| Sunday, 20th July 2025, 9:11 am

കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: കണ്ണൂരിൽ കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് യുവതി ചാടിയത്.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു യുവതി കുഞ്ഞുമായി പുഴയിൽ ചാടിയത്. വെങ്ങര സ്വദേശിനി എം.വി റീമയാണ് മൂന്ന് വയസുള്ള മകനുമായി പുഴയിലേക്ക് ചാടിയതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ്. കുഞ്ഞിനായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.

പുലർച്ചെ യുവതി കണ്ണൂർ പഴയങ്ങാടി വെങ്ങരയിലെ ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും കുഞ്ഞുമായി ചാടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാലത്തിന് മുകളിൽ നിർത്തിവെച്ച സ്‌കൂട്ടർ കണ്ടതിനെത്തുടർന്ന് ആരെങ്കിലും പുഴയിൽ ചാടിയിട്ടുണ്ടാകുമോ എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചിരുന്നു.

പിന്നാലെ മത്സ്യ തൊഴിലാളികൾ യുവതി പുഴയിൽ ചാടിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞത് മുതൽ നാട്ടുകാരും ഫയർഫോഴ്സും സ്‌കൂബാ ഡൈവർമാരും തിരച്ചിൽ നടത്തി വരികയായിരുന്നു.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. സ്വന്തം വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഇരുചക്രവാഹനത്തിൽ കുട്ടിയുമായി വന്ന റീമ പുഴയിലേക്ക് ചാടുകയായിരുന്നു. പിണങ്ങി കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പുഴയിൽ ചാടാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: Mother jumps into river with child in Kannur; body of woman recovered

We use cookies to give you the best possible experience. Learn more