| Saturday, 17th June 2023, 11:59 pm

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് എം.എസ്.എഫ് വിജയിപ്പിച്ചത് ലീഗ് നേതാവിനെ; 'പി.എം.എ സലാം മോഡല്‍' തട്ടിപ്പ് പ്രൈം ടൈം ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നില്ല: ആര്‍ഷോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാ സെനറ്റിലേക്ക് എം.എസ്.എഫ് മത്സരിപ്പിച്ചത് ലീഗ് നേതാവിനെയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. വിദ്യാര്‍ത്ഥി അല്ലാത്ത, ഗ്രാമ പഞ്ചായത്ത് ജീവനക്കാരനെ വിദ്യാര്‍ത്ഥിയാണെന്ന് വ്യാജമായി ചമച്ച് സെനറ്റില്‍ എത്തിച്ചത് ഒരു മാധ്യമവും പ്രൈം ടൈം ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നില്ല അദ്ദേഹം പറഞ്ഞു. കെ.എസ്.യുവിന്റെ സംസ്ഥാന കണ്‍വീനര്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തൊഴില്‍ നേടിയ വിവരവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.

‘കാലിക്കറ്റ് സര്‍വകലാശാ സെനറ്റിലേക്ക് എം.എസ്.എഫ് മത്സരിപ്പിച്ചതും വിജയിപ്പിച്ചതും ലീഗ് ഭരിക്കുന്ന തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ചെയ്യുന്ന ലീഗ് നേതാവിനെ.

വിദ്യാര്‍ത്ഥി അല്ലാത്ത, ഗ്രാമ പഞ്ചായത്ത് ജീവനക്കാരനെ വിദ്യാര്‍ത്ഥിയാണെന്ന് വ്യാജമായി ചമച്ച് സെനറ്റില്‍ എത്തിച്ച ‘പി.എം.എ സലാം മോഡല്‍ ‘ തട്ടിപ്പ് ഏതെങ്കിലും മാധ്യമം പ്രൈം ടൈം ചര്‍ച്ച ചെയ്യുമെന്ന് കരുതാന്‍ മാത്രം നിഷ്‌കളങ്കത ഞങ്ങള്‍ക്കില്ല.

പരാതിയുമായി ഞങ്ങള്‍ മുന്നോട്ട് പോകും, തട്ടിപ്പുകാരനെ സര്‍വകലാശാല അയോഗ്യനാക്കിയാലും നിങ്ങളുടെ പ്രൈം ടൈം ഡിബേറ്റിന്റെ പരിസരത്തു പോലും ആ വാര്‍ത്ത എത്തില്ലെന്നറിയാം. വിരോധം ലവലേശം ഇല്ല.

എസ്.എഫ്.ഐയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എരിവ് പകരാന്‍ മുഖ്യമന്ത്രിയുടെ മുതല്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ വരെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്ററടിച്ച ഒരൊറ്റ മാധ്യമത്തിനും പി.എം.എ സലാമിന്റെ ചിത്രം ഗൂഗിളില്‍ പോലും ചികയാന്‍ സമയമുണ്ടാവില്ല.

കെ.എസ്.യുവിന്റെ സംസ്ഥാന കണ്‍വീനര്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തൊഴില്‍ നേടിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഏതോ കാലത്ത് കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചതോ കെഎസ്.യുവുമായി മുള്ളിയാല്‍ തെറിച്ചുണ്ടായ ബന്ധമോ അല്ല. നിലവില്‍ കെ.എസ്.യുവിന്റെ സംസ്ഥാന കണ്‍വീനറാണ് ഈ തട്ടിപ്പുകാരന്‍.

