| Thursday, 30th July 2026, 5:18 pm

മേക്കിങ്ങില്‍ മികച്ച ഒരു ഏലിയന്‍ മൂവി; ക്ലീഷേയില്‍ ഒതുങ്ങി പ്ലൂട്ടോ

അശ്വിന്‍ രാജേന്ദ്രന്‍

വേറിട്ട ആശയങ്ങളുമായി എത്തുന്ന ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകരുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. സൂപ്പര്‍ ഹീറോ ചിത്രങ്ങളും ഹൊറര്‍ ചിത്രങ്ങളും എല്ലാം ഇത്തരത്തില്‍ വലിയ വിജയങ്ങള്‍ നേടിയിരുന്നു. അതേസമയം റെഡ് റെയ്ന്‍, ഗഗനചാരി, മസ്തിഷ്‌ക മരണം തുടങ്ങി പരാജയപ്പെട്ട ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ ഒരു ചൂതാട്ടവുമായാണ് ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് നീരജ് മാധവും അല്‍ത്താഫ് സലീമും പ്രധാനവേഷത്തിലെത്തിയ പ്ലൂട്ടോ തിയേറ്ററുകളിലേക്കെത്തിയത്.

സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, അര്‍ഷ ബൈജു, വിനീത് തട്ടില്‍, റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട നിഹാല്‍ നിസാം, സുബിന്‍ ടാര്‍സന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കോയി മില്‍ ഗയ, പി.കെ തുടങ്ങി ഇന്ത്യയില്‍ പുറത്തിറങ്ങി ഹിറ്റടിച്ച ഏലിയന്‍ ചിത്രങ്ങളുടെ അതേ പാറ്റേണില്‍ തന്നെയാണ് തിരക്കഥാകൃത്തായ നിയാസ് മുഹമദ് പ്ലൂട്ടോയും ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ആദിത്യന്‍ ചന്ദ്രശേഖരന്‍ ഇതിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

പ്ലൂട്ടോ. Photo: X.com

പ്രായം മുപ്പത്തിനോടടുക്കുന്ന, എന്നാല്‍ ജീവിതത്തില്‍ എന്തൊക്കെ ചെയ്തിട്ടും കര കയറാന്‍ സാധിക്കാത്ത ഒരു പരാജയപ്പെട്ട ചെറുപ്പക്കാരനായിട്ടാണ് ചിത്രത്തില്‍ വിഘ്‌നേഷ് അഥവാ വിക്കി എന്ന കഥാപാത്രമായി നീരജ് മാധവ് വേഷമിട്ടിരിക്കുന്നത്. ചെയ്യാന്‍ പറ്റുന്ന എല്ലാ ബിസിനസുകളും ചെയ്ത് നോക്കുകയും എന്നാല്‍ ഒന്നിലും ക്ലച്ച് പിടിക്കാനാകാതെ പരാജയപ്പെടുകയും ചെയ്യുന്ന വിക്കിയുടെ അവസാന ശ്രമവും പരാജയമായി തീരുന്നതോടെയാണ് ചിത്രത്തിലെ ടേണിങ് പോയിന്റ് സംഭവിക്കുന്നത്. എന്തിനും കൂടെ നിന്നിരുന്ന ഉറ്റസുഹൃത്ത് ജോസും (സുബിന്‍ ടാര്‍സന്‍) കൈയൊഴിഞ്ഞതോടെയാണ് അല്‍ത്താഫ് സലീം അവതരിപ്പിച്ച ഏലിയന്‍ കടലില്‍ നിന്നും രംഗപ്രവേശം ചെയ്യുന്നത്.

അതുവരെയുള്ള ചിത്രത്തിന്റെ കഥ പറച്ചിലുകളെല്ലാം അതിവേഗം, പ്രേക്ഷകരെ ചിത്രത്തിലേക്ക് പിടിച്ചിരുത്തി കൊണ്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. പരാജയപ്പെട്ട് തോല്‍വിയുടെ പടുകുഴിയില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് രക്ഷകനായി ഒരു അവതാരം പിറവിയെടുക്കും എന്ന പതിവ് വഴിയിലൂടെയാണ് കഥ പോകുന്നതെന്ന് മനസിലാകുന്നുണ്ടെങ്കിലും ബോറടിക്കാതെയാണ് ഈ സീനുകളെല്ലാം ഒരുക്കിയിരിക്കുന്നതെന്ന് ചുരുക്കം.

