72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറെക്കാലമായി അവസാനറൗണ്ടില്‍ തഴയപ്പെടുന്ന പതിവ് തെറ്റിച്ച് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കാര്‍ത്തിക് ആര്യനുമായി അവാര്‍ഡ് പങ്കുവെക്കുകയായിരുന്നു. നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് തന്റെ ഷെല്‍ഫിലെത്തിക്കുന്നത്.
മികച്ച മലയാള സിനിമയായി ഫെമിനിച്ചി ഫാത്തിമയെയും മികച്ച പിന്നണി ഗായികയായി വൈക്കം വിജയലക്ഷ്മിയെയും തെരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ ഫ്രെയിമുകളൊരുക്കിയതിന് ഷഹ്നാദ് ജലാല്‍ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. പല അവാര്‍ഡുകളും അര്‍ഹിച്ച കൈകളിലെത്തിയെങ്കിലും ചില പുരസ്‌കാരങ്ങള്‍ ജൂറിയുടെ നിലവാരമില്ലായ്മയെ എടുത്തുകാണിക്കുന്നെന്ന വിമര്‍ശനം ഉയരുകയാണ്.
മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിയുമായി പങ്കുവെച്ച കാര്‍ത്തിക് ആര്യാണ് ഇതില്‍ ആദ്യത്തേത്. സദാസമയവും 32 പല്ലും കാട്ടിയുള്ള ചിരിയല്ലാതെ മറ്റൊന്നും മുഖത്ത് കൊണ്ടുവരാത്ത നടന്‍ എന്നാണ് കാര്‍ത്തിക് ആര്യനെ ബോളിവുഡ് പേജുകള്‍ പോലും വിശേഷിപ്പിക്കുന്നത്. ചന്തു ചാമ്പ്യനില്‍ മികച്ച അഭിനയമായിരുന്നെങ്കിലും അവാര്‍ഡിനുള്ള വകുപ്പില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മൂന്നരമണിക്കൂര്‍ പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്ത പുഷ്പ 2ന് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നല്‍കിയതിനെയും വിമര്‍ശിക്കുന്നുണ്ട്. ശ്രീവല്ലിയുടെയും പുഷ്പന്റെയും ‘പീലിംഗ്‌സ്’ കണ്ടിട്ടാണോ അവാര്‍ഡ് നല്‍കിയതെന്നാണ് ട്രോളുകള്‍. കിഷ്‌കിന്ധാകാണ്ഡം, മഹാരാജ പോലുള്ള സിനിമകളെ ജൂറി മനപൂര്‍വം തഴഞ്ഞോ എന്നും ചോദ്യമുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങളുടെ രാഷ്ട്രീയ അജണ്ടയെ വരച്ചിടുന്ന സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്ന പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല. മികച്ച സിനിമക്കടമുള്ള പുരസ്‌കാരം പ്രൊപ്പഗണ്ട സിനിമകള്‍ സ്വന്തം പേരിലാക്കി. ധുരന്ധര്‍, ഉറി സിനിമകളില്‍ നരേന്ദ്ര മോദിയ വെളുപ്പിച്ച ആദിത്യ ധര്‍ നിര്‍മിച്ച ആര്‍ട്ടിക്കിള്‍ 370, രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത് നായകവേഷം ചെയ്ത സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്നീ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കിയിട്ടുണ്ട്.
മികച്ച സിനിമ, മികച്ച നടി (യാമി ഗൗതം), മികച്ച സംഗീത സംവിധായകന്‍ – ബി.ജി.എം (ശാശ്വത് സച്ച്‌ദേവ്) എന്നീ പുരസ്‌കാരങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 ‘വാങ്ങിയെടുത്തപ്പോള്‍’ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരമാണ് സ്വതന്ത്ര വീര്‍ സവര്‍ക്കറിന് ‘കിട്ടി’യത്. ഇതിന് പുറമെ മറ്റ് ചില അവാര്‍ഡുകളുടെ കാര്യത്തിലും ചര്‍ച്ചകളുണ്ട്.
മികച്ച സംഗീത സംവിധായകന്‍ (പാട്ടുകള്‍) ജി.വി. പ്രകാശിന് ലഭിച്ചതിനെ പലരും ചോദ്യം ചെയ്യുന്നുണ്ട്. അമരനിലേത് നല്ല വര്‍ക്കായിരുന്നെങ്കിലും അതിനെക്കാള്‍ നല്ല പാട്ടുകള്‍ വേറെയുമുണ്ടായിട്ടുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. രായനെ മികച്ച തമിഴ് സിനിമയായി തെരഞ്ഞെടുത്തതും പലര്‍ക്കും ദഹിച്ചിട്ടില്ല.
Content Highlight: Movie pages discussing on Undeserving awards in National Film Awards