സോഷ്യല്‍ മീഡിയയില്‍ ഇടത് സര്‍ക്കിളുകളില്‍ പരസ്പരം പറഞ്ഞു തീര്‍ത്തു എന്നല്ലാതെ ധാര്‍മിക രോഷം പൊട്ടിയൊഴുകുന്ന ഒരൊറ്റ മാധ്യമവും അറിയാതെ പോലും നാട്ടുകാരോട് ആ വാര്‍ത്ത പറഞ്ഞിട്ടില്ല. സഖാവ് ധീരജിന്റെ കൊലയാളികളായ ക്രിമിനലുകളെ കെ.എസ്.യു ജില്ലാ – സംസ്ഥാന നേതൃത്വത്തിലേക്ക് ‘പ്രൊമോഷന്‍’ കൊടുത്ത് ഉയര്‍ത്തിയപ്പോഴും രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തപ്പോഴും മാധ്യമങ്ങളെ മാത്രമല്ല,
ഇന്ന് എസ്.എഫ്.ഐക്ക് ക്ലാസെടുക്കാന്‍ വരി നിന്ന ഒരൊറ്റ സാംസ്‌കാരിക ബുദ്ധിജീവികളെയും ആ പരിസരത്തു പോലും കണ്ടിട്ടില്ല,’ ആര്‍ഷോ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പഞ്ചായത്ത് പ്രൊജക്ട് അസിസ്റ്റന്റായി പണിയെടുക്കുന്നവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്ക് മത്സരിക്കാം. ഒരൊറ്റ നിബന്ധനയേ ഉള്ളൂ ,
എം.എസ്.എഫില്‍ നിന്ന് റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞ് നില്‍ക്കുന്ന മുസ്‌ലിം ലീഗ് നേതാവായിരിക്കണം.

എസ്.എഫ്.ഐക്കെതിരെ പടച്ചുണ്ടാക്കുന്ന ഉണ്ടായില്ലാ വെടികള്‍ക്കിടയില്‍ ഇനിയെന്ത് വ്യാജ വാര്‍ത്ത കൊടുക്കും എന്നറിയാതെ കഷ്ടപ്പെടുന്ന മാധ്യമ സുഹൃത്തുക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സമയം കിട്ടില്ലെന്നുറപ്പുള്ള ‘തെളിവോടെയുള്ള’ ഒന്നാന്തരമൊരു തട്ടിപ്പിന്റെ വിവരം തരാം.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തന്നെ മുന്‍പ് പരസ്യമാക്കിയ തട്ടിപ്പിന്റെ തെളിവ് തന്നെ. കഴിഞ്ഞ ദിവസമായിരുന്നു കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പോ തന്നെ ഉഡായിപ്പ് കാണിച്ചു തിരുകി കയറ്റാന്‍ ശ്രമിച്ച 23 കൗണ്‍സിലര്‍മാരെ ബഹു. കേരള ഹൈക്കോടതി എടുത്ത് തോട്ടില്‍ എറിഞ്ഞിരുന്നു.

‘മുണ്ടും മുണ്ടും’ എന്ന് വിരട്ടാന്‍ ഇറങ്ങിയിരിക്കുന്ന കൂട്ടത്തിലെ ഒരൊറ്റ മാധ്യമം പോലും അന്ന് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ കൂട്ടാക്കിയില്ല. ഓര്‍ക്കണം, തെരഞ്ഞെടുക്കപ്പെടാതെ ‘പേരെഴുതിക്കൊടുത്ത്’ ജയിപ്പിച്ച ’23 തട്ടിപ്പുകാരെ’ ആണ് കോടതി അയോഗ്യരാക്കിയത്.

അത് മാധ്യമങ്ങള്‍ക്ക് ‘വെണ്ടയ്ക്കാ’ മുഴുപ്പുള്ള ബ്രേക്കിങ്ങ് ആയിരുന്നില്ല. വിഷയം അതല്ല, വിദ്യാര്‍ത്ഥി മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ വേണ്ട ഏക യോഗ്യത സര്‍വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സമയ വിദ്യാര്‍ത്ഥി ആയിരിക്കണം എന്നത് മാത്രമാണ്.

എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാ സെനറ്റിലേക്ക് എം.എസ്.എഫ് മത്സരിപ്പിച്ചതും വിജയിപ്പിച്ചതും ലീഗ് ഭരിക്കുന്ന തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ചെയ്യുന്ന ലീഗ് നേതാവിനെ.

