ഇടുക്കി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ ആദ്യത്തെ ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ പ്രവർത്തനം നിലച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിമാരും സി.പി.ഐ.എം നേതാക്കളുമായ പി. രാജീവും എം.ബി. രാജേഷും.
ആറ് മാസം പൂർത്തിയാക്കിയ യു.ഡി.എഫ് സർക്കാരിന്റെ കാര്യക്ഷമതയുടെയും ആദിവാസി സമൂഹത്തോടുള്ള സമീപനത്തിന്റെയും അളവുകോലാണ് ഈ സംഭവമെന്ന് പി. രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
മന്ത്രിമാരുടെ പോലും അധികാരം കവർന്നെടുത്ത് അവരെ നോക്കുകുത്തികളാക്കുന്ന മുഖ്യമന്ത്രി, ഇത്രയും ഗുരുതരമായ വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ലെന്നും സർക്കാർ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആവശ്യമായ സർക്കാർ ഫണ്ട് ലഭിക്കാത്തതിനെ തുടർന്നാണ് ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടേണ്ടി വന്നതെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറ് മാസമായി പഞ്ചായത്തിലെ 14 ജീവനക്കാർക്ക് ശമ്പളവും 14 ജനപ്രതിനിധികൾക്ക് ഓണറേറിയവും ലഭിച്ചിട്ടില്ല. ഇതോടെ പഞ്ചായത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വിതരണം ഉൾപ്പെടെയുള്ള ജനസേവനങ്ങളും വികസന പ്രവർത്തനങ്ങളും പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗോത്രവർഗ പഞ്ചായത്തായതിനാൽ തനതുവരുമാനം കണ്ടെത്താൻ പരിമിതികളുള്ള ഇടമലക്കുടിക്ക് നിലവിൽ പ്രതിമാസം 87,500 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കുന്നു. ജനറൽ പർപ്പസ് ഗ്രാന്റ് (GPG) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിൽ തദ്ദേശ ഭരണത്തിന്റെ കാര്യത്തിൽ എന്താണ് നടക്കുന്നത് എന്നതിന്റെ തെളിവാണ് പഞ്ചായത്തിന്റെ അടച്ചുപൂട്ടലെന്ന് മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിമർശിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടോ എന്നും, ആറ് മാസമായി തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു.
തദ്ദേശ വകുപ്പ് പുറത്തിറക്കിയ എൻജിനീയർമാരുടെ സ്ഥലംമാറ്റ പട്ടികയെയും എം.ബി. രാജേഷ് രൂക്ഷമായി വിമർശിച്ചു. വിരമിച്ച ഉദ്യോഗസ്ഥരെയും ദീർഘകാല അവധിയിൽ പ്രവേശിച്ച് വിദേശത്തേക്ക് പോയവരെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തി സ്ഥലം മാറ്റിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ചവരെ എങ്കിലും സ്ഥലം മാറ്റാതെ ഒഴിവാക്കണമെന്ന ഒരു അഭ്യർത്ഥന തദ്ദേശ വകുപ്പ് മന്ത്രിയോടുണ്ടെന്നും, തദ്ദേശ ഭരണത്തിന്റെ നിലവിലെ ദയനീയമായ അവസ്ഥയാണ് ഈ കാഴ്ചകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlight: Move to shut down Edamalakkudy Panchayat: Opposition levels sharp criticism against the State Government.