വടക്കന്‍ മലബാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ഒരു തമാശയാണ് ‘വോട്ട് രാവ്’ എന്ന പ്രയോഗം. തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി അനധികൃതമായി വ്യത്യസ്ത രാഷ്ട്രീയക്കാര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രവണതയെ സൂചിപ്പിക്കാനാണ് ഇത്തരം ഒരു പ്രയോഗം.
കോണ്‍ഗ്രസും ലീഗും പലപ്പോഴും ഇടതുപക്ഷം തന്നെ യു.ഡി.എഫ് കോട്ടകള്‍ പിടിക്കാന്‍ നിര്‍ത്തുന്ന പുത്തന്‍ പണക്കാരായ സ്ഥാനാര്‍ത്ഥികള്‍ അടക്കം ഒളിഞ്ഞും തെളിഞ്ഞു ചെയ്യുന്ന ഒരു കാര്യം കൂടിയാണിത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെ ‘വോട്ട് രാവ്’ എന്ന പ്രതിഭാസം പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സികളുടെ രൂപത്തില്‍ സ്ഥാപനവത്കരിക്കപ്പെട്ടു എന്നതാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന നിരീക്ഷണം. യു.ഡി.എഫിന്റെ വിജയത്തില്‍ കൃത്യമായി ഇത്തരം ഒരു വര്‍ക്കിന്റെ സ്വാധീനം മനസ്സിലാക്കാന്‍ സാധിക്കും.
തെരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്യുക എന്നതിലുപരി തെരഞ്ഞെടുപ്പിനോട് അനുബന്ധമായി നടക്കുന്ന പൊതുമണ്ഡല ചര്‍ച്ചകളോടുള്ള ചില പ്രതികരണങ്ങള്‍ രേഖപ്പെടുത്താനാണ് ആലോചിക്കുന്നത്.
ഒന്നാമതായി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ യു.ഡി.എഫ് പ്രചരണം നടത്തിയത് പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തകരുടെ മാത്രം പിന്‍ബലത്തിലല്ല. മറിച്ച് പ്രൊഫഷണല്‍ ആയി തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ചു കൊണ്ടാണ്.
ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ യു.ഡി.എഫ് ആയിരുന്നു എന്നും ചിലയിടങ്ങളിലെങ്കിലും ബി.ജെ.പിയും സമാനമായ പ്രചാരണ രീതി അവലംബിച്ചു എന്നും മനസ്സിലാക്കാന്‍ കഴിയും.
കോണ്‍ഗ്രസ് തന്നെ ഫണ്ടിങ് നല്‍കി സ്ഥാപിച്ചതാണ് പ്രസ്തുത കണ്‍സള്‍ട്ടന്‍സി എന്നാണ് ഒരു അനോണിമസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അറിയാന്‍ സാധിച്ചത്. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയ പലരുമായും സംസാരിച്ചപ്പോള്‍ ഇത് വാസ്തവമാണെന്ന് മനസ്സിലായി.
കുറച്ചുകൂടി കൃത്യമായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുമ്പോഴാണ് കൂടുതല്‍ വിശദീകരണങ്ങളിലേക്ക് വിരല്‍ ചൂണ്ടാന്‍ സാധിക്കുക.
കോടിക്കണക്കിന് രൂപയാണ് തങ്ങളുടെ പ്രചാരണം നടത്താന്‍ ഏല്‍പ്പിച്ച കണ്‍സള്‍ട്ടന്‍സിക്ക് കോണ്‍ഗ്രസ് നല്‍കിയത്. സമാനമായി മുസ്‌ലിം ലീഗും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് മറ്റൊരു പൊളിറ്റിക്കല്‍ തിങ്ക് ടാങ്കിന്റെ സഹായം പലയിടങ്ങളിലും തേടിയിട്ടുണ്ട്.
വന്‍തോതില്‍ പണം ചെലവഴിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ പ്രൊഫഷണല്‍ ആയി നേരിടാതെ താങ്കള്‍ക്ക് ഭരണത്തുടര്‍ച്ച സാധ്യമാകില്ല എന്നതും പാര്‍ട്ടിയുടെ അടിത്തറ ബൂത്ത് ലെവലുകളില്‍ അടക്കം ശക്തിപ്പെടുത്തുന്നതിന് സ്വമേധയാ സംവിധാനങ്ങള്‍ ഇല്ലാത്തതും ഒക്കെ ഇതിന്റെ കാരണങ്ങളായിരിക്കും.
