| Monday, 14th April 2025, 12:16 pm

എം.ആര്‍. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പോറ്റുമകന്‍, ഡി.ജി.പിയുടെ ശുപാര്‍ശയില്‍ നീതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹേബിന്റെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്ന് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും തൃണമൂല്‍ നേതാവുമായ പി.വി. അന്‍വര്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് മൂന്ന് മക്കളാണ് ഉള്ളതെന്നും എം.ആര്‍. അജിത് കുമാര്‍ അദ്ദേഹത്തിന്റെ പോറ്റുമകനാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറ്റ് രണ്ട് മക്കളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മരുമകനാണെന്നും മൂന്നാമത്തെയാള്‍ കെ.എം. എബ്രഹാമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചീട്ട് നല്‍കിയതെന്നും അന്‍വര്‍ ചോദിച്ചു. സ്വത്തുസമ്പാദനത്തില്‍ അജിത് കുമാറിനെതിരെ താന്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു.

കരിപ്പൂരില്‍ 150ലധികം സ്വര്‍ണക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ 25 പേരെയെങ്കിലും വിളിച്ച് നോക്കണമെന്ന് തന്നെ ചോദ്യം ചെയ്തവരോട് ആവശ്യപ്പെട്ടിരുന്നതായും അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ നിലവില്‍ കുടുംബാധിപത്യ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകളുമെല്ലാം പണം ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് കരുതി എം.ആര്‍. അജിത് കുമാര്‍ നന്നായിയെന്ന് കരുതുന്നില്ലെന്നും മുന്‍ എം.എല്‍.എ പറഞ്ഞു. അജിത് കുമാറിനെതിരെ ഡി.ജി.പി അല്ല രാഷ്ട്രപതി ശുപാര്‍ശ നല്‍കിയാലും മുഖ്യമന്ത്രി സ്വീകരിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു.

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നിടത്തോളം അജിത് കുമാര്‍ സുരക്ഷിതമാണെന്നും എ.ഡി.ജി.പിക്കെതിരെ നേരത്തെ നടപടി വേണമായിരുന്നുവെന്നും പി.വി. അന്‍വര്‍ പറഞ്ഞു. ഈ വിഷയത്തില്‍ നീതി ലഭിക്കുമെന്ന് കരുതേണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയതില്‍ കേസെടുക്കാമെന്നാണ് ഡി.ജി.പി ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിനെതിരെ സിവില്‍-ക്രിമിനല്‍ കേസുകള്‍ എടുക്കാമെന്നാണ് ഡി.ജി.പിയുടെ ശുപാര്‍ശ.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല.

വ്യാജ മൊഴിയില്‍ നടപടി ആവശ്യപ്പെട്ട് പി.വിജയന്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഡി.ജി.പിയോട് അഭിപ്രായം തേടുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസുകളില്‍ പി. വിജയനും പങ്കുണ്ടെന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. ഇക്കാര്യം എസ്.പി സുജിത് തന്നോട് പറഞ്ഞതാണെന്നും സജിത് കുമാര്‍ പറഞ്ഞിരുന്നു.

Content Highlight: MR Ajith Kumar is the grandson of the Chief Minister, don’t expect justice from the DGP’s recommendation: PV Anvar

We use cookies to give you the best possible experience. Learn more