള പ്രശ്നങ്ങള്‍, കേള്‍വിക്കുറവ്, തലവേദന, പേശി വളര്‍ച്ച കുറയുക, അസ്ഥി വളര്‍ച്ച കുറയുക, വൃക്ക രോഗങ്ങള്‍, വിശപ്പില്ലായ്മ, ഭാരക്കുറവ്, ക്ഷീണം, ഛര്‍ദ്ദി, മലബന്ധം, വയറുവേദന, ഹൈപ്പര്‍ ആക്റ്റിവിറ്റി, വിളര്‍ച്ച എന്നിവയ്ക്ക് ലെഡ് കാരണമാകുന്നു.
മുതിര്‍ന്നവരിലാകട്ടെ രക്താതിസമ്മര്‍ദ്ദം, അസ്ഥി തേയ്മാനം, വയറുവേദന, സന്ധിവേദന, പേശിവേദന, മാനസിക പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത തലവേദന, ഓര്‍മ്മക്കുറവ്, ഗര്‍ഭകാലരോഗങ്ങള്‍, ഗര്‍ഭസ്ഥശിശുവിന്റെ തകരാറുകള്‍, പ്രത്യുല്‍പ്പാദന തകരാറുകള്‍, ഗര്‍ഭം അലസല്‍, മലബന്ധം, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കറുത്തീയം സൃഷ്ടിക്കുന്നത്.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ലെഡ് ഓക്സൈഡ്, റെഡ് ലെഡ് തുടങ്ങിയവയാണ് ഒറിയോണ്‍ മുചുകുന്നിലെ കമ്പനിയില്‍ ഉപയോഗിക്കാന്‍ പോകുന്നത്. ഇതിന്റെ പ്രത്യാഘാതം എത്രത്തോളമായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. റെഡ് കാറ്റഗറിയില്‍പ്പെട്ട വ്യവസായമാണ് ഒറിയോണിന്റെ ബാറ്ററി കമ്പനി.
മൂന്ന് ദളിത് കോളനികളാണ് കമ്പനിയുടെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നത്. കൂടാതെ കൊയിലാണ്ടി സര്‍ക്കാര്‍ കോളേജ്, മുചുകുന്ന് നോര്‍ത്ത് യു.പി സ്‌കൂള്‍, രണ്ട് അംഗന്‍വാടികള്‍, അകലാപ്പുഴ എന്നിവയും സമീപം തന്നെയാണ്. പൊതുകിണറും കമ്പനിയില്‍ നിന്ന് ഏറെ അകലെയല്ല. ജനവാസ കേന്ദ്രത്തില്‍ നിന്നും 50 മീറ്റര്‍ പോലും അകലെയല്ലാത്ത കമ്പനി ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞത് കമ്പനി ജനവാസകേന്ദ്രത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയാണെന്നാണ്.
പുഴയില്‍ നിന്നും ജലശയത്തില്‍ നിന്നും 500 മീറ്റര്‍ ദൂരത്തിനുള്ളില്‍ ബാറ്ററി നിര്‍മ്മാണശാല പാടില്ല എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. അകലാപ്പുഴയില്‍ നിന്നും 250 മീറ്റര്‍ മാത്രം അകലെയാണ് ഒറിയോണിന്റെ ബാറ്ററി നിര്‍മ്മാണ കമ്പനി എന്ന വസ്തുത മതിയാകും എത്രത്തോളം നിയമവിരുദ്ധമായാണ് കമ്പനി ആരംഭിക്കാന്‍ ശ്രമിക്കുന്നത് എന്ന്.
കമ്പനി പ്രവര്‍ത്തനം ആരംഭിച്ചാല്‍ പ്രദേശത്തെ കുടിവെള്ളത്തിലും മണ്ണിലും ലെഡിന്റെ അളവ് ക്രമാതീതമായി ഉയരുമെന്ന കാര്യം തീര്‍ച്ചയാണ്. ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഈ തലമുറയെ മാത്രമല്ല, വരും തലമുറയുടെ ആരോഗ്യത്തേയും ബാധിക്കും. ഒരു പ്രദേശത്തെയാകെ ജനങ്ങളെ ബാധിക്കുന്ന ഈ ഗുരുതരമായ പ്രശ്നത്തെ അധികൃതര്‍ വേണ്ടവിധത്തില്‍ ഗൗനിക്കുന്നില്ല എന്നതിന്റെ തെളിവാണ് മൂന്നാം കൊല്ലത്തിലേക്ക് കടന്ന ജനകീയസമരം.
നിലവിലെ അവസ്ഥ
കമ്പനി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എത്തിയപ്പോഴെല്ലാം അത് നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ മാസം പോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പൊലീസ് സംരക്ഷണയോടെ നിര്‍മ്മാണം നടത്താന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒറിയോണ്‍ കമ്പനി. സമരമാര്‍ഗത്തിലൂടെ മാത്രമല്ല നിയമത്തിന്റെ വഴിയിലും പോകുമെന്ന നിശ്ചയദാര്‍ഢ്യമുള്ള സമരസമിതി മറുവശത്ത് ശക്തമായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
55 ദിവസം മുന്‍പ് കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയപ്പോഴാണ് സമരപ്പന്തല്‍ വീണ്ടും ഉയര്‍ന്നത്. ഈ സമരം ഇപ്പോഴും തുടരുകയാണ്. ജനകീയമായ ഈ സമരം വിജയിക്കേണ്ടത് ഒരു ജനതയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്.