തെരഞ്ഞെടുപ്പ് വിജയത്തിന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സികളുടെ സഹായം തേടുക എന്നത് സ്വയമേവ പ്രശ്‌നമുള്ള ഒരു കാര്യമല്ലെങ്കിലും ഏതു രൂപത്തിലാണ് പ്രസ്തുത കണ്‍സള്‍ട്ടന്‍സികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ നാടിന്റെ സാമൂഹിക നിലനില്‍പ്പിന് ബാധിക്കുന്നത് എന്നത് ആശങ്കക്ക് വക നല്‍കുന്നുണ്ട്.
ഏറ്റവും അപകടം പതിയിരിക്കുന്നത് എവിടെയാണെന്ന് വെച്ചാല്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായ സാമുദായിക സമവാക്യങ്ങളും വര്‍ഗീയ ആരോപണ പ്രത്യാരോപണങ്ങളും മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളും ഇത്തരം വ്യത്യസ്തങ്ങളായ പ്ലാനുകളും ഭാഗമായി നടന്നു എന്നതാണ്.
കേരളത്തില്‍ ഉയര്‍ന്ന് വരുന്ന മധ്യവര്‍ഗ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് റിസള്‍ട്ട് എന്നാണ് പ്രാഥമികമായി മനസ്സിലാവുന്നത് എങ്കില്‍പോലും കേരളത്തില്‍ ഉടനീളം ഒരു മധ്യവര്‍ഗ വൈകാരികത ഉണ്ടാക്കുന്നതിന് ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നതാണ് നിരീക്ഷണം.
കേരളം പോലുള്ള ഒരു സ്ഥലത്ത് അടിസ്ഥാനപരമായ വികസനങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഉത്തരേന്ത്യന്‍ പ്രചാരണ രീതിക്ക് സമാനമായി സാമുദായിക സമവാക്യങ്ങളും വൈകാരിക പ്രകടനങ്ങളും മാത്രമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്.
ഭരണവും വികസനവും ചര്‍ച്ചയാകുന്നതിനു പകരം വര്‍ഗീയതയെ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ആരുടെ അജണ്ടയാണ്? ഇതിന്റെ ഗുണഭോക്താക്കള്‍ ആരാണ്? നഷ്ടം സഹിക്കേണ്ടി വരിക ആരാണ്? എന്ന ചോദ്യങ്ങള്‍ വളരെ പ്രധാനമാണ്.
യാതൊരു രാഷ്ട്രീയ-സാമ്പത്തിക-വികസന വാഗ്ദാനങ്ങളും നല്‍കാതെ പ്രതിപക്ഷം നടത്തിയ പ്രചരണത്തെ അതിജീവിക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല എന്ന അവലോകനം ഇടതുപക്ഷത്തെ സംബന്ധിച്ചും വളരെ പ്രധാനമാവുന്നത് ഈയൊരു മാറിയ പശ്ചാത്തലത്തില്‍ കൂടിയാണ്.
ജനങ്ങളോട് പറയാന്‍ ഭരണ നേട്ടങ്ങളും വികസനങ്ങളും ഒരുപാട് ഉണ്ടായിരിക്കെ തന്നെ ഒന്നുകില്‍ ഇടതുപക്ഷം കോണ്‍ഗ്രസ് സൃഷ്ടിച്ച വ്യവഹാരത്തില്‍ പോയി വീണു എന്നോ, അതില്‍ ശ്രദ്ധ കൊടുക്കുന്നതിനിടെ ജനങ്ങളോട് തങ്ങളുടെ രാഷ്ട്രീയം പറയാന്‍ മറന്ന് പോയി എന്നതോ ആണ് സംഭവിച്ചത്.
