മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു 2026. കോടി ക്ലബ്ബില്‍ എത്തിയ ഒട്ടനവധി ചിത്രങ്ങളും രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകളും അടക്കം ബോക്സ് ഓഫീസില്‍ കോടികളുടെ ബിസിനസായിരുന്നു മലയാളത്തില്‍ നടന്നത്. കൂട്ടത്തില്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളും റോം-കോം എന്റര്‍ടെയിനറുകളും ഫാമിലി എന്റര്‍ടെയിനറുകളും ഉള്‍പ്പെട്ടിരുന്നു എന്നത് മലയാള സിനിമയ്ക്ക് മികച്ച പ്രതീക്ഷ നല്‍കിയിരുന്നു. ഇത്തരത്തില്‍ നല്ല സിനിമകളെ എന്നും പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന വിശ്വാസത്തില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍.
കുറഞ്ഞ കാലം കൊണ്ട് തന്നെ സഹനടന്‍ റോളുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം എന്ന സവിശേഷത ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിനുണ്ടായിരുന്നു. കരിക്ക് വെബ് സിരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നിലീന്‍ സാന്ദ്ര കഥ, തിരക്കഥ, സംഭഷണം നിര്‍വഹിച്ച ചിത്രത്തില്‍ പ്രേമലുവിലൂടെ ശ്രദ്ധിക്കപ്പെട്ട അഖില ഭാര്‍ഗവന്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒരു അസാധാരണ ശക്തി ലഭിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ എന്ന സൂചന അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികളില്‍ നിന്നും ലഭിച്ചത്.
ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: Screen Grab/ Think Music India/ Youtube.com
ട്രെയ്‌ലറില്‍ സൂചിപ്പിച്ച പോലെ ഒരു അപകടത്തില്‍ പെട്ട് രണ്ട് വര്‍ഷത്തോളം കോമയില്‍ കഴിഞ്ഞ യുവാവിന് അപ്രതീക്ഷിതമായി ഒരു കഴിവ് വന്ന് ചേരുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കണ്ടുമടുത്ത സൂപ്പര്‍ ഹീറോ ചിത്രങ്ങളിലെ സ്ഥിരം പവറുകള്‍ക്ക് പകരം മൈന്യൂട്ട് ശബ്ദങ്ങള്‍ പോലും കേള്‍ക്കാനുള്ള ശ്രവണണ ശക്തിയാണ് സംഗീത് അവതരിപ്പിച്ച ജീവന്‍ കുര്യന് അഥവാ റൂബന് ലഭിക്കുന്നത്. ആക്‌സിഡന്റ് പറ്റുന്നത് മുതല്‍ റൂബന് അസാധാരണ കഴിവ് വന്നുചേരുന്നത് വരെയുള്ള ഭാഗങ്ങള്‍ വളരെ എന്‍ഗേജിങ്ങാക്കി തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
റൂബന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം പാരലലായി ഷറഫുദ്ദീന്റെ സൂരജ് എന്ന പൊലീസുകാരനെയും ചിത്രത്തിലെ വില്ലനെയും കുറിച്ചുള്ള ധാരണ സിനിമ കാണുന്നവര്‍ക്ക് നല്‍കുന്നുണ്ട്. രണ്ട് വര്‍ഷത്തെ കോമ ജീവിതത്തിന് ശേഷം തന്റെ കുടുംബത്തിന് വന്നുചേരുന്ന ബുദ്ധിമുട്ടുകള്‍ നായകന്‍ മനസിലാക്കുന്നിടത്ത് നിന്നുമാണ് ചിത്രത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. തന്റെ ചികിത്സ കാരണം കുടുംബത്തിന് സംഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നികത്താനാണ് റൂബന്‍ പോകുന്നതെന്ന് ഒരു വേള കരുതുമെങ്കിലും അഖില ഭാര്‍ഗവന്റെ നായിക കഥാപാത്രത്തോടുള്ള തന്റെ പ്രണയ സാക്ഷാത്കാരത്തിനാണ് നായകന്‍ പ്രധാന്യം നല്‍കുന്നത്.
ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: Screen Grab/ Think Music India/ Youtube.com
ഇതിനിടയില്‍ അത്യാവിശ്യം എക്‌സൈറ്റിങ് ആയ രീതിയില്‍ തന്നെ നായകന്‍ തന്റെ എക്‌സ്ട്രാ ഓര്‍ഡിനറി കഴിവുകള്‍ ഉപയോഗപ്പെടുത്തുന്ന സീനുകളും ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിലുണ്ട്. എന്നാല്‍ കുമ്പളങ്ങിയില്‍ നായികയുടെ വീടിന് സമീപത്തേക്ക് റൂബന്‍ താമസം മാറുന്നതോടെ സിനിമ സെറ്റ് ചെയ്തിരിക്കുന്ന ലോകം വല്ലാതെ ചുരുങ്ങുന്നുണ്ട്. ഇത് ചിത്രത്തിന്റെ ആസ്വാദനത്തെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് തന്നെ വേണം പറയാന്‍.
