ടെഹ്‌റാന്‍: ഇറാന്‍-യു.എസ് ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് പ്രയാസകരമാണെങ്കിലും അസാധ്യമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ്. യു.എസുമായി സമാധാനത്തിലല്ല തങ്ങളെന്നും ഇസ്രഈലിനെ ഇറാന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ദാര്‍വിഷുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഖാലിബാഫ് ഈ കാര്യം പറഞ്ഞത്. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങിനായി ടെഹ്‌റാനിലെത്തിയതായിരുന്നു മുഹമ്മദ് ദാര്‍വിഷ്.
‘ഇപ്പോള്‍ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അത് നടപ്പാക്കുന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാലും അത് നടപ്പാക്കാന്‍ പറ്റും,’ ഖാലിബാഫ് പറഞ്ഞു. നയതന്ത്രവും ചര്‍ച്ചകളും സൈനിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രതിരോധ സേനയുടെ നേട്ടങ്ങള്‍ സംരക്ഷിക്കാനും സഹായിക്കുമെന്നും ഘാലിബാഫ് അഭിപ്രായപ്പെട്ടു.
‘നയതന്ത്രത്തിനൊപ്പം പ്രതിരോധത്തിന് കൂടി രാജ്യം പൂര്‍ണമായി തയ്യാറായാല്‍ മാത്രമേ ഇത് നടക്കൂ’ എന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈല്‍ ബെയ്‌റൂട്ടിന് സമീപം ആക്രമണം നടത്തിയപ്പോള്‍ നയതന്ത്ര ചര്‍ച്ചകള്‍ സ്തംഭിച്ചിരുന്നെന്നും ഘാലിബാഫ് പറഞ്ഞു.
മേഖലയിലെ രാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്കായി ചര്‍ച്ചക്കിടെ യു.എസ് പക്ഷത്തോട് ഇറാന്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ പ്രാദേശിക സഖ്യകക്ഷികള്‍ക്കെതിരായ യുദ്ധം അവസാനിപ്പിക്കാനും അന്ന് നിര്‍ബന്ധിച്ചിരുന്നുവെന്നും ഘാലിബാഫ് പറഞ്ഞു.
യു.എസുമായുള്ള ചര്‍ച്ചകളില്‍ ഇറാന്റെ പ്രധാന ചര്‍ച്ചാ പ്രതിനിധിയായിരുന്നു ഖാലിബാഫ്. കഴിഞ്ഞ മാസം 17നായിരുന്നു ധാരണാ പത്രത്തില്‍ ഇറാനും യു.എസും ഒപ്പുവച്ചത്. ധാരണാ പത്രം പ്രകാരം സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറില്‍ 60 ദിവസത്തനകം ഇരു കക്ഷികളും എത്തിച്ചേരണം.
പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ധാരണാ പത്രത്തില്‍ ലെബനന്‍ അടക്കം എല്ലാ യുദ്ധമുഖത്തിലെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നതടക്കമുള്ള 14 വ്യവസ്ഥകളാണുള്ളത്. ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ അവസാനിപ്പിച്ച് ഗതാഗതം പുനസ്ഥാപിക്കണമെന്നതായിരുന്നു ധാരണാ പത്രത്തിലെ മറ്റൊരു വ്യവസ്ഥ.
ധാരണാ പത്രത്തില്‍ ഒപ്പുവച്ച ശേഷം രണ്ട് ഘട്ടം തുടര്‍ ചര്‍ച്ചകളും നടന്നിരുന്നു. ആദ്യ ഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്റിലും രണ്ടാം ഘട്ടത്തില്‍ ദോഹയിലുമായിരുന്നു ചര്‍ച്ചകള്‍. സ്വിറ്റ്‌സര്‍ലന്റില്‍ ഇറാന്‍, യു.എസ് പ്രതിനിധികള്‍ നേരിട്ടായിരുന്നു ചര്‍ച്ച നടത്തിയിരുന്നതെങ്കില്‍ ദോഹയില്‍ മധ്യസ്ഥരായ ഖത്തറിന്റെയും പാകിസ്ഥാന്റെയും പ്രതിനിധികള്‍ യു.എസിനോടും ഇറാനോടും വെവ്വേറെ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വീണ്ടും ഇറാന്‍-യു.എസ് ചര്‍ച്ചകള്‍ നടക്കുമെന്നാ് വിവരം.
ദോഹയിലെ ചര്‍ച്ചകള്‍ ഈ മാസം രണ്ടിനാണ് പൂര്‍ത്തിയായത്. ചര്‍ച്ചകളില്‍ ഗുണകരമായ പുരോഗതിയുണ്ടായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വരും നാളുകളില്‍ ചര്‍ച്ച തുടരാന്‍ ഇരു പക്ഷവും സന്നദ്ധത അറിയിച്ചതായും മന്ത്രാലയം എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ ഈ മാസം നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന സാഹചര്യത്തില്‍ അതിന് ശേഷമാവും തുടര്‍ ചര്‍ച്ചകളുണ്ടാവുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ദോഹയില്‍ ഇരു പക്ഷവും തമ്മില്‍ സാങ്കേതികമായ ചര്‍ച്ചകളാണ് നടന്നതെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
Content Highlight: MoU implementation difficult but possible: Iran not at peace with US; Qalibaf