കാമ്പയിനില്‍ പ്രധാനമായി കോണ്‍ഗ്രസ് ഉയര്‍ത്തിയത് ഭരണപക്ഷം ശബരിമലയിലെ സ്വര്‍ണം കട്ടു, വിശ്വാസികള്‍ക്കെതിരെ നിരീശ്വരവാദികള്‍ തുടങ്ങിയ നരേറ്റീവുകളാണ്. അതേസമയം മലബാറിലേക്ക് വരുമ്പോള്‍ മുസ്‌ലിം വിരുദ്ധ ഇടതുപക്ഷം എന്ന ആഖ്യാനമാണ് മുഴച്ച് നിന്നത്.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ വര്‍ഗീയത എന്ന കേരളീയ സമൂഹത്തില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തിന്റെ പ്രവിശ്യാ കേന്ദ്രീകൃത സ്വഭാവം വളരെ ആസൂത്രിതമായി ഉപയോഗപ്പെടുത്താന്‍ യു.ഡി.എഫ് ക്യാമ്പിന് കഴിഞ്ഞപ്പോള്‍ സമുദായങ്ങളുമായി അടുക്കാന്‍ എല്‍..ഡി.എഫ് നടത്തിയ എല്ലാ ശ്രമങ്ങളുടെയും സ്വഭാവം പാന്‍ കേരള തലത്തില്‍ ചര്‍ച്ച ആവുകയും അതിനെ പ്രതിലോമകരമായ പ്രവണതയായി വ്യത്യസ്ത ഇടങ്ങളില്‍ അവതരിപ്പിക്കാനും പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞു.
ഒരേസമയം ഹിന്ദുവിരുദ്ധ പാര്‍ട്ടി എന്നും മുസ്‌ലിം വിരുദ്ധ പാര്‍ട്ടി എന്നും സി.പി.ഐ.എമ്മിനെതിരെയും ഇടതുപക്ഷത്തിനെതിരെയും ഫലപ്രദമായി പ്രചാരണം നടത്താനും അതില്‍ നിന്ന് നേട്ടം കൊയ്യാനും ഇതുവഴി യു.ഡി.എഫ് ക്യാമ്പയിന് സാധിച്ചു.
സമാനമായി യു.ഡി.എഫ് ഉയര്‍ത്തിയ നിരവധി കാര്യങ്ങളെ പൊതുജനം മനസിലാക്കും എന്ന ലാഘവത്തോടെയാണ് എല്‍.ഡി.എഫ് കൈകാര്യം ചെയ്തത് എന്നാണ് തോന്നുന്നത്.
വികസനത്തെ സംബന്ധിച്ചുള്ള പൊതു കാഴ്ചപ്പാട് എല്ലാകാലത്തും മധ്യവര്‍ഗത്തിന് അനുകൂലമായ രീതിയിലാണ് മനസിലാക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ അതില്‍ നിന്നുള്ള ഒരു മാറ്റം ഇടതു സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ അതെന്താണെന്ന് കൃത്യമായി ജനങ്ങളെ ബോധവത്കരിക്കുകയും അതിന്റെ ഗുണങ്ങള്‍ പറഞ്ഞ് ക്യാമ്പയിന്‍ നടത്തുകയും വേണമായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പിന് കുറച്ചു മുന്‍പായി വന്ന പോഡ്കാസ്റ്റ് ശ്രദ്ധിച്ചിരുന്നു. കേരളത്തെക്കുറിച്ചോ വികസന സങ്കല്‍പങ്ങളെ കുറിച്ചോ നിലനില്‍ക്കുന്ന സാമ്പത്തിക ക്രമത്തെക്കുറിച്ചോ യാതൊരു ആഴത്തിലുള്ള അറിവും പങ്കുവെക്കാതെ ഉപരിപ്ലവമായ ചില വാചാടോപങ്ങളില്‍ ഒതുങ്ങി നിന്ന സംസാരമായിരുന്നു അത്.
വി.ഡി. സതീശന്‍. Photo: Wikipedia
രാഷ്ട്രീയ വിജ്ഞാനം ഒട്ടും പ്രകടിപ്പിക്കാത്ത ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുന്‌സറായിരുന്നു പ്രതിപക്ഷ നേതാവിനോട് സംസാരിച്ചിരുന്നത് എന്നതിനാല്‍ തന്നെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് സംസാരത്തിനിടയ്ക്ക് നേരിടേണ്ടി വന്നിരുന്നില്ല.
