ഐ.പി.എല്ലില്‍ സ്വന്തം തട്ടകത്തില്‍ വെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. ചെപ്പോക്കില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈ അനായാസം വിജയം സ്വന്തമാക്കിയിരുന്നു.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈ എതിരാളികളെ 134 എന്ന ചെറിയ സ്‌കോറില്‍ തളച്ചിട്ടിരുന്നു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ പ്രകടനമാണ് ചെന്നൈക്ക് തുണയായത്.
135 റണ്‍സ് ലക്ഷ്യമായിറങ്ങിയ ചെന്നൈ ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 57 പന്തില്‍ നിന്നും 12 ബൗണ്ടറിയും ഒരു സിക്‌സറുമായി 77 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയുടെ ഇന്നിങ്‌സാണ് ചെന്നൈയെ അനായാസ വിജയത്തിലേക്കെത്തിച്ചത്.
ജഡേജയുടെയും കോണ്‍വേയുടെയും പ്രകടനത്തിന് പുറമെ ചര്‍ച്ചയായ മറ്റൊരു താരം കൂടി ചെപ്പോക്കിലുണ്ടായിരുന്നു, മറ്റാരുമല്ല തല ധോണിയായിരുന്നുവത്. പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വിക്കറ്റിന് പിന്നില്‍ നിര്‍ണായകമായ ധോണി സ്റ്റംപിങ്ങും ക്യാച്ചും റണ്‍ ഔട്ടുമായാണ് ചെന്നൈക്കായി തിളങ്ങിയത്.
യുവതാരം മതീശ പതിരാനയുടെ പന്തില്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിനെ ക്യാച്ചെടുത്ത് മടക്കിയ ധോണി ഒരു റെക്കോഡും സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്.
പ്രോട്ടീസ് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ മറികടന്നാണ് ധോണി നേട്ടം സ്വന്തമാക്കിയത്. വിക്കറ്റിന് പിന്നില്‍ 208 തവണയാണ് ധോണി എതിരാളികളെ കൈപ്പിടിയിലൊതുക്കിയത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ ക്യാച്ചെടുത്ത് എതിരാളികളെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍മാര്‍
(താരം – ക്യാച്ച്- രാജ്യം എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 208 – ഇന്ത്യ
ക്വിന്റണ്‍ ഡി കോക്ക് – 207 – സൗത്ത് ആഫ്രിക്ക
ദിനേഷ് കാര്‍ത്തിക് – 205 – ഇന്ത്യ
കമ്രാന്‍ അക്മല്‍ – 172 – പാകിസ്ഥാന്‍
ദിനേഷ് രാംദിന്‍ – 150 – വെസ്റ്റ് ഇന്‍ഡീസ്
സണ്‍റൈസേഴ്‌സിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്താനും ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചു. ആറ് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്.
ഏപ്രില്‍ 23നാണ് ചെന്നൈയുടെ അടുത്ത മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Content Highlight: MS Dhoni surpasses Quinton de Kock for the record