സീരിയല്‍ രംഗത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മൃണാള്‍ താക്കൂര്‍. മറാത്തി സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച താരത്തിന് ബ്രേക്ക് ത്രൂ ആയ ചിത്രമായിരുന്നു സീതാ രാമം. ഹനു രാഘവപുടിയുടെ സംവിധാനത്തില്‍ 2022ല്‍ തിയേറ്ററുകളിലെത്തിയ സീതാ രാമം വലിയ വിജയം നേടി.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാന, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. സീതാ രാമത്തിന് ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മൃണാള്‍ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ഒരു ഹിന്ദി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മൃണാള്‍ നടന്‍ നാനിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. നാനി ഒരു അസാധ്യ പെര്‍ഫോമറാണെന്നും അദ്ദേഹത്തെ നാച്ചുറല്‍ സ്റ്റാര്‍ എന്ന് പ്രേക്ഷകര്‍ വിളിക്കുന്നതിന് കാരണമുണ്ടെന്നും താരം പറയുന്നു.
‘നാനി ഗാരുവിനെ പ്രേക്ഷകര്‍ നാച്ചുറല്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നതിന് കാരണമുണ്ട്, കാരണം അദ്ദേഹം അത്രയും നാച്ചുറലാണ്. അഭിനയത്തിലാണെങ്കിലും ഒരു വ്യക്തി എന്ന നിലയിലാണെങ്കിലും വളരെ നാച്ചുറലാണ്. പിന്നെ അദ്ദേഹത്തിന്റെ സ്വാഭാവത്തിന് എന്തോ ഒരു ആകര്‍ഷണീയതയുണ്ട്. പെട്ടെന്ന് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത് പോലുള്ള ഒരു പ്രകൃതമാണ്.
പിന്നെ അസാമാന്യ പെര്‍ഫോമറാണ്. ദസര എന്ന സിനിമയിലെ നാനിയുടെ പെര്‍ഫോമന്‍സും ഹായ് നാനയിലെ പെര്‍ഫോമന്‍സും ഒന്ന് താരതമ്യപ്പെടുത്തിയാല്‍ തന്നെ നാനിയുടെ റേയ്ഞ്ച് മനസിലാക്കും. അത് ശരിക്കും ഗോഡ് ഗിഫ്റ്റഡാണ്. അതുപോലെ പ്രകാശ് രാജ് സാറും അങ്ങനെയാണ്. കോ ആക്ടേഴ്‌സിനോടുള്ള അദ്ദേഹത്തിന്റെ ബോണ്ട്, ആ കെമിസ്ട്രി എടുത്ത് പറയണം. അത് വളെര മനോഹരമാണ്,’ മൃണാള്‍ താക്കൂര്‍ താക്കൂര്‍ പറയുന്നു.
തന്റെ ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ളതെന്നും ഒരു സ്വീറ്റ് സൈഡ് മാത്രമേ താന്‍ ഇതുവരെ സിനിമയില്‍ എക്‌സപ്ലോര്‍ ചെയ്തിട്ടുള്ളുവെന്നും മൃണാള്‍ പറയുന്നു. തനിക്ക് അതിന് ഒപ്പോസിറ്റായി നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
പൂജ മേരി ജാന്‍, രാക്ക എന്നീ സിനിമകളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന രാക്ക സംവിധാനം ചെയ്യുന്നത് അറ്റ്‌ലിയാണ്. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Mrunal Thakur says there is a reason why Nani is called a natural star