സമാനമായി ഒട്ടേറെ സോഷ്യല്‍ മീഡിയ ചാനലുകള്‍ ഇദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയോ ഇദ്ദേഹത്തെ കേന്ദ്രീകരിച്ച് വ്യത്യസ്ത പോസ്റ്റുകള്‍ നിരന്തരമായി ഇറക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ എത്ര ആഴം ഇല്ലാത്ത വിഷയങ്ങള്‍ ആണെങ്കിലും ഇനി കിട്ടുന്നത് നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കില്‍ പോലും വൈറലാകുന്നത് പ്രധാനമാണ് എന്നതാണ് സ്ട്രാറ്റജി.
പക്ഷേ വളരെ എളുപ്പത്തില്‍ സാധാരണക്കാര്‍ ഏറ്റുപിടിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ അതിലൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. ചെറിയൊരു ഉദാഹരണത്തിന് കേരളത്തിന്റെ പൊതു കടം വര്‍ധിക്കുന്നതില്‍ വലിയ ആശങ്കയാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഒറ്റ കേള്‍വിയില്‍ തന്നെ വളരെ അബദ്ധം നിറഞ്ഞ ഒരു പ്രസ്താവനയാണെങ്കിലും യു.ഡി.എഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ഉടനീളം സംസാരിച്ചത് ഇതേ രൂപത്തിലാണ്.
പൊതുകടത്തെ സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുമായി ഹരിച്ച് കേരളത്തിലെ ഓരോ വ്യക്തിയും ഇത്ര ലക്ഷം രൂപ കടത്തിലാണ് എന്ന പ്രചരണം യു.ഡി.എഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ പ്രധാന ഫോക്കസ് പോയിന്റ് ആയിരുന്നു.
കേരളത്തെ സംബന്ധിച്ച് പൊതു കടം വര്‍ധിക്കുമ്പോഴും മാനുഷിക വികസന സൂചികകളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനമാണെന്ന് എല്ലായിപ്പോഴും രേഖപ്പെടുത്താറുണ്ട്. വികസിത രാജ്യങ്ങള്‍ക്ക് സമാനമായ സൂചികകള്‍ കേവലം ഒരു സംസ്ഥാനമായ കേരളത്തിന് ഉണ്ടാവുന്നത് തങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവ് കാരണമാണ്.
Photo: Economic Review, State Planning Board
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നില്‍ നില്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. വികസന പഠനങ്ങളില്‍ പലപ്പോഴും കേരള പാരഡോക്‌സ് എന്നാണ് ഇതിന് വിശേഷിപ്പിക്കാറുള്ളത്. എല്ലാത്തിനും പുറമേ കേരളത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നികുതി ഭാരം അടക്കം വ്യത്യസ്തങ്ങളായ ഒരുപാട് കാരണങ്ങള്‍ കൊണ്ടാണ് പൊതു കടം വര്‍ധിക്കുന്നത്.
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിന്റെ വികസന സൂചികകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആരെ സംബന്ധിച്ചും പ്രധാനമാണ് പൊതു കടത്തെ കുറിച്ചുള്ള ആലോചന.
സംസ്ഥാനത്തിന് എങ്ങനെയാണ് പൊതുകടം വര്‍ധിക്കുന്നത് എന്നും ആ വര്‍ധനവ് ഭാവിയിലേക്കുള്ള വികസനത്തിന്റെ സൂചികയായി എങ്ങനെയാണ് മനസ്സിലാക്കപ്പെടുക എന്നും ലളിതമായി, കുറച്ചുകൂടെ കടത്തിപ്പറഞ്ഞാല്‍ റീലുകളിലൂടെ, അതിന്റേതായ സ്വഭാവത്തില്‍ പ്രചരിപ്പിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചിട്ടില്ല.
ഇടതുപക്ഷത്തെ സംബന്ധിച്ച് പൊതു കടം വര്‍ധിക്കുന്നത് ഒരിക്കലും സാധാരണക്കാര്‍ക്കുള്ള ബാധ്യതയല്ല. വിവിധങ്ങളായ നിക്ഷേപങ്ങളെ കൊണ്ടും മറ്റും ഭാവിയില്‍ ഇതിന് മറികടന്ന് മുന്നോട്ടുപോകുന്നതിനുള്ള ഇന്‍വെസ്റ്റ്‌മെന്റ് മാത്രമാണ് എന്നാണ് സര്‍ക്കാറിന്റെ നിലപാട്.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. Photo: Wikipedia
എന്നാല്‍ യു.ഡി.എഫ് ഭരണത്തില്‍ എത്തിയാല്‍ അവരുടെ സാമ്പത്തിക നയം അനുസരിച്ച് പൊതു കടം വ്യക്തികളുടെ ബാധ്യതയായി മാറുകയും ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷ്യധാന്യങ്ങളില്‍ ഉള്ള സബ്‌സിഡി, വൈദ്യതി തുടങ്ങിയ കാര്യങ്ങളെ പോലും അത് ബാധിക്കുമോ എന്നാണ് ഇടതുപക്ഷം തിരിച്ച് ചോദിക്കേണ്ടിയിരുന്നത്.
