| Monday, 8th June 2026, 5:40 pm

സൂര്യയെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതല്ല, അവന്‍ തിരിച്ചുവരും; മുന്‍ ഇന്ത്യന്‍ സെലക്ടര്‍

ഫസീഹ പി.സി.

ഇന്ത്യ ടി – 20 ക്യാപ്റ്റന്‍സിയില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ ബി.സി.സി.ഐ നീക്കം ചെയ്തിരുന്നു. ശ്രേയസ് അയ്യരെയാണ് ടീം പുതിയ ക്യാപ്റ്റനായി നിയമിച്ചത്. പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്ന് സ്ഥാനവും സൂര്യക്ക് നഷ്ടമായിരുന്നു. അയര്‍ലാന്‍ഡ്- ഇംഗ്ലണ്ട് പരമ്പരകളിലും ഏഷ്യന്‍ ഗെയിംസിനുമുള്ള ടീമില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ലോകകപ്പ് നേടിത്തന്ന ഒരു ക്യാപ്റ്റനെ ഇങ്ങനെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും സൂര്യക്ക് ജസ്പ്രീത് ബുംറയെയും ഹര്‍ദിക് പാണ്ഡ്യയെയും പോലെ വിശ്രമം നല്‍കിയതാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂവരും ഐ.സി.സി റാങ്കിങ്ങില്‍ മുന്‍നിരയിലുണ്ടെന്നും ബുംറയെയും ഹര്‍ദികിനെയും പോലെ സൂര്യയും ഉടനെ ടീമില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു എം.എസ്.കെ പ്രസാദ്.

‘ലോകകപ്പ് ജയിപ്പിച്ച ഒരു ക്യാപ്റ്റനെ ഇങ്ങനെ ഒഴിവാക്കാന്‍ പാടില്ല. അതും തൊട്ടടുത്ത അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം നല്‍കിയിട്ടുണ്ട്. അതുപോലെ സൂര്യകുമാര്‍ യാദവിനും വിശ്രമം നല്‍കിയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവന്‍ മികച്ചൊരു താരമാണ്. അവനെ വെറുതെ ഒഴിവാക്കാന്‍ സാധിക്കില്ല.

സെലക്ടര്‍മാര്‍ സൂര്യകുമാര്‍, ഹാര്‍ദിക്, ബുംറ വിശ്രമം നല്‍കിയതാണ്. ഈ മൂന്നുപേരും ദീര്‍ഘകാലമായി ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ താരങ്ങളായി തുടരുന്നത് ശ്രദ്ധേയമാണ്. ബുംറ ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്. അതിനാല്‍, അവര്‍ മൂന്നുപേര്‍ക്കും വിശ്രമം നല്‍കുന്നതില്‍ തെറ്റില്ല. ബുംറയെയും ഹര്‍ദി വൈകാതെ തന്നെ ടീമിലേക്ക് തിരികെ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ എം.എസ്.കെ പ്രസാദ് പറഞ്ഞു.

ഇന്ത്യന്‍ ടി – 20 ലോകകപ്പ് സമ്മാനിച്ചെങ്കിലും മോശം ഫോമാണ് സൂര്യക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. 2026 ടി – 20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രം തിളങ്ങിയ താരം ഐ.പി.എല്ലിലും പരാജയപ്പെട്ടിരുന്നു.

Content Highlight: MSK Prasad says Suryakumar Yadav might be rested not dropped from Indian T20I Team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more