| Thursday, 9th October 2025, 7:39 pm

'എം.എസ്.എഫ് തോറ്റു, മതേതരത്വം ജയിച്ചു'; യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.എം.ഒയിലെ കെ.എസ്.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുവള്ളി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എം.എസ്.എഫിനെതിരെ കൊടുവള്ളി കെ.എം.ഒയിലെ കെ.എസ്.യു നേതൃത്വം. ‘എം.എസ്.എഫ്. തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായാണ് കെ.എസ്.യു ആഹ്ലാദ പ്രകടനം നടത്തിയത്.

എം.എസ്.എഫില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു കെ.എസ്.യുവിന്റെ പ്രകടനം. മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള കൊടുവള്ളിയിലെ കെ.എം.ഒ കോളേജില്‍ വര്‍ഷങ്ങളായി യൂണിയന്‍ നേടിയിരുന്നത് എം.എസ്.എഫായിരുന്നു. നിലവിൽ ആകെയുള്ള എട്ടില്‍ ഏഴ് സീറ്റും നേടിയാണ് കെ.എം.ഒയിൽ കെ.എസ്.യു ജയിച്ചത്.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് (വ്യാഴം) നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വിവിധ ഇടങ്ങളില്‍ കെ.എസ്.യു-എം.എസ്.എഫ് സംഘര്‍ഷമുണ്ടായിട്ടുണ്ട്.

വയനാട്ടില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ടി. സിദ്ദിഖിനും ഐ.സി. ബാലകൃഷ്ണനുമെതിരെ പരസ്യമായാണ് എം.എസ്.എഫ് രംഗത്തെത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ‘നിയമസഭ കാണാമെന്ന് മോഹിക്കേണ്ട’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് എം.എസ്.എഫ് പ്രതിഷേധിച്ചത്.

അതേസമയം കോഴിക്കോട് വടകര കുരിക്കിലാട് കോ-ഓപ്പറേറ്റീവ് കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എസ്.യു പ്രവര്‍ത്തകനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ എസ്.എഫ്.ഐ വന്‍ വിജയമാണ് നേടിയിരിക്കുന്നത്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എം.എസ്.എഫില്‍ നിന്ന് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് ഉള്‍പ്പെടെ പിടിച്ചെടുത്തതാണ് എസ്.എഫ്.ഐ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

ഏതാനും കോളേജുകളില്‍ കെ.എസ്.യു-എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫും നേട്ടം കൊയ്തിട്ടുണ്ട്.

Content Highlight: ‘MSF lost, secularism won’; KMO KSU after union elections

We use cookies to give you the best possible experience. Learn more