വിദ്യാര്‍ത്ഥി അല്ലാത്ത, ഗ്രാമ പഞ്ചായത്ത് ജീവനക്കാരനെ വിദ്യാര്‍ത്ഥിയാണെന്ന് വ്യാജമായി ചമച്ച് സെനറ്റില്‍ എത്തിച്ച ‘പി.എം.എ സലാം മോഡല്‍ ‘ തട്ടിപ്പ് ഏതെങ്കിലും മാധ്യമം പ്രൈം ടൈം ചര്‍ച്ച ചെയ്യുമെന്ന് കരുതാന്‍ മാത്രം നിഷ്‌കളങ്കത ഞങ്ങള്‍ക്കില്ല.

പരാതിയുമായി ഞങ്ങള്‍ മുന്നോട്ട് പോകും, തട്ടിപ്പുകാരനെ സര്‍വകലാശാല അയോഗ്യനാക്കിയാലും നിങ്ങളുടെ പ്രൈം ടൈം ഡിബേറ്റിന്റെ പരിസരത്തു പോലും ആ വാര്‍ത്ത എത്തില്ലെന്നറിയാം. വിരോധം ലവലേശം ഇല്ല.

എസ്.എഫ്.ഐയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എരിവ് പകരാന്‍ മുഖ്യമന്ത്രിയുടെ മുതല്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ വരെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്ററടിച്ച ഒരൊറ്റ മാധ്യമത്തിനും പി.എം.എ സലാമിന്റെ ചിത്രം ഗൂഗിളില്‍ പോലും ചികയാന്‍ സമയമുണ്ടാവില്ല.

കെ.എസ്.യുവിന്റെ സംസ്ഥാന കണ്‍വീനര്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തൊഴില്‍ നേടിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഏതോ കാലത്ത് കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചതോ കെഎസ്.യുവുമായി മുള്ളിയാല്‍ തെറിച്ചുണ്ടായ ബന്ധമോ അല്ല. നിലവില്‍ കെ.എസ്.യുവിന്റെ സംസ്ഥാന കണ്‍വീനറാണ് ഈ തട്ടിപ്പുകാരന്‍.

സോഷ്യല്‍ മീഡിയയില്‍ ഇടത് സര്‍ക്കിളുകളില്‍ പരസ്പരം പറഞ്ഞു തീര്‍ത്തു എന്നല്ലാതെ ധാര്‍മിക രോഷം പൊട്ടിയൊഴുകുന്ന ഒരൊറ്റ മാധ്യമവും അറിയാതെ പോലും നാട്ടുകാരോട് ആ വാര്‍ത്ത പറഞ്ഞിട്ടില്ല. സഖാവ് ധീരജിന്റെ കൊലയാളികളായ ക്രിമിനലുകളെ കെ.എസ്.യു ജില്ലാ – സംസ്ഥാന നേതൃത്വത്തിലേക്ക് ‘പ്രൊമോഷന്‍’ കൊടുത്ത് ഉയര്‍ത്തിയപ്പോഴും രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തപ്പോഴും മാധ്യമങ്ങളെ മാത്രമല്ല,
ഇന്ന് എസ്.എഫ്.ഐക്ക് ക്ലാസെടുക്കാന്‍ വരി നിന്ന ഒരൊറ്റ സാംസ്‌കാരിക ബുദ്ധിജീവികളെയും ആ പരിസരത്തു പോലും കണ്ടിട്ടില്ല.

അതുകൊണ്ട് വളരെ ബഹുമാനത്തോടെ തന്നെ പറഞ്ഞുകൊള്ളട്ടെ,
നിങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അജണ്ടകള്‍ പൂര്‍വ്വാധികം ഭംഗിയായി ചെയ്ത് കൊള്ളുക. അതിന്റെ ഒപ്പം നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ അളിഞ്ഞ വായ്ത്താരികളുമായി ദയവ് ചെയ്ത് എസ്.എഫ്.ഐക്ക് ക്ലാസെടുക്കാന്‍ വരരുത്.

CONTENT HIGHLIGHTS: MSF elects League leader to Calicut University Senate; ‘PMA Salam Model’ scandal not expected to be discussed on prime time: Arsho

Latest Stories

We use cookies to give you the best possible experience. Learn more