പ്ലൂട്ടോ. Photo: IMDB

അല്‍ത്താഫ് സലിം അവതരിപ്പിച്ച അന്യഗ്രഹ ജീവിയെ പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സ് ചെയ്യുന്നതില്‍ ചിത്രം വലിയ പ്രതിസന്ധി നേരിട്ടുണ്ട്. നേരം പുലരുമ്പോള്‍ തന്റെ റൂമില്‍ ഒരു അന്യഗ്രഹജീവിയെ കാണുന്ന വിക്കിയുടെ പ്രതികരണങ്ങളെല്ലാം തന്നെ ധൃതി പിടിച്ച് ചെയ്ത അനുഭവമാണ് ഉളവാക്കിയത്. ആമിര്‍ഖാന്റെ പി. കെയെ പോലെ കൂര്‍ത്ത ചെവികളും തവളയ്ക്ക് സമാനമായ കൈകളും ഉണ്ടെന്നതൊഴിച്ചാല്‍ അല്‍ത്താഫ് സലിം എന്ന നടന്‍ ഏലിയനില്‍ പ്രകടമായിരുന്നു. കഥാപാത്രത്തിന് വേണ്ടി താരം ശ്രമം നടത്തിയിട്ടുണ്ടെങ്കിലും മന്ദാകിനിയിലെ ആരോമല്‍, ഏലിയന്‍ സ്യൂട്ട് അണിഞ്ഞെത്തിയതിനപ്പുറത്തേക്ക് കാര്യമായൊന്നും ഫീല്‍ ചെയ്തില്ല.

ഏലിയനുമായി സൗഹൃദത്തിലാകുന്നത് മുതല്‍ പിന്നീടങ്ങോട്ട് ഇടവേള വരെ ചിത്രത്തിന്റെ ആസ്വാദനത്തിന്റെ ഗ്രാഫ് കുത്തനെ താഴുന്നുണ്ട്. പ്ലൂട്ടോയുടെ കഴിവുകള്‍ കണ്ടെത്തുന്നതും മറ്റുള്ളവര്‍ അറിയാതെ കൊണ്ട് നടക്കാനുള്ള വിക്കിയുടെ ശ്രമങ്ങളുമെല്ലാം ചിത്രത്തില്‍ ലാഗ് അനുഭവപ്പെട്ട ഭാഗങ്ങളായിരുന്നു. ഇതിനിടയില്‍ ചിത്രത്തിലെ പ്രധാന വില്ലനായ അജു വര്‍ഗീസിന്റെ ടൈഗര്‍ തമ്പിയെ അവതരിപ്പിക്കുന്ന രംഗങ്ങള്‍ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കിടിലന്‍ പശ്ചാത്തല സംഗീതത്തില്‍ സ്റ്റൈലിഷ് ലുക്കില്‍ എന്‍ട്രി നടത്തുന്ന ടൈഗര്‍ തമ്പി, അജുവിന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുന്ന കഥാപാത്രമാണ്. അനുചരന്‍മാരായെത്തുന്ന ദിനേഷ് പണിക്കരിന്റെയും വിനീത് തട്ടിലിന്റെയും കഥാപാത്രങ്ങളും ഒരു കോമിക്ക് ബുക്ക് വായിക്കുന്ന അനുഭവം പ്രേക്ഷകരില്‍ ജനിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീനില്‍ സ്‌പേസ് ഷിപ്പ് കണ്ടെത്തുന്ന സീന്‍ പ്ലൂട്ടോയിലെ പീക്കുകളൊന്നാലാണ്.

