തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം. ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് സജല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഇന്ന് ഞാനൊരു ചിരി കണ്ടു, വളരെ മനോഹരമായ ചിരി… ഏകതയും, തുല്യതയും, സാരേ ജഹാം സേ അച്ചാ ഉദ്ധരിച്ചു കൊണ്ടുള്ള ചിരി
ആ ചിരിക്കും ചിരിച്ചയാളുടെ വസ്ത്രത്തിനും ഒരേ നിറമായിരുന്നു. എത്ര പ്രകാശിതമാണെങ്കിലും മറ്റൊരാളുടെ കണ്ണീരിന്റെ വിലയുള്ള ചിരി…
പക്ഷെ അവള്‍ മിടുക്കിയാണ് ഭരണഘടന അവള്‍ക്ക് അനുവദിച്ചു നല്‍കിയ അവകാശത്തിനായി ശബ്ദമുയര്‍ത്തി. അവള്‍ പറയും, ഞാനായിരുന്നു ശരിയെന്ന്. കാരണം അവള്‍ എന്തിനു വേണ്ടിയാണോ സംസാരിച്ചത്, അതേ അവകാശം അനുഭവിച്ചുകൊണ്ടുതന്നെയാണ് അവള്‍ക്കെതിരെ അവര്‍ ചിരിച്ചത്. അതെ അവള്‍ തന്നെയാണ് ശരി.
ഇന്ന് കേരള ഹൈക്കോടതിയില്‍ മൗലിക, ഭരണഘടന അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഹൃദയ അഭിവാദ്യങ്ങള്‍,’ എന്നാണ് സജല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
തട്ടം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ത്ഥിനിയെ ചേര്‍ത്തുപിടിച്ച ചിത്രമായിരുന്നു അത്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചത്.
ഏത് സാഹചര്യത്തിലും ഒരു കുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കരുതെന്ന നിലപാടാണ് വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നത്.
അതേസമയം, തട്ടം വിവാദത്തില്‍ സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിന് കോടതിയില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇ.യുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
വിഷയത്തില്‍ സര്‍ക്കാരിന്റെയും നിലപാട് തേടിയാണ് ഹൈക്കോടതി സ്റ്റേ നിഷേധിച്ചത്
തട്ടം ധരിച്ചുകൊണ്ട് തന്നെ കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്നും ക്ലാസ് റൂമിലടക്കം തട്ടം ധരിച്ച് കൊണ്ട് കുട്ടിയെ പ്രവേശിപ്പിക്കണമെന്നും സ്‌കൂളിനോട് ആവശ്യപ്പെടുന്ന ഡി.ഡി.ഇയുടെ ഉത്തരവിനെതിരെയായിരുന്നു സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സ്‌കൂളിന്റെ അഭിഭാഷകയായ വിമല ബിനു ഹൈക്കോടതിയില്‍ വാദിച്ചത്.
എന്നാല്‍, ഡി.ഡി.ഇയുടെ ഉത്തരവ് റദ്ദ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. ജസ്റ്റിസ് വി.ജി. അരുണാണ് കേസ് പരിഗണിച്ചത്. ഇടക്കാല സ്റ്റേ എങ്കിലും വേണമെന്ന് സ്‌കൂളിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടങ്കിലും കോടതി ആ ആവശ്യവും തള്ളുകയായിരുന്നു.
Content Highlight: MSF National Secretary Adv. Sajal Ibrahim congratulates the Education Department on the St. Rita’s Public School Thattam controversy