| Thursday, 10th January 2019, 2:14 pm

മോദിയെ വിരട്ടാനാണ് ഭാവമെങ്കില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ല; വെല്ലുവിളിയുമായി എം.ടി രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

നരേന്ദ്രമോദിജിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ലെന്നും മോദിയെ വിരട്ടാന്‍ തീരുമാനിച്ചാല്‍ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്നും അക്കാര്യം മനസിലാക്കിയാല്‍ നന്നെന്നും എം.ടി രമേശ് പറഞ്ഞു.

356 ാം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ ഭദ്രമാണ് എന്ന കാര്യം പിണറായി വിജയന്‍ മനസിലാക്കിയാല്‍ നന്ന്. ഈ വകുപ്പ് പ്രയോഗിക്കാന്‍ വലിയ പ്രയാസം ഒന്നും ഇല്ല. പിണറായിയെ വിരട്ടാന്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ധാരാളം മതി-എം.ടി രമേശ് പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി രമേശ്.

സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഈ ഗവര്‍മെന്റ് അധികകാലം ഇങ്ങനെ പോകില്ല. എല്ലാ കാലത്തും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട.

അടിയന്തരവാസ്ഥക്കാലത്ത് തങ്ങളെ പീഡിപ്പിച്ചവര്‍ ജയിലറകള്‍ക്കുള്ളിലാണ് പോയത്. ഇന്ന് 55 വയസ് കഴിഞ്ഞ് വിരമിക്കുമ്പോള്‍ നിങ്ങള്‍ സാധാരണക്കാരാണ് പുറത്തുവരുന്നതെന്ന് ഓര്‍ക്കുന്നത് നന്നെന്നും പൊലീസുകാരോടായി എം.ടി രമേശ് പറഞ്ഞു.

സാധാരണക്കാരാകുമ്പോള്‍ ജനം നിങ്ങളെ സാധാരണക്കാരെപ്പോലെ കൈകാര്യം ചെയ്യും. അതിനാല്‍ മാറിയ സാഹചര്യത്തില്‍ ബി.ജെ.പിയില്‍ ചേരാന്‍ ഇവര്‍ തിരക്കുകൂട്ടുകയാണെന്നും എം.ടി രമേശ് പറഞ്ഞു.

സി.പി.ഐ.എം ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസില്‍ നിന്നും അധികം ആനുകൂല്യം ഒന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എം.ടി രമേശ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more