കോമഡി റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീത് പ്രതാപിന്റെ നായകനായുള്ള പ്രകടനം പ്രശംസയര്‍ഹിക്കുന്നതാണ്. ചിത്രത്തിലെ ഇമോഷണല്‍ രംഗങ്ങളും തനിക്ക് കിട്ടിയ അസാധാരണ ശക്തിയില്‍ നിന്നുമുണ്ടാകുന്ന പ്രയാസങ്ങളും സംഗീത് നന്നായി തന്നെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മുഖംമൂടിധാരിയായ അക്രമിയില്‍ നിന്നും റൂബന് നേരിടേണ്ടി വരുന്ന അതിക്രമത്തെയും അതേത്തുടര്‍ന്നുണ്ടാകുന്ന മാനസികപ്രയാസങ്ങളെയും സംഗീത് അവതരിപ്പിച്ച രീതി ഒരു അഭിനേതാവെന്ന നിലിയില്‍ താരത്തിന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുന്നതാണ്. അതേസമയം ക്ലൈമാക്‌സിനോടടത്തുള്ള കഥാപാത്രത്തിന്റെ ചില അനാവശ്യ പ്രവര്‍ത്തികളാണ് ചിത്രത്തെ വലിച്ച് നീട്ടുന്നത്. ഇത് നായകകഥാപാത്രത്തെ കുറിച്ചുള്ള മൊത്തം ധാരണയെയും സിനിമയുടെ ആസ്വാദനത്തെയും ബാധിക്കുന്നുണ്ട്. സംഗീതിനൊപ്പം തന്നെ അഖില ഭാര്‍ഗവന്റെ നായികാ പ്രകടനവും പ്രശംസയര്‍ഹിക്കുന്നു.
ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: Screen Grab/ Think Music India/ Youtube.com
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഷറഫുദ്ദീന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ആവര്‍ത്തനവും താരത്തിന്റെ മാനറിസവും സൂരജിലും പ്രകടമാണ്. ചെറുതെങ്കിലും തിരക്കഥാകൃത്തായ നിലീന്‍ സാന്ദ്ര അവതരിപ്പിച്ച കഥാപാത്രം തന്റെ ഭാഗം വൃത്തിയായി അവതരിപ്പിച്ചു. വില്ലന് ഒരു ഹൈപ്പ് നല്‍കുക എന്നതിനപ്പുറത്തേക്ക് കോട്ടയം നസീറിന്റെ ഹോം മിനിസ്റ്റര്‍ ക്യാരക്ടറിനും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്‌ക്വാഡിനും പ്രത്യേകിച്ച് പ്രാധാന്യമില്ല.
എടുത്തുപറയേണ്ടത് ചിത്രത്തിലെ ടെക്‌നിക്കല്‍ വിഭാഗത്തെ കുറിച്ചാണ്. ശബ്ദം കേന്ദ്രമാക്കി ഒരു സിനിമ ഒരുക്കുക എന്ന വെല്ലുവിളിയെ ഒരു പരിധി വരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിജയകരമായി നേരിട്ടിട്ടുണ്ട്. റൂബന്‍ എന്ന കഥാപാത്രത്തിന്റെ കേള്‍വിയെയും തലയ്ക്കുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനത്തെയും ചിത്രം കാണുന്നവര്‍ക്ക് അസഹനീയമാകാത്ത വിധം മെഡിക്കല്‍ മിറാക്കിളില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും കാണാന്‍ പോകുന്ന തിയേറ്ററുകളുടെ സാങ്കേതിക നിലവാരം അനുസരിച്ച് സിനിമാസ്വാദനവും മാറിയേക്കാം. ശബ്ദത്തിന്റെ അതിപ്രസരമുള്ള ചിത്രത്തില്‍ മുജീബ് മജീദിന്റെ സംഗീതസംവിധാനത്തിന് എടുത്തുപറയത്തക്ക വിധത്തില്‍ സ്വാധീനമുണ്ടായിരുന്നില്ല.
ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: Screen Grab/ Think Music India/ Youtube.com
സാധാരണയായി സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ ഒരു കോര്‍പ്പറേറ്റിനെതിരെയോ അതിശക്തനായ വില്ലനെതിരെയോ അതല്ലെങ്കില്‍ ഒരു നാടിനെ രക്ഷിക്കാനോ ആണ് നായകന്‍ പോരാടുന്നതെങ്കില്‍ ഇവിടെ വളരെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നായകന്‍ നടത്തുന്നത്. സിനിമാ പ്രേക്ഷകര്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത പുത്തന്‍ ആശയമാണ് ചിത്രത്തിലേതെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ കണ്ടിരിക്കുന്ന പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പ്രയാസമുള്ളതാക്കുന്നു.
Content Highlight: Movie Review Of Sangeeth Prathap Starrer Its a Medical Miracle