പ്ലൂട്ടോ. Photo: Manorama Online

രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ പ്ലൂട്ടോയ്ക്ക് തിരിച്ച് തന്റെ ഗ്രഹത്തിലെത്തണം എന്നതല്ലാതെ മറ്റൊരു വെല്ലുവിളിയും ക്ലൈമാക്‌സിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ചിത്രത്തിലില്ല എന്നത് പ്രധാന പോരായ്മകളിലൊന്നാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഒത്തുചേരുന്ന ക്ലൈമാക്‌സ് പോര്‍ഷന്‍ എന്റര്‍ടെയിനിങ് ആയി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. യാതൊരു സൂപ്പര്‍പവറുമില്ലാത്ത ഏലിയന് തന്റെ സ്‌പേസ് ഷിപ്പ് തിരികെ കിട്ടുമ്പോള്‍ വന്നുചേരുന്ന പവര്‍ തന്നെയാണ് ക്ലൈമാക്‌സിലെ ഹൈലൈറ്റ്.

സംഭവ വിവരണം നാലര സംഘം എന്ന വെബ് സിരീസിലെ മൂങ്ങ എന്ന കഥാപാത്രമായി പ്രക്ഷകര്‍ക്ക് സുപരിചിതനായ സച്ചിന്‍ ജോസഫ് പ്രദീപ് എന്ന കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. അര്‍ഷ ബൈജു അവതരിപ്പിച്ച മീരയും വിക്കിയും തമ്മിലുള്ള കോമ്പിനേഷന്‍ നന്നായി തന്നെ വര്‍ക്കായിട്ടുണ്ട്. കുടോസ് മീഡിയ എന്ന യൂട്യൂബ് ചാനലിലെ റീല്‍സുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നിഹാല്‍ നിസാമിന്റെ രംഗങ്ങളായിരുന്നു ചിത്രത്തിലെ കോമഡി രംഗങ്ങളില്‍ മുന്നിട്ട് നിന്നത്. സുബിന്‍ ടാര്‍സനും നിംന ഫത്തൂമിയും അവരവരുടെ ഭാഗങ്ങള്‍ നന്നായി അവതരിപ്പിട്ടുണ്ട്. വിക്കിയുടെ അമ്മയായി വേഷമിട്ട ആര്‍ട്ടിസ്റ്റും അച്ഛനായി വേഷമിട്ട സഹീര്‍ മുഹമദും മികച്ച കാസ്റ്റിങായിരുന്നു.

തിരക്കഥയില്‍ പോരായ്മകള്‍ സംഭവിച്ചെങ്കിലും ചിത്രത്തിന്റെ ടെക്‌നിക്കല്‍ സൈഡാണ് പ്ലൂട്ടോയെ താങ്ങിനിര്‍ത്തുന്നത്. വിഷ്ണു ശര്‍മയുടെ സിനിമാറ്റോ ഗ്രാഫിയും സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരവും ചിത്രത്തിലെ ഓരോ ഫ്രെയ്മുകളും സമ്പന്നമാക്കുന്നുണ്ട്. നീരജ് മാധവിന്റെയും ആര്‍ക്കാടോയുടെയും സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഈ വര്‍ഷത്തെ മലയാളത്തിലെ മികച്ച വര്‍ക്കുകളിലൊന്നാണ്.

പ്ലൂട്ടോ. Photo: District

ചിത്രത്തിലെ ചുരുങ്ങിയ ഭാഗങ്ങളില്‍ മാത്രമാണ് സ്‌പേസ് ഷിപ്പും സ്‌പേസും കാണിക്കുന്നതെങ്കിലും കോടിക്കണക്കിന് രൂപ ചെലവിട്ട ചിത്രങ്ങളെക്കാള്‍ മനോഹരമായി തന്നെയാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ഴോണറില്‍ ചിത്രമൊരുക്കാന്‍ മുന്നിട്ടിറങ്ങിയ നിര്‍മാതാക്കളെയും പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ കണ്ടുമടുത്തവര്‍ക്കും സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു തവണ ആസ്വദിച്ചിരുന്ന് കാണാന്‍ പറ്റുന്ന ചിത്രമാണ് പ്ലൂട്ടോ എന്ന് നിസംശയം പറയാം.

Content Highlight: Movie Review of Pluto Directed by Adityan Chandrashekaran and starred by Neeraj Madhav and Althaf Salim

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more