| Wednesday, 4th February 2026, 11:30 am

രോ - കോ 2027 ലോകകപ്പിലുണ്ടാവുമോയെന്ന് ചോദ്യം; എന്തുകൊണ്ട് കളിച്ചുകൂടെന്ന് ധോണി

ഫസീഹ പി.സി.

2027ൽ ഏകദിന ലോകകപ്പിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കളിക്കുന്നതിനെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി. പ്രായം നോക്കി ഒരാളെ ടീമിൽ നിന്ന് മാറ്റിനിർത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫിറ്റ്നസാണ് ടീം തെരഞ്ഞെടുപ്പിൽ മാനദണ്ഡമാകേണ്ടതെന്നും എല്ലാവരെയും ഒരുപോലെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് കമന്റേറ്ററായ ജതിൻ സപ്രു വുമായി സംസാരിക്കുകയായിരുന്നു ധോണി.

എം.എസ്. ധോണി. Photo: Johns/x.com

രോഹിതും വിരാടും 2027 ലോകകപ്പിൽ കളിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന സപ്രുവിന്റെ ചോദ്യത്തിന് എന്തുകൊണ്ട് പറ്റില്ലെന്ന് മറുചോദ്യമുയർത്തിയാണ് ധോണി നേരിട്ടത്.

‘എന്തുകൊണ്ട് പറ്റില്ല? എന്തുകൊണ്ട് ഒരാൾ അടുത്ത ലോകകപ്പിൽ കളിക്കാതിരിക്കണം? എന്നെ സംബന്ധിച്ചിടത്തോളം പ്രായം ഒരു മാനദണ്ഡമേയല്ല. ഒരാളുടെ പ്രകടനവും ഫിറ്റ്നസുമാണ് ഏറ്റവും പ്രധാനം.

എല്ലാവരെയും ഒരുപോലെ പരിഗണിക്കണം. അവർ മികച്ച പ്രകടനങ്ങൾ നടത്തുകയും രാജ്യത്തിനായി എന്തും ചെയ്യാൻ തയ്യാറാണെങ്കിൽ എന്തിന് മാറ്റി നിർത്തണം.

നിങ്ങൾക്ക് എങ്ങനെ പരിചയസമ്പന്നരായ കളിക്കാരെ ലഭിക്കും. സച്ചിൻ ടെൻഡുകർ അല്ലാത്തപക്ഷം 20 വയസുകാരനായ ഒരു അനുഭവ പരിചയുമുള്ള താരത്തെ ലഭിക്കില്ല. എല്ലാവരെയും തുല്യമായി പരിഗണിക്കൂ. രോഹിതും വിരാടും മികച്ച പ്രകടനങ്ങൾ നടത്തിയാൽ ടീമിലുണ്ടാവും. ഫോമില്ലെങ്കിൽ സ്വാഭാവികമായും അവരിരുവരും ടീമിന് പുറത്താകും,’ ധോണി പറഞ്ഞു.

രോഹിത് ശർമയും വിരാട് കോഹ്‌ലിയും.Photo: BCCI/x.com

ടെസ്റ്റിൽ നിന്നും ടി – 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം രോഹിതും വിരാടും ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. മാസങ്ങളുടെ ഇടവേളയിൽ നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തിയ ഇരുവരും തകർത്ത് കളിക്കുന്നതാണ് ആരാധകർ സാക്ഷിയായത്. ഓസ്‌ട്രേലിയയിൽ ആദ്യ മത്സരങ്ങളിൽ വിരാട് നിറം മങ്ങിയെങ്കിലും പിന്നീടുള്ള പരമ്പരയിൽ താരം ഫോമിലേക്ക് തിരിച്ചെത്തി.

അതേസമയം, രോഹിത് ഓസ്‌ട്രേലിയയിലും പ്രോട്ടിയാസിന് എതിരെയും മികച്ച ഇന്നിങ്‌സ് പുറത്തെടുത്തപ്പോൾ കിവീസിന് എതിരെ മാത്രമാണ് തിളങ്ങാതിരുന്നത്. ഏകദിനത്തിൽ മികച്ച രീതിയിൽ ബാറ്റേന്തുപ്പോഴും ഇരുവരും 2027 ലോകകപ്പിന് ഉണ്ടാവുമെന്ന കാര്യത്തിൽ ഇന്ത്യൻ മാനേജ്‍മെന്റ് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.

Content Highlight: MS Dhoni talks about Rohit Sharma and Virat Kohli’s participation in 2027 ODI World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more