| Thursday, 22nd October 2026, 4:25 pm

കാണാനുണ്ട്, ചിരിക്കാനുണ്ട്; ടൈറ്റായി കഥ പറഞ്ഞ് ടൈറ്റന്‍സ്

അശ്വിന്‍ രാജേന്ദ്രന്‍

പരീക്ഷണ ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. 2026ല്‍ തന്നെ ഭൂമിയിലെത്തുന്ന ഏലിയന്റെ കഥ പറഞ്ഞ പ്ലൂട്ടോ, അതിമാനുഷിക ശക്തി ലഭിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ തുടങ്ങിയവ മോളിവുഡില്‍ റിലീസ് ചെയ്തിരുന്നു. ഇരു ചിത്രങ്ങള്‍ക്കും വിജയം ലഭിച്ചില്ലെങ്കിലും വ്യത്യസ്തമായി കഥ പറയാന്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയ ശ്രമത്തെ സിനിമാ പ്രേമികള്‍ അഭിനന്ദിച്ചിരുന്നു.

സമാനമായി മലയാളത്തില്‍ നിന്നും ഇന്ന് (വ്യാഴം) പുറത്തിറങ്ങിയ ചിത്രമായിരുന്നു ടൈറ്റന്‍സ്. ഫാന്റസി-ആക്ഷന്‍-കോമഡി ഴോണറില്‍ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് പ്രിന്‍സ് ജോയ് ആണ്. ജയസൂര്യയും വിനായകനും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ കൊച്ചിക്കാരനായ ആന്റണി യക്കൂസയായി ജയസൂര്യ വേഷമിടുമ്പോള്‍ യക്കൂസയുടെ കാവല്‍ മാലാഖയായാണ് വിനായകനെത്തുന്നത്. ആട് എന്ന ഹിറ്റ് ഫ്രാഞ്ചൈസി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മിഥുന്‍ മാനുവല്‍ തോമസ് ഇര്‍ഷാദ് എം. ഹസനും പ്രദീപ് സി.എസിനുമൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ടൈറ്റന്‍സ്. Photo: Screen Grab/ Nerambokku/ youtube.com

ചിത്രത്തിന്റെ ട്രെയ്‌ലര്‍ സൂചിപ്പിച്ച പോലെ ഫാന്റസി ഴോണറെന്ന ലേബലിനോട് നീതി പുലര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. വിനായകനും മണികണ്ഠനും എത്തുന്ന ആദ്യ സീന്‍ മുതല്‍ തന്നെ പ്രേക്ഷകരെ ഈ എലമെന്റിലേക്ക് ഹുക്ക് ചെയ്യുന്ന വിധത്തിലാണ് പ്രിന്‍സ് ജോയ് ടൈറ്റന്‍സ് ആരംഭിക്കുന്നത്. ഒരിടത്ത് വിനായകന്റെ ലോകത്തിലൂടെ ഉദ്വേഗം ജനിപ്പിക്കുമ്പോള്‍ സമാന്തരമായി ആന്റണി യക്കൂസയുടെ ഇന്‍ട്രോയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും ടൈറ്റന്‍സിന് സാധിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെയെല്ലാം തന്നെ ആദ്യ അരമണിക്കൂറില്‍ തന്നെ സ്റ്റൈലിഷായി പ്രെസന്റ് ചെയ്യുന്ന രീതിയും കൈയടി അര്‍ഹിക്കുന്നു.

ചിത്രത്തിന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ ഒരു കോമഡി പടം ചെയ്യണമെന്ന് ഒരുപാട് കാലമായി താനാഗ്രഹിക്കുന്നു എന്ന് ജയസൂര്യ പറഞ്ഞിരുന്നു. ആട് ഫ്രാഞ്ചൈസിന് പുറമെ താരത്തിന്റെതായി സമീപകാലത്ത് പുറത്തിറങ്ങിയ ഒരു കോമഡി എന്റര്‍ടെയിനറാണ് ടൈറ്റന്‍സെന്ന് നിസംശയം പറയാം. കുഡോസ് എന്ന സോഷ്യല്‍ മീഡിയ ചാനലിലൂടെ ശ്രദ്ധേയനായ നിഹാല്‍ നിസാമിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളും ബേബി ജീനിന്റെ കഥാപാത്രമായ പീറ്ററുമായുള്ള രംഗങ്ങളുമെല്ലാം പ്രേക്ഷകനെ ചിരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ആന്റണി യക്കൂസയുടെ നിസഹായാവസ്ഥ മുതല്‍ കാവല്‍ മാലാഖയായ റെജിമോനുമായുമുള്ള ആന്റണിയുടെ കണ്ടുമുട്ടല്‍ വരെ കോമഡിയുടെ അകമ്പടിയോടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ടൈറ്റന്‍സ്. Photo: Screen Grab/ Nerambokku/ youtube.com