സാധാരണക്കാരുടെ ചെലവ് ചുരുക്കിയാണോ യു.ഡി.എഫ് പൊതു കടത്തെ നേരിടുക തുടങ്ങി ചോദ്യങ്ങള്‍ തിരികെ ചോദിക്കുന്നതിനു പകരം യു.ഡി.എഫ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സികളുടെയും മാധ്യമങ്ങളുടെയും കൂട്ടായ പരിശ്രമത്തില്‍ സൃഷ്ടിച്ച അജണ്ടകളോട് ഉത്തരം പറയുന്നതില്‍ ആയിരുന്നു ഇടതുപക്ഷം ശ്രദ്ധ ചെലുത്തിയത്.
എന്നെ സംബന്ധിച്ച് ഏറ്റവും ആശങ്ക തോന്നിയത് നിലനില്‍ക്കുന്ന സാമ്പത്തിക ക്രമത്തെക്കുറിച്ച് ഒരറിവും ഇല്ലാത്തവര്‍ക്കോ അതല്ലെങ്കില്‍ അത്തരമൊരു സാമ്പത്തിക ക്രമത്തിന്റെ ഗുണഭോക്താക്കളായി നിലനില്‍ക്കുന്നവര്‍ക്കും മാത്രം പറയാന്‍ സാധിക്കുന്ന കാര്യങ്ങളാണ് അടിസ്ഥാന വികസനങ്ങളെ സംബന്ധിച്ച് യു.ഡി.എഫ് മുന്നോട്ടു വച്ചത് എന്നതാണ്.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘ഹഡ്ല്‍ ഗ്ലോബല്‍ 2025’ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഇത് എഴുതുന്നത്. കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് എക്കോ സിസ്റ്റം ഗവണ്‍മെന്റ് പിന്തുണയില്‍ എത്ര അധികം മുന്നോട്ടുപോയി എന്നും രാജ്യത്തെ തന്നെ മികച്ച ഒരു സ്റ്റാര്‍ട്ട്അപ്പ് അന്തരീക്ഷം സൃഷ്ടിക്കാനും ഇടതുപക്ഷത്തിന് സാധിച്ചു എന്നത് വലിയൊരു നേട്ടമാണ്.
കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍. Photo: Kerala Startup Mission
രാജ്യത്തെ പ്രധാന സ്റ്റാര്‍ട്ട്അപ്പ് കേന്ദ്രങ്ങള്‍ ഒക്കെയും കോര്‍പ്പറേറ്റുകളുടെ പരിലാളനയിലാണ് രൂപപ്പെടുന്നതെങ്കില്‍ കേരള മോഡല്‍ അതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ വികേന്ദ്രീകരിക്കപ്പെടുകയും സാധാരണക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്ക് പോലും സംരംഭകരാവാനുള്ള അവസരം ഒരുക്കുന്ന രീതിയിലാണ് കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് എക്കോ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് ഇക്കഴിഞ്ഞ 10 വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക ഇടപെടലുകളില്‍ ഒന്നായാണ് മനസിലാവുന്നത്. കോര്‍പ്പറേറ്റുകള്‍ക്കും ഇന്‍ഡസ്ട്രികള്‍ക്കും വാതില്‍ തുറക്കുന്നതിനോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളുടെ ദൈനംദിന വികസനാനുഭവങ്ങള്‍ മെച്ചപ്പെടുത്താനും ഇടത് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
എന്നാല്‍ ഇതിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടി-മുന്നണി സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്ന് വേണം മനസ്സിലാക്കാന്‍.
