| Friday, 8th August 2025, 7:07 am

രണ്ട് തവണ ഞാന്‍ ബര്‍ത്ത് ഡേ വിഷ് ചെയ്തപ്പോളും ദുല്‍ഖര്‍ വല്ലാതെ അസ്വസ്ഥനായിരുന്നു: മൃണാള്‍ താക്കൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീതാ രാമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് മൃണാള്‍ താക്കൂര്‍. മറാത്തി സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച താരത്തിന് ബ്രേക്ക് ത്രൂ ആയ ചിത്രമായിരുന്നു സീതാ രാമം. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഈയൊരൊറ്റ സിനിമയിലൂടെ ശ്രദ്ധ നേടാന്‍ മൃണാളിന് സാധിച്ചു. മലയാളികളുടെ സ്വന്തം ദുല്‍ഖറായിരുന്നു സീതാ രാമത്തില്‍ മൃണാളിന്റെ നായകന്‍.

ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. താന്‍ ദുല്‍ഖറിന്റെ കടുത്ത ആരാധികയാണെന്ന് പലപ്പോഴായി മൃണാള്‍ പറഞ്ഞിട്ടുണ്ട്. സീതാ രാമത്തിന്റെ സമയത്ത് ദുല്‍ഖര്‍ വല്ലാതെ അസ്വസ്ഥനായിരുന്നെന്ന് പറയുകയാണ് മൃണാള്‍. ആ സിനിമയുടെ റിസല്‍ട്ട് എന്താകുമെന്ന കാര്യം ആലോചിച്ചാണ് ദുല്‍ഖര്‍ അങ്ങനെ പെരുമാറിയതെന്ന് താരം പറഞ്ഞു.

‘ആ സിനിമ നന്നായി വരുമെന്നും നമ്മള്‍ രണ്ടും നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ദുല്‍ഖറിനെ ഓക്കെയാക്കി. പിന്നീട് ഈ വര്‍ഷത്തെ ബര്‍ത്ത് ഡേയ്ക്ക് ഞാന്‍ വിഷ് ചെയ്തപ്പോഴും അയാള്‍ വീണ്ടും നെര്‍വസായി. ഇത്തവണ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ കാന്ത എന്ന സിനിമയാണെന്നായിരുന്നു മറുപടി.

ആ പടത്തിന്റെ ടീസര്‍ ഞാന്‍ കണ്ടിരുന്നു. അപാരമായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. ‘എന്തൊരു പെര്‍ഫോമന്‍സാണ് തന്റേത്. എല്ലാവരെയും ഞെട്ടിച്ചല്ലോ’ എന്നായിരുന്നു ടീസര്‍ കണ്ടിട്ട് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞത്. എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഞാന്‍ ദുല്‍ഖറിനെ ഓക്കെയാക്കാന്‍ ശ്രമിച്ചു,’ മൃണാള്‍ താക്കൂര്‍ പറയുന്നു.

തന്നെപ്പോലെയായാല്‍ മതിയായിരുന്നു എന്ന് ദുല്‍ഖര്‍ തന്നോട് പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. അധികം കാര്യങ്ങളെക്കുറിച്ച് ടെന്‍ഷനാകാതെ ചില്‍ ആയി നടക്കാന്‍ ആഗ്രഹമുണ്ടെന്ന് അയാള്‍ തന്നോട് പങ്കുവെച്ചെന്നും മൃണാള്‍ പറയുന്നു. തനിക്ക് എല്ലാ കാര്യത്തിലും ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് ആലോചിച്ച് അധികം സ്‌ട്രെസ് എടുക്കാന്‍ താത്പര്യമില്ലെന്നും താരം പറഞ്ഞു.

ഷൂട്ടെല്ലാം കഴിഞ്ഞ ശേഷം അധികം ടെന്‍ഷനൊന്നും അടിക്കാതെ വെക്കേഷന് പോകാനും സ്വയം എന്‍ജോയ് ചെയ്യാനും ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും പലപ്പോഴും അങ്ങനെ ചെയ്ത് പോകാന്‍ ശ്രമിക്കാറുണ്ടെന്നും മൃണാള്‍ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതം അങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും താരം പറയുന്നു. ഇന്‍സ്റ്റന്റ് ബോളിവുഡിനോട് സംസാരിക്കുകയായിരുന്നു മൃണാള്‍ താക്കൂര്‍

Content Highlight: Mrunal Thakur shares her bond with Dulquer Salmaan since Sita Ramam movie

We use cookies to give you the best possible experience. Learn more