| Sunday, 17th May 2026, 8:00 am

ബംഗാളില്‍ മമതയെ പൂട്ടാന്‍ സുവേന്ദു അധികാരി; 1.69 കോടി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പുനപരിശോധിക്കാന്‍ നീക്കം

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 1.69 കോടി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പുനപരിശോധിക്കാന്‍ ഉത്തരവ്
പശ്ചിമ ബംഗാളില്‍ 2011 മുതല്‍ വിതരണം ചെയ്ത എല്ലാ പട്ടികജാതി (എസ്.സി), പട്ടികവര്‍ഗ (എസ്.ടി), ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും പുനപരിശോധിക്കാന്‍ പുതുതായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടു.

അര്‍ഹതയില്ലാത്ത പലര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്ന പരാതികളെത്തുടര്‍ന്നാണ് ഈ നടപടി.

2011ല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ഇതുവരെയുള്ള ഏകദേശം 1.69 കോടി സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. ഇതില്‍ ഒരു കോടി പട്ടികജാതി സര്‍ട്ടിഫിക്കറ്റുകളും, 21 ലക്ഷം പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റുകളും, 48 ലക്ഷം ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടുന്നു.

പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് (ബി.സി.ഡബ്ല്യൂ) സെക്രട്ടറി മെയ് 14ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അര്‍ഹതയില്ലാത്തവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി ആരോപണമുണ്ട്.

പ്രത്യേകിച്ച്, മുന്‍ സര്‍ക്കാരിന്റെ ‘ദുവാര്‍ സര്‍ക്കാര്‍’ (Duare Sarkar) പദ്ധതി വഴി നല്‍കിയ 47.8 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

വോട്ടര്‍ പട്ടിക പുതുക്കലിന്റെ (എസ്.ഐ.ആര്‍) ഭാഗമായി പേര് നീക്കം ചെയ്യപ്പെട്ട വ്യക്തികളുടെയും അവരുടെ ആശ്രിതരുടെയും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേകം പരിശോധിക്കും. അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായ നടപടികളിലൂടെ റദ്ദാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉപവിഭാഗം ഓഫീസര്‍മാര്‍ (എസ്.ഡി.ഒ), ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായിരിക്കും സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ചുമതല.

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

അയോഗ്യരായവര്‍ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കുന്നത് വഴി യഥാര്‍ത്ഥ അര്‍ഹര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും മറ്റും ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് സര്‍ക്കാര്‍ വാദം.

വരും ദിവസങ്ങളില്‍ സബ് ഡിവിഷണല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ കൃത്യത പരിശോധിക്കുന്ന നടപടികള്‍ ആരംഭിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി സര്‍ട്ടിഫിക്കറ്റ് നേടിയെന്ന് കണ്ടെത്തിയാല്‍ അവ റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Content Highlight: Move to re-verify 1.69 crore caste certificates in Bengal

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more