ഭോപ്പാല്‍: മധ്യപ്രദേശില്‍ കടലാസില്‍ ഭക്ഷണം കഴിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വിധേയമായതോടെ സ്ഥലത്തെത്തി ബി.ജെ.പി നേതാക്കള്‍.
ഷിയോപൂര്‍ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇത്രയുംകാലം കടലാസില്‍ വെച്ച് ഭക്ഷണം കഴിച്ചിരുന്നത്. ഇന്നലെ (നവംബര്‍ എട്ട്) ആണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ വികസനം വെറും മിഥ്യയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
‘രാജ്യത്തിന്റെ ഭാവി നമ്മുടെ കുട്ടികളിലാണ്. അവര്‍ക്ക് എന്ത് മാന്യതയാണ് മധ്യപ്രദേശിലെ അധികാരികള്‍ നല്‍കുന്നത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കേണ്ടതുണ്ട്,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ഇതേതുടര്‍ന്ന് ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ രാംനിവാസ് റാവത്തും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അഭിഷേക് മിശ്രയും സ്‌കൂള്‍ സന്ദര്‍ശിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റുകളുമായാണ് ബി.ജെ.പി നേതാവ് സ്ഥലത്തെത്തിയത്. ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ബി.ജെ.പി നേതാവ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കുകയും ചെയ്തു.
താനുള്‍പ്പെടെയുള്ള പ്രതിനിധി സംഘം സ്‌കൂള്‍ സന്ദര്‍ശിച്ചുവെന്നും പ്ലേറ്റുകളിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണം വിളമ്പുന്നതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മജിസ്‌ട്രേറ്റ് അഭിഷേക് മിശ്ര പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മിശ്ര പ്രതികരിച്ചു.
Content Highlight: MP school gets steel plates after children seen eating on newspapers, viral vedio