വിനായകനും ജയസൂര്യയും നിഹാല്‍ നസീമും ഒന്നിച്ചെത്തുന്ന സീനുകളെല്ലാം ചിരി പടര്‍ത്തിയിരുന്നു. ഇവര്‍ക്കൊപ്പം സുരേഷ് കൃഷ്ണയുടെ പൊലീസ് കഥാപാത്രം, അല്‍ അമീന്റെ ക്യാരക്ടര്‍, ഇന്ദ്രന്‍സിന്റെ ആനന്ദ്. ജി, സണ്ണി വെയ്‌നിന്റെ ലൂസിഫര്‍ തുടങ്ങി എല്ലാവരും അവരവരുടെ റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഫാന്റസിയും റിയല്‍ വേള്‍ഡും തമ്മില്‍ വിശ്വസിനീയമാം വിധം സംയോജിപ്പിച്ച തിരക്കഥാകൃത്ത് ജെയിംസ് സെബാസ്റ്റ്യന്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. കഥയുടെ ഒഴുക്കിന് ഒരു തടസവും വരാതെയാണ് രണ്ട് സാഹചര്യങ്ങളെ ടൈറ്റന്‍സില്‍ സംയോജിപ്പിക്കുന്നത്.

ടൈറ്റന്‍സ്. Photo: Screen Grab/ Nerambokku/ youtube.com

ടൈറ്റന്‍സിന്റെ ആസ്വാദനത്തില്‍ എടുത്തുപറയേണ്ടത് ചിത്രത്തിന്റെ ടെക്‌നിക്കല്‍ സൈഡിനെ കുറിച്ചാണ്. വിഷ്ണു ശര്‍മയുടെ സിനിമാറ്റോഗ്രാഫിയും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങും കഥ പറച്ചില്‍ ഈസിയാക്കുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊരു ഫാക്ടറാണ് ചിത്രത്തിന്റെ വി.എഫ്.എക്‌സ്. കാവല്‍ മാലാഖയുടെ ചിറകുമുളക്കുന്ന രംഗവും ക്ലൈമാക്‌സിലെ ഫൈറ്റും മുതല്‍ റെജിമോന്‍ തന്റെ തനിസ്വരൂപം കാണിക്കുന്നിടത്തെല്ലാം ആസ്വാദനത്തിന് ഒരു കോട്ടവും തട്ടാത്ത വിധത്തില്‍ ഉയര്‍ന്ന നിലവാരത്തോടെ തന്നെയാണ് വി.എഫ്.എക്‌സ് ഡയറക്ടര്‍ വൈശാഖ് ബാബു സീനുകള്‍ ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം ചിത്രത്തിന്റെ മൂഡ് സെറ്റ് ചെയ്യുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയ സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്റ് തന്റെ ജോലി ഗംഭീരമാക്കിയിട്ടുണ്ട്.

രണ്ടാം പകുതിയില്‍ ക്ലൈമാക്‌സിലേക്ക് വേണ്ട രീതിയില്‍ ടെന്‍ഷന്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കാതെ പോകുന്നുണ്ടെങ്കിലും ക്ലീഷേ ക്ലൈമാക്‌സുകളില്‍ നിന്നും മാറി ഇമോഷണലി കണക്ടാകുന്ന ഒരു എന്‍ഡിങ്ങാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരമില്ലാതെ തന്നെ ഒരു ചിരിയോടെ ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന ലൈറ്റ് ഹാര്‍ട്ടഡ് ചിത്രമാണ് ടൈറ്റന്‍സ്.

Content Highlight: Movie Review of Jayasurya, vinayakan starrer Titans

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more