| Friday, 6th June 2025, 10:10 am

സ്ത്രീകൾ ചെറിയ വസ്ത്രം ധരിക്കുന്നത് ഭാരത സംസ്കാരത്തിനുതകുന്നതല്ല: വിവാദപരാമർശവുമായി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: സ്ത്രീകൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഭാരത സംസ്കാരത്തിനുതകുന്നതല്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നുമുള്ള വിവാദ പരാമർശവുമായി മധ്യപ്രദേശ് ബി.ജെ.പി നേതാവ്. മുതിർന്ന ബി.ജെ.പി നേതാവും മധ്യപ്രദേശ് കാബിനറ്റ് മന്ത്രിയുമായ കൈലാഷ് വിജയവർഗിയയുടേതാണ് വിവാദ പരാമർശം.

ഈ വസ്ത്രധാരണ രീതി വിദേശ ആശയമാണെന്നും ഇന്ത്യൻ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിൽ സ്ത്രീകളെ ദേവതയുടെ രൂപമായി താൻ കണക്കാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

‘ഇന്ത്യയിലെ ഒരു പെൺകുട്ടി നല്ല ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും, നല്ല മേക്കപ്പ് ഇടുകയും, നല്ല ആഭരണങ്ങൾ ധരിക്കുകയും ചെയ്താൽ, ആളുകൾ അവളെ വളരെ സുന്ദരിയായി കണക്കാക്കുന്നു. എന്നാൽ വിദേശത്ത്, ഒരു സ്ത്രീ കുറച്ച് വസ്ത്രം ധരിച്ചാൽ അവർ അത് നല്ലതായി കാണും. ഇപ്പോൾ ഇന്ത്യൻ സ്ത്രീകൾ വിദേശികളുടെ പാത പിന്തുടരുന്നു,’ വിജയ്‌വർഗിയ പറഞ്ഞു.

ഇൻഡോറിലെ സിന്ദൂർ വാതികയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു വൃക്ഷത്തൈ നടീൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയ്‌വർഗിയ. നല്ല പ്രസംഗം ഒരു സ്ത്രീയുടെ പാവാട പോലെയായിരിക്കണമെന്ന വിൻസ്റ്റൺ ചർച്ചിലിന്റെ വാക്കുകളെ വിജയ്‌വർഗിയ വിമർശിച്ചു.

‘പാശ്ചാത്യലോകത്ത്, ഒരു ചെറിയ പ്രസംഗം നല്ലതായി കണക്കാക്കപ്പെടുന്നു, കുറച്ച് വസ്ത്രം ധരിക്കുന്ന ഒരു സ്ത്രീയെ സുന്ദരിയായി കണക്കാക്കുന്നത് പോലെ. പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല. സ്ത്രീകൾ കുറച്ച് വസ്ത്രം ധരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പലപ്പോഴും പെൺകുട്ടികൾ എന്റെ കൂടെ സെൽഫി എടുക്കാൻ വരും. നല്ല വസ്ത്രം ധരിച്ച് വന്ന് എന്നോടൊപ്പം ഒരു സെൽഫി എടുക്കണമെന്ന് ഞാൻ അവരോട് പറയും,’ അദ്ദേഹം പറഞ്ഞു.

അതേസമയം സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിജയ്‌വർഗീയയുടെ പരാമർശത്തിനെതിരെ വലിയ വിമർശങ്ങൾ ഉയരുന്നുണ്ട്. ‘സ്ത്രീകളെയും അവരുടെ വസ്ത്രധാരണത്തെയും രൂപഭാവങ്ങളെയും ചുറ്റിപ്പറ്റിയുള്ള പ്രസംഗങ്ങൾ പലപ്പോഴും നടത്തുന്ന ബി.ജെ.പി നേതാക്കളുടെ പ്രത്യയശാസ്ത്രം എനിക്ക് മനസ്സിലാകുന്നില്ല. സ്ത്രീകളുടെ വിഷയങ്ങളിൽ അവർക്ക് പരിശീലനവും ബോധവൽക്കരണവും നൽകേണ്ടതുണ്ട്,’ കോൺഗ്രസ് വക്താവ് ആനന്ദ് ജാട്ട് വിമർശിച്ചു.

Content Highlight: MP minister disapproves of women wearing ‘skimpy clothes’

We use cookies to give you the best possible experience. Learn more