| Friday, 13th February 2026, 9:04 am

ഫെബ്രുവരി 14 ഏപ്രില്‍ ഫൂള്‍സ് ഡേയാണ്; ധനുഷുമായുള്ള വിവാഹത്തില്‍ പ്രതികരിച്ച് മൃണാള്‍ താക്കൂര്‍

അശ്വിന്‍ രാജേന്ദ്രന്‍

2012 ല്‍ ഹിന്ദി സീരിയിലുകളിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് 2018 ല്‍ പുറത്തിറങ്ങിയ ലവ് സോണിയ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മൃണാള്‍ താക്കൂര്‍. ഹനു രാഘവപുടി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സീതാരാമത്തിലൂടെ സൗത്ത് ഇന്ത്യയിലും താരം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെ തമിഴ് സൂപ്പര്‍ താരം ധനുഷും മൃണാള്‍ താക്കൂറും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയില്‍ വിവാഹിതരാകുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മൃണാള്‍ അഭിനയിച്ച സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്ക് ധനുഷ് പങ്കെടുത്തത് മുതലാണ് സൈബര്‍ ലോകം ഇരുവരുടെയും വിവാഹം നടക്കാന്‍ പോകുന്നുവെന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പരിഹാസമുയര്‍ന്നിരുന്നു. ധനുഷിനെ ബോഡി ഷെയ്മിങ്ങ് ചെയ്യുന്ന രീതിയിലടക്കമായിരുന്നു പല ഹാന്‍ഡിലുകളില്‍ നിന്നുമുള്ള കമന്റുകളും പോസ്റ്റുകളും.

മൃണാള്‍ താക്കൂര്‍. Photo: Deccan Chronicle

ദിവസങ്ങള്‍ക്കകം മൃണാളിന്റെയും ധനുഷിന്റയും അടുത്ത വൃത്തങ്ങള്‍ വിഷയത്തില്‍ വ്യക്തത വരുത്തിയിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും വിവാഹം കഴിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നുമായിരുന്നു വിശദീകരണം. ഇപ്പോഴിതാ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാള്‍. ഗലാട്ട പ്ലസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയത്.

നിങ്ങള്‍ വിവാഹിതയാകാന്‍ പോകുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ അടുത്തെങ്ങും വിവാഹം കഴിക്കുന്നില്ലെന്നും ഫെബ്രുവരി 14 ഏപ്രില്‍ ഒന്നിലെ പോലെ ഫൂള്‍സ് ദിവസമാകാന്‍ പോകുകയാണ് എന്നുമായിരുന്നു താരത്തിന്റെ മറുപടി. ആരാണ് ഇത് തുടങ്ങിയതെന്ന് അറിയില്ലെന്നും താന്‍ പറയാത്ത കാര്യം പറഞ്ഞു എന്ന് വരുത്തി തീര്‍ത്താണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും താരം പറയുന്നു.

തങ്ങള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് ആളുകള്‍ പ്രചരിപ്പിക്കുന്നതെന്നും മുമ്പ് ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിദ്ധാന്ത് ചതുര്‍വേദി തന്നെ ചുംബിച്ചെന്ന് പറഞ്ഞുകൊണ്ട് വലിയ രീതിയില്‍ തെറ്റായ പ്രചരണം നടന്നുവെന്നും മൃണാള്‍ പറയുന്നു. എ.ഐ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാവുന്ന വളരെ ഭയപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ദോ ദീവാനെ സഹര്‍ മെയിന്‍. Photo: BOOK My Show

രവി ഉദയവാര്‍ സംവിധാനം ചെയ്ത് സിദ്ധാന്ത് ചതുര്‍വേദി നായകവേഷത്തിലെത്തുന്ന ദോ ദീവാനെ സഹര്‍ മെയിന്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. റൊമാന്‍സ് ഡ്രാമാ ഴോണറിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 20 നാണ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ സന്ദീപ ധര്‍, ഇള അരുണ്‍, അയിഷ റസ, നവീന്‍ കൗശിക് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Mrunal thakur talks about fake news about her marriage with Dhanush on February 14

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more