ചെന്നൈ: ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കത്തിലെ പതിനൊന്നാം സീസണിന് ആരവമുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ക്രിക്കറ്റ് ആരാധകരും താരങ്ങളും ആവേശത്തിലാണ്. രണ്ട് വര്‍ഷത്തിന് ശേഷം ചെന്നൈ സൂപ്പര്‍കിംഗ്സ് തിരിച്ചുവരുന്നു എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ ഐ.പി.എല്ലിന്. ലീഗില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.
രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചുവരുന്ന ടീമിനെ കുറിച്ച് നായകന്‍ മഹേന്ദ്ര സിങ് ധോണി വികാരാധീനനായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചെന്നൈ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു പ്രൊമോഷണല്‍ പരിപാടിക്കിടെയാണ് ധോണി വികാരാധീനനായി സംസാരിച്ചത്. എല്ലാ കാലത്തും ടീമിന് സ്നേഹവും പിന്തുണയും നല്‍കിയ ആരാധകരോട് ധോണി നന്ദി പറയുന്നുണ്ട് വിഡോയില്‍.
ഐ.പി.എല്‍ തുടക്കം മുതല്‍ ചെന്നൈയ്ക്കൊപ്പമുണ്ടായിരുന്ന ധോണി വിലക്ക് നേരിട്ട രണ്ടു സീസണുകളില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിന്റെ താരമായിരുന്നു. പൂനെയുടെ അരങ്ങേറ്റ സീസണില്‍ ടീമിനെ നയിച്ച ധോണിക്കെതിരെ ടീമുടമകള്‍ തന്നെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. ലീഗില്‍ നടത്തിയ മോശം പ്രകടനം തന്നെയാണ് വിമര്‍ശനത്തിന് കാരണമായത്. കഴിഞ്ഞ സീസണില്‍ ധോണിയെ മാറ്റി പൂനെ സ്റ്റീവ് സ്മിത്തിനെ നായകനാക്കുകയും ചെയ്തു.
ഇതുവരെ 159 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച ധോണി 3561 റണ്‍സാണ് നേടിയിട്ടുള്ളത്. 17 ഐ പി എല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ 70 റണ്‍സാണ്.
അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് പ്രധാന താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഉണര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. നായകന്‍ ധോണിയും സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയ്ക്കും പുറമെ മുംബൈ ഇന്ത്യന്‍സില്‍ നിന്നും ചെന്നൈയിലേക്കെത്തിയ ഹര്‍ഭജന്‍ സിങ്ങും തുടക്കം മുതലേ പരിശീലന ക്യാമ്പിലുണ്ട്.