ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
സന്ദീപ് പ്രദീപ്, വിനീത്, നരേന്‍, ബിനു പപ്പു തുടങ്ങി മലയാളത്തിലെ ഒരുപിടി താരങ്ങളുടെ പ്രകടനം കൊണ്ടും ശക്തമായ പ്രമേയം കൊണ്ടും ചിത്രം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒരു ഇടവേളയ്ക്ക് ശേഷം നടന്‍ വിനീതിന് മലയാളത്തില്‍ ലഭിച്ച ഒരു മികച്ച കഥാപാത്രം കൂടിയാണ് എക്കോയിലേത്.
ഒരു കഥാപാത്രത്തെ അന്നും ഇന്നും കണ്‍സീവ് ചെയ്യുന്നതിലുള്ള വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത്.
1987ല്‍ റിലീസ് ചെയ്ത അമൃതം ഗമയ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഉണ്ണികൃഷ്ണന്‍ എന്ന തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.
‘അന്നൊക്കെ സംവിധായകന്‍ പറയുന്നത് എന്താണോ അതുപോലെ അഭിനയിക്കുക എന്നത് മാത്രമായിരുന്നു. അല്ലാതെ ഇന്നത്തെ പോലെ ആ കഥാപാത്രത്തെ അനലൈസ് ചെയ്യുക പോലുള്ള പരിപാടിയൊന്നുമുണ്ടായിരുന്നില്ല.
സത്യം പറഞ്ഞാല്‍ അമൃതം ഗമയ എന്ന പടമൊക്കെ പിന്നീട് കണ്ടപ്പോള്‍ മാത്രമാണ് അതിന്റെ ഇംപാക്ട് മനസിലാകുന്നത്. അന്ന് അതിന്റെ ഡെപ്‌തൊന്നും അറിയില്ല. സ്‌ക്രിപറ്റും അറിയില്ല. ഇങ്ങനെ ഒരു സീക്വന്‍സ് ആണെന്ന് മാത്രമേ അറിയുള്ളൂ.
എന്റെ അഞ്ചാമത്തെയോ ആറാമത്തെയോ സിനിമയാണ്. ഒരു ദിവസത്തെ വര്‍ക്കാണെന്ന് പറഞ്ഞാണ് ചെല്ലുന്നത്. ലാലേട്ടന്‍ ഈ സിനിമയ്ക്ക് വേണ്ടി വലിയ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ നടത്തി വരികയാണ്. ജിമ്മിലൊക്കെ പോയി കംപ്ലീറ്റ് ട്രാന്‍സ്ഫര്‍മേഷനാണ് അദ്ദേഹം നടത്തിയത്.
ഞാന്‍ ഇദ്ദേഹത്തെ എടുക്കുന്ന ഒരു സീക്വന്‍സുണ്ട്. അത്രയും കണ്‍സേണ്‍ഡ് ആയിട്ടാണ് ലാലേട്ടന്‍ എന്റെ പുറത്തിരിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വെയ്റ്റ് അറിഞ്ഞിട്ട് പോലുമില്ല. അത്രയും മനോഹരമായിട്ട് ആ വെയ്റ്റ് അദ്ദേഹം ബാലന്‍സ് ചെയ്തു.
അദ്ദേഹം അതില്‍ കണ്‍സേണ്‍ഡ് ആയിരുന്നു. ഞാന്‍ ആകെ ഇത്തിരിയേ ഉള്ളൂ. കോളേജ് എപ്പിസോഡിന് വേണ്ടി അദ്ദേഹം യങ് ബോയിയെ പോലെ ആയി. മദ്രാസിലെ നന്ദനം വൈ.എം.സി.എയില്‍ ആണ് ഷൂട്ട് ചെയ്തത്. രണ്ട് രാത്രി ഷൂട്ട് ഉണ്ടായിരുന്നു. ഹരന്‍ സാര്‍ ആണ് സംവിധാനം.
പിന്നെ ആ സിനിമയില്‍ എന്റെ ഒരു മെമ്മറി എന്ന് പറയുന്നത്, ഞാന്‍ ഈ വീണു കഴിഞ്ഞിട്ട് ബ്ലഡ് ശര്‍ദ്ദിക്കുന്ന ഒരു സീനുണ്ട്. ഒരു വൃത്തികെട്ട എണ്ണയില്‍ ഗ്ലിസറിന്‍ പോലുള്ള എന്തോ മിക്‌സ് ചെയ്തിട്ടുള്ള ഒരു സാധനം.
മേക്കപ്പ്മാന്‍ മിക്‌സ് ചെയ്തുകൊണ്ടുവരികയാണ്. അതുമുഴുവന്‍ എന്റെ വായിലേക്ക് ആയി. തറയില്‍ ഇങ്ങനെ കിടക്കുമ്പോള്‍ അത് മുഴുവന്‍ എന്റെ വായിലേക്ക് ആയതാണ്. അതിന്റെ ടേസ്റ്റ് ഹൊറിബിള്‍ ആണ്. അതെനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നീട് ആ പടം കാണുമ്പോള്‍ ആണ് അതിന്റെ ഇംപാക്ടും ലാല്‍ സാറിന്റെ ഒരു പെര്‍ഫോമന്‍സുമൊക്കെ എന്തായിരുന്നെന്ന് എനിക്ക് മനസിലാകുന്നത്,’ വിനീത് പറഞ്ഞു.
എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അമൃതം ഗമയ. ഡോ. ഹരിദാസ് എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മനോവികാരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Content Highlight: Actor Vineeth remember his Movie Amrutham Gamaya and Mohanlal