| Wednesday, 18th June 2025, 9:33 am

വിവാദ വീഡിയോ ഷെയർ ചെയ്തതിന് ഒരാളെയും അനിശ്ചിതമായി ജയിലിലടയ്ക്കാൻ കഴിയില്ല: മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വിവാദ വീഡിയോ പങ്കുവെച്ചെന്നാരോപിച്ച് ഒരു വ്യക്തിയെയും അനിശ്ചിതകാലത്തേക്ക് ജയിലിലടക്കാൻ സാധിക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വാട്ട്‌സ്ആപ്പിൽ വിവാദ വീഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ കോളേജ് അധ്യാപിക ഡോ. നഷീം ബാനോയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്തുവെന്നും സ്റ്റാറ്റസ് ഇട്ടുവെന്നും ആരോപിച്ചാണ് അധ്യാപികക്കെതിരെ കേസെടുത്തത്. കേസ് പരിശോധിച്ച ശേഷം, മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അവനീന്ദ്ര കുമാർ സിങ് നഷീം ബാനോയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. വീഡിയോ ഫോർവേഡ് ചെയ്തുവെന്നതിന് ദീർഘകാല തടവ് ശിക്ഷാ അനുവഭവിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.

ഡിൻഡോറിയിലെ ഗവൺമെന്റ് മോഡൽ കോളേജിൽ ഗസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്തിരുന്ന ഡോ. നഷീം ബാനോയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 196, 299 എന്നിവ പ്രകാരമാണ് കേസെടുത്തത്. ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനും മതവിശ്വാസങ്ങളെ മനപൂർവ്വം അപമാനിക്കുന്നതിനും ചുമത്തുന്ന വകുപ്പുകളാണിവ.

പഹൽഗാം സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ധ്യാപിക ഒരു വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുകയും കോളേജ് ഗ്രൂപ്പിലേക്ക് പങ്കുവെക്കുകയും ചെയ്തു. ‘നയാ രാവൺ’ എന്ന പേരിലാണ് വീഡിയോ ഫോർവേഡ് ചെയ്തത്. അതിൽ മുസ്‌ലിങ്ങളെ ജയ്‌ശ്രീറാം വിളിക്കാൻ നിർബന്ധിക്കുന്നുണ്ടെന്ന് അധ്യാപിക പറഞ്ഞു. പിന്നാലെ ദീപേന്ദ്ര ജോഗി എന്ന വ്യക്തി അവർക്കെതിരെ പരാതി നൽകുകയായിരുന്നു.

ഏപ്രിൽ 30 ന് വിചാരണ കോടതി അവർക്ക് ജാമ്യം നിഷേധിച്ചു. തുടർന്ന് അദ്ധ്യാപിക ഹൈക്കോടതിയെ സമീപിച്ചു. ഡോ. നഷീം ബാനോ നല്ല വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയാണെന്നും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവരുടെ അഭിഭാഷകർ വാദിച്ചു.

പക്ഷേ മതപരമായ കലാപം സൃഷ്ടിക്കാൻ ഡോ. നഷീം ബാനോ മനപൂർവ്വം സന്ദേശങ്ങളും വീഡിയോകളും കൈമാറിയെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ ജാമ്യത്തെ എതിർത്തു.

എങ്കിലും കേസ് പരിഗണിച്ച മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അവനീന്ദ്ര കുമാർ സിങ് വീഡിയോ ഫോർവേഡ് ചെയ്തതിന് ദീർഘകാലം തടവ് അനുഭവിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിക്കുകയും ഡോ. നഷീം ബാനോയ്ക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു.

Content Highlight: MP High Court Grants Bail to Muslim Lecturer in Pahalgam Post (Naya Rawan) Case: Can’t Jail Someone Forever

We use cookies to give you the best possible experience. Learn more