നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് രാധിക ആപ്‌തെ. വാഹ്! ലൈഫ് ഹോ തോ ഐസി! എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേക്കുള്ള തന്റെ ചുവടുവയ്പ്പ് താരം നടത്തിയത്. അന്താഹീൻ എന്ന ബംഗാളി ചിത്രത്തിൽ പ്രധാന വേഷം ചെയ്തുകൊണ്ടാണ് നടി സിനിമയിൽ സജീവമായ് തുടങ്ങിയത്.
കബാലി, ഫോബിയ, പാഡ് മാൻ തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് സിനിമകൾ. സിനിമയെ കൂടാതെ വെബ് സീരീസിലും മികച്ച പ്രകടനം നടി കാഴ്ച വെച്ചിരുന്നു. ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ്, ഗൂൽ എന്നിവയാണ് നടി അഭിനയിച്ച വെബ് സീരീസ്.
രാധിക ആപ്‌തെ. Phot. Screen Grab/ Youtube
ഇപ്പോഴിതാ വിവാഹവും കുട്ടികളുമാണ് സ്ത്രീകളുടെ കരിയറിന് തടസമാകുന്നതെന്ന ചർച്ചകൾക്കപ്പുറം, ജോലിക്ക് പുറത്തുള്ള വ്യക്തിജീവിതത്തിനും സ്ത്രീകൾക്ക് സമയം വേണമെന്ന് പറയുകയാണ് നടി രാധിക ആപ്തെ. വിവാഹിതയായാലും അവിവാഹിതയായാലും ഓരോരുത്തർക്കും ജോലിക്ക് പുറത്ത് അവരുടേതായ ജീവിതമുണ്ടെന്നും നടി രാധിക ആപ്‌തെ പറഞ്ഞു. വിവാഹിതയാണോ, കുട്ടികളുണ്ടോ എന്നതല്ല ഇവിടെ പ്രധാനമെന്നും ഓരോ വ്യക്തിക്കും ജോലിക്ക് പുറത്തും സ്വന്തം ജീവിതമുണ്ടെന്നും രാധിക പറയുന്നു.
‘ഞാൻ വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു സ്ത്രീയാണെന്ന് കരുതുക. എനിക്ക് സ്വന്തമായി ഒരു ജീവിതം ഉണ്ടാകാൻ പാടില്ലേ? ജോലിക്ക് പുറത്തും എനിക്ക് സമയം വേണം. അത് കുട്ടികളെക്കുറിച്ചല്ല. ഞാൻ അമ്മയായതുകൊണ്ട് നേരത്തെ പോകാൻ അനുവാദം ചോദിക്കുന്നതിനെക്കുറിച്ചുമല്ല ഞാൻ പറയുന്നത്.
എല്ലാവർക്കും ജോലിക്ക് പുറത്തൊരു ജീവിതമുണ്ട്. ഞാൻ നിങ്ങളുടെ ജോലി ചെയ്യുന്നു എന്നതുകൊണ്ട് എന്റെ മുഴുവൻ സമയവും നിങ്ങൾക്ക് സ്വന്തമാകുന്നില്ല. രാത്രി പതിനൊന്നരയ്ക്ക് വിളിച്ചാൽ ഞാൻ ഫോൺ എടുക്കുമെന്ന് പ്രതീക്ഷിക്കരുത്. ഒഴിവ് ദിവസങ്ങളിലും വിളിച്ചുകൊണ്ടിരിക്കാനാവില്ല,’ രാധിക പറഞ്ഞു.
ജോലി ചെയ്യുന്നു എന്നതുകൊണ്ട് 24 മണിക്കൂറും ലഭ്യമായിരിക്കണമെന്ന് പ്രതീക്ഷിക്കുന്ന തൊഴിൽസംസ്കാരത്തെയാണ് താൻ ചോദ്യം ചെയ്യുന്നത്. വിവാഹമോ കുട്ടികളോ ഇല്ലാത്തവർക്കും വ്യക്തിജീവിതത്തിന് സമയം ആവശ്യമാണെന്നും താരം പറയുന്നു.
‘ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ജോലി ചെയ്യാൻ എനിക്ക് കഴിയില്ല. പക്ഷേ നമ്മുടെ തൊഴിൽമേഖലയിൽ അങ്ങനെയൊരു സംസ്കാരമാണ് നിലനിൽക്കുന്നത്. അതാണ് പ്രശ്നം. ഇത് വിവാഹത്തെക്കുറിച്ചല്ല. ഞാൻ അവിവാഹിതയായിരിക്കാം, എനിക്ക് സന്തോഷകരമായൊരു ജീവിതമുണ്ടായിരിക്കാം. ആ ജീവിതത്തിനും എനിക്ക് സമയം വേണം. സോഫയിലിരുന്ന് ഒരു പുസ്തകം വായിക്കണം, സുഹൃത്തുക്കളെ കാണണം. അതിനുള്ള സമയവും എനിക്ക് വേണം,’ രാധിക ആപ്തെ വ്യക്തമാക്കി.
രാധിക ആപ്‌തെ. Phot. Screen Grab/ Youtube
നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 30നാണ് ക്രൈം ത്രില്ലർ വെബ് സീരീസായ അക്ക സ്ട്രീമിങ് ആരംഭിച്ചത്. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ രണ്ട് സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്. മികച്ച പ്രതികരണങ്ങളാണ് സീരിസിന് ലഭ്യമാകുന്നത്.
Content Highlight: Moving beyond the discourse that marriage and children hinder women’s careers, actress Radhika Apte points out that women also need time for a personal life outside of work