| Saturday, 20th September 2025, 1:50 pm

ഫലസ്തീന്‍ പതാകയുടെ നിറമുള്ള വസ്ത്രം ധരിച്ചതിന് ഡച്ച് എം.പിയോട് പുറത്തുപോകാന്‍ സ്പീക്കര്‍; പിന്നാലെ തണ്ണിമത്തന്‍ നിറത്തിലുള്ള വസ്ത്രമിട്ട് റീഎന്‍ട്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആംസ്റ്റര്‍ഡാം: ഫലസ്തീന്‍ പതാകയുമായി സാദൃശ്യമുള്ള വസ്ത്രം ധരിച്ച് ഡച്ച് പാര്‍ലമെന്റിലെത്തി എം.പി എസ്തര്‍ ഔവെഹാന്‍ഡ്. വ്യാഴാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലേക്കാണ് എസ്തര്‍ ഫലസ്തീന്‍ പതാകയിലെ നിറങ്ങളുള്ള ഷര്‍ട്ട് ധരിച്ചെത്തിയത്.

പാര്‍ട്ടി ഫോര്‍ ദി അനിമല്‍സിനെ പ്രതിനിധീകരിച്ചാണ് എസ്തര്‍ ഔവെഹാന്‍ഡ് സഭയിലെത്തിയത്. എന്നാല്‍ എസ്തര്‍ സഭാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങിയതോടെ പാര്‍ലമെന്റ് സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ അതൃപ്തി അറിയിക്കുകയായിരുന്നു.

ഒന്നിലധികം തവണയാണ് എസ്തറിന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തിയത്. ‘നിങ്ങള്‍ക്ക് ഈ വസ്ത്രം ധരിച്ചുകൊണ്ട് സഭയില്‍ നില്‍ക്കാനാകില്ല, വസ്ത്രം മാറ്റി വരൂ,’ എന്നാണ് സ്പീക്കര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടത്. സഭയില്‍ എം.പിമാര്‍ നിഷ്പക്ഷ വസ്ത്രം ധരിക്കണമെന്നും പറഞ്ഞു.

പാര്‍ലമെന്റില്‍ നടന്ന ബജറ്റ് ചര്‍ച്ചക്കിടെയാണ് സംഭവം. അതൃപ്തി അറിയിച്ചെങ്കിലും എസ്തറിനെ സഭയില്‍ തുടരാന്‍ മാര്‍ട്ടിന്‍ ബോസ്മ അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ സഭയിലെ മറ്റ് അംഗങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദം എസ്തറിനെ പുറത്താക്കാന്‍ സ്പീക്കറെ നിര്‍ബന്ധിതനാക്കുകയായിരുന്നു.

എന്നാല്‍ സ്പീക്കര്‍ തുടര്‍ച്ചയായി പ്രസംഗം തടസപ്പെടുത്തിയതോടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ എസ്തര്‍ ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാഢ്യം അറിയിച്ച് വീണ്ടും രംഗത്തെത്തുകയായിരുന്നു. ഫലസ്തീന്‍ പ്രതീകമായ തണ്ണിമത്തന് സമാനമായ മറ്റൊരു ഷര്‍ട്ട് ധരിച്ചാണ് എസ്തര്‍ വീണ്ടും സഭയിലെത്തിയത്.

തുടര്‍ന്ന് യാതൊരുവിധ തടസങ്ങളും കൂടാതെ നാഷണല്‍ ബജറ്റിലെ തന്റെ നിലപാടുകള്‍ എസ്തര്‍ അവതരിപ്പിക്കുകയും ചെയ്തു.

അതേസമയം തീവ്ര വലതുപക്ഷ പാര്‍ട്ടിയായ പി.വി.വി (പാര്‍ട്ടി ഫോര്‍ ഫ്രീഡം)യില്‍ നിന്നുള്ള നേതാവ് കൂടിയാണ് സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ. നിലവില്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഡച്ച് എം.പിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിരവധി ആളുകളാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നത്. ധീരമായ നീക്കമാണ് എസ്തര്‍ നടത്തിയതെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടു. ചിലര്‍ ധിക്കാരമെന്നും പ്രതികരിച്ചു.

ഫലസ്തീന്‍ ജനത അവരുടെ ദേശീയ പ്രതീകമായാണ് തണ്ണിമത്തനെ കാണുന്നത്. ഫലസ്തീന്‍ പതാകയുമായുള്ള തണ്ണിമത്തന്റെ സാമ്യതയും ഇതില്‍ ഒരു ഘടകമാണ്. ഫലസ്തീന്‍ സംസ്‌ക്കാരത്തിന്റേയും ശക്തമായ പ്രതിഷേധത്തിന്റേയും മുഖമുദ്രയായിട്ടാണ് തണ്ണിമത്തനെ കണക്കാക്കുന്നത്.

ഗസയില്‍ വ്യാപകമായി കൃഷി ചെയ്യുന്ന തണ്ണിമത്തനില്‍ ഫലസ്തീന്‍ പതാകയിലുള്ള എല്ലാ നിറങ്ങളുമുണ്ട്. ചുവപ്പ്, കറുപ്പ്, പച്ച, വെള്ള എന്നീ നിറങ്ങളാണ് തണ്ണിമത്തനിലും ഫലസ്തീന്‍ പതാകയിലും ഒരുപോലെ കാണാനാകുക.

Content Highlight: MP Esther Ouwehand arrives at Dutch parliament wearing a dress resembling the Palestinian flag

We use cookies to give you the best possible experience. Learn more