കേരളത്തിലേക്ക് കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ കടന്നുവരുന്ന ഒരു സന്നിദ്ധഘട്ടത്തിലാണ് നമ്മള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് നേരിടുന്നത്. കേരളത്തിലെ ആരോഗ്യ രംഗത്ത് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഭീമന്മാരായ കെ.കെ.ആര്‍ ഗ്രൂപ്പും ബ്ലാക്ക് സ്റ്റോണ്‍ ഗ്രൂപ്പും നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ സമാന്തരമായി സര്‍ക്കാര്‍ സംവിധാനങ്ങളിലും കമ്മ്യൂണിറ്റി ആശുപത്രികളിലും സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്ന രൂപത്തിലുള്ള ചികിത്സയോ പൂര്‍ണമായും സൗജന്യമായ ചികിത്സയോ ലഭ്യമാക്കേണ്ടതുണ്ട്.
മുതലാളിത്തം സാമൂഹിക ക്ഷേമത്തെ അടക്കം വിഴുങ്ങാനിരിക്കുന്ന സന്ദര്‍ഭത്തില്‍ കൃത്യമായ ആസൂത്രണമുള്ള ഏത് ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയാലും പൊതുകടം അടക്കമുള്ള സംസ്ഥാനത്തിന്റെ ബാധ്യതകള്‍ വര്‍ധിക്കുക മാത്രമാണ് ചെയ്യുക.
കേരളത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനപ്പെട്ട പരിഷ്‌കരണം ഇത്തരത്തില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച് വളരെയേറെ പ്രധാനപ്പെട്ടതാവുന്നത് ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ്.
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ വരുന്നു എന്നതിനെ മാത്രം കൊട്ടിഘോഷിക്കുകയും സാധാരണ ജനങ്ങള്‍ക്ക് മേല്‍ ഇത്തരം നിക്ഷേപങ്ങള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുക എന്നതാണ് കേരളത്തിലെ മധ്യവര്‍ഗ പാര്‍ട്ടികളുടെ നിലപാട്.
മാത്രമല്ല ഇത്തരം ഇന്‍വെസ്റ്റ്‌മെന്റുകളും ഡീലുകളും കടന്നു വരുമ്പോള്‍ ഇടനിലക്കാരായും കമ്പനികള്‍ക്ക് പ്രാദേശിക സൗകര്യങ്ങള്‍ ചെയ്തു കൊടുത്തും മധ്യവര്‍ഗ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും.
അതേസമയം ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക ബദലിന്റെ പ്രായോജകരാവാന്‍ സാധ്യതയുള്ള സാധാരണക്കാരായ ജനങ്ങളുടെ വോട്ടുകള്‍ വര്‍ഗീയ സാമുദായിക വികാരങ്ങള്‍ക്ക് അനുസൃതമായാണ് നീങ്ങിയത്.
സാമൂഹ്യശാസ്ത്ര പഠനങ്ങളിലും രാഷ്ട്രീയ പഠനങ്ങളിലും പലപ്പോഴും ‘ഫൂട്ട് സോള്‍ജിയേഴ്‌സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന എന്നാല്‍ അതിന്റെ യഥാര്‍ത്ഥ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു വലിയ വിഭാഗം അടിസ്ഥാന ജനങ്ങളുടെ വോട്ടുകള്‍ വര്‍ഗീയപരമായും വൈകാരികമായും കൃത്യമായി ചാനല്‍ ചെയ്യുകയും തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വികസന സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കളായ മധ്യവര്‍ഗത്തിന്റെ വോട്ടുകള്‍ ഡിഫോള്‍ട്ട് ആയി തന്നെ വാങ്ങിയെടുക്കാന്‍ സാധിക്കുകയും ചെയ്തു എന്നയിടത്താണ് കേരളത്തിലെ യു.ഡി.എഫിന്റെ വിജയത്തെ മനസ്സിലാക്കേണ്ടത്.
തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചു എന്നതിനേക്കാള്‍ വിജയിക്കാന്‍ വേണ്ടി സ്വീകരിച്ച തന്ത്രങ്ങള്‍ ഏതു രൂപത്തിലാണ് സമൂഹത്തില്‍ പ്രതിഫലനം ഉണ്ടാക്കുന്നത് എന്നത് കേരളീയ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടേണ്ട കാര്യമാണ്.
Content Highlight: MP Favaz writes about